chandrayaan-2

ബംഗളൂരു: നാളെ വിക്ഷേപിക്കുന്ന ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ലാൻഡറും റോവറും ചന്ദ്രനിൽ സോഫ്‌റ്റ്ലാൻഡ് ചെയ്യുന്നതിന്റെ ട്രയൽ നാല് വർഷം മുൻപ് ചെലക്കരയിൽ ഐ.എസ്.ആർ.ഒ കൃത്രിമമായി നിർമ്മിച്ച കൂറ്റൻ ചന്ദ്രപ്രതലത്തിൽ വിജയകരമായി നടത്തിയിരുന്നു. ചന്ദനിലെ മണ്ണും പ്രതലവും സൂര്യപ്രകാശവും താപനിലയും അന്തരീക്ഷവും കുറഞ്ഞ ഗുരുത്വ ബലവും വരെ കൃത്രിമമായി സൃഷ്‌ടിച്ചായിരുന്നു പരീക്ഷണം.

30 - 40 മീറ്റർ ഉയരവും അത്ര തന്നെ നീളവും വീതിയുമുള്ള കൃത്രിമ പ്രതലത്തിലായിരുന്നു (ലൂണാർ ടെറെയിൻ ടെസ്റ്റ് ഫെസിലിറ്റി) പരീക്ഷണം. ചന്ദ്രനിലേതിന് സമാനമായ മണ്ണും താപനിലയം കുറഞ്ഞ ഗുരുത്വ ബലവും മങ്ങിയ സൂര്യപ്രകാശവും ഈ പ്രതലത്തിൽ ഒരുക്കുകയായിരുന്നു ആദ്യ വെല്ലുവിളി. ചന്ദ്രപ്രതലത്തിലെ മണ്ണ് സംഘടിപ്പിക്കാനായി അടുത്ത ശ്രമം. അമേരിക്കയിൽ ചന്ദ്രനിലെ മണ്ണ് കൃത്രിമമായി നിർമ്മിച്ചിട്ടുണ്ട്. ഭീമമായ വിലയാണ്. ഒരു കിലോയ്‌ക്ക് 150 ഡോളർ.

ഇന്നത്തെ നിരക്കിൽ പതിനായിരത്തിലേറെ രൂപ. മൊത്തം 70 ടൺ മണ്ണ് വേണം. എഴുപത് കോടി രൂപയാകും. അത് താങ്ങാനാവില്ല. സാമ്പിളായി കുറച്ച് അമേരിക്കൻ മണൽ വരുത്തി. അതിന്റെ സവിശേഷതകൾ പഠിച്ചു. കുറഞ്ഞ ചെലവിൽ സ്വന്തം മണ്ണ് ഉണ്ടാക്കണം. ജിയോളജിസ്റ്റുകളെ ചട്ടും കെട്ടി. അവർ തമിഴ്‌നാട്ടിൽ സേലത്തിനടുത്ത് ചന്ദ്രനിലെ മണ്ണിന്റെ ഏകദേശ സവിശേഷതകൾ ഉള്ള പാറ കണ്ടെത്തി. ക്രഷറുകൾ ഉപയോഗിച്ച് പാറ ചന്ദ്രനിലെ മണ്ണിന്റെ 'കണക്കിൽ' പൊടിച്ചു. മണ്ണ് നിരവധി ലോറികളിൽ കയറ്റി ചെലക്കരയിലെ 'ചന്ദ്രശാല'യിൽ എത്തിച്ചു.

പരീക്ഷണ ഘട്ടങ്ങൾ

കൃത്രിമ ചന്ദ്ര പ്രതലത്തിൽ ഈ മണ്ണ് രണ്ട് മീറ്റർ കനത്തിൽ നിരത്തി.

ചന്ദ്രനിലെ സൂര്യപ്രകാശം കൃത്രിമമായി സൃഷ്‌ടിക്കാൻ സ്റ്റുഡിയോകളുടെ സഹായം തേടി.

ഭൂമിയുടെ ഗുരുത്വ ബലത്തിന്റെ 16.5 ശതമാനം മാത്രമാണ് ചന്ദ്രന്റെ ഗുരുത്വ ബലം.

ഒരു മീറ്റർ നീളമുള്ള 'പ്രജ്ഞാൻ' റോവറിന്റെ ഭാരം 27 കിലോഗ്രാം ആണ്.

ഗുരുത്വബലം ശരിയാക്കാനായി ഹീലിയം ബലൂണുകൾ ഉപയോഗിച്ച് റോവറിന്റെ ഭാരം കൃത്രിമമായി കുറച്ചു.

2015ൽ റോവറിന്റെ പരീക്ഷണം തുടങ്ങി.

റോവറുമായി 'വിക്രം' ലാൻഡർ ഇറങ്ങാൻ ചന്ദ്രനിൽ രണ്ട് സ്ഥലങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത് - മാൻസിനസ് - സി ക്രേറ്ററും, സിംപെലിയസ് - എൻ ക്രേറ്ററും.

കൃത്രിമ പ്രതലത്തിൽ ചന്ദ്രഗർത്തങ്ങൾ കൃത്രിമമായി സൃഷ്‌ടിച്ചു.

ലാൻഡറിലെ ഹസാർഡ് ഡിറ്റക്‌ഷൻ ആൻഡ് അവോയ്‌ഡൻസ് സെൻസറുകളാണ് സുരക്ഷിതമായി ഇറങ്ങാൻ സഹായിക്കുന്നത്.

ഇവ പ്രതലത്തിലെ തടസങ്ങൾ തിരിച്ചറിയണം

പ്രതലം സുരക്ഷിതമല്ലെങ്കിൽ ഉടൻ ഉയർന്ന് അടുത്ത സ്ഥലത്തേക്ക് മാറി അവിടെയും ഈ പിശോധനകളെല്ലാം നടത്തണം.

ഒരു ചെറിയ വിമാനത്തിൽ സെൻസറുകൾ ഘടിപ്പിച്ച് ഈ ഗർത്തങ്ങൾക്ക് മീതേ പറന്നു. സെൻസറുകൾ ഇവ തിരിച്ചറിഞ്ഞു.

ചന്ദ്രന്റെ കൃത്രിമപ്രതലം ഒരുക്കാൻ 25കോടിയാണ് ചെലവായത്.