kadakampally-surendran

ബത്തേരി: വയനാട്ടിൽ സാഹസിക വിനോദങ്ങൾ ആസ്വദിച്ച് ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വയനാടിന്റെ വിനോദസഞ്ചാര മേഖലയെ വളർത്താൻ ഉദ്ദേശിച്ച് കൊണ്ടുള്ള ടൂറിസം ഓർഗനൈസേഷന്റെ 'സ്‌പ്ലാഷ് 2019' മൺസൂൺ കാർണിവലിൽ ഭാഗമായാണ് മന്ത്രി വയനാട്ടിലെത്തിയത്.

കാർണിവലിൽ,വയനാടിന്റെ കാഴ്ചകൾ ഉയരത്തിൽ നിന്നും ആസ്വദിക്കാൻ സാധിക്കുന്ന സിപ്‌ലൈനിലെ യാത്ര, മുളച്ചങ്ങാടത്തിൽ കയറിയുള്ള സവാരി എന്നിവ മന്ത്രി ആസ്വദിച്ചു. പ്രളയ വൻതോതിൽ ദുരിതം ഏറ്റുവാങ്ങിയ വയനാട്ടിലെ വിനോദസഞ്ചാര മേഖലയെ ലക്ഷ്യമിട്ടാണ് സ്‌പ്ലാഷ് 2019 സംഘടിപ്പിക്കുന്നത്. ജൂൺ 29ന് ആരംഭിച്ച കാർണിവൽ നാളെയാണ് അവസാനിക്കുന്നത്.

വിനോദസഞ്ചാര മേഖലയ്ക്ക് പ്രാമുഖ്യം നൽകികൊണ്ടുള്ള വികസനത്തിന് 'കണക്റ്റിംഗ് വയനാട്' എന്ന പദ്ധതിയിലൂടെ പ്രചാരം നൽകുമെന്നും മന്ത്രി മാദ്ധ്യമങ്ങളെ അറിയിച്ചു. സ്‌പ്ലാഷ് മഴ മഹോത്സവത്തിന്റെ ഭാഗമായുള്ള 'ബിസിനസ് ടു ബിസിനസ്' എന്ന പരിപാടി ഉത്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ സൗദി അറേബിയയിൽ നിന്നുമുള്ള 18 വിനോദസഞ്ചാര ബ്ലോഗർമാരെ ആദരിച്ചു.

പ്രമുഖ ടൂർ ഓപ്പറേറ്റർമാർ, ബ്ലോഗർമാർ, സംരംഭകരകർ, യാത്രാ ഏജൻസികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മഴ മഹോത്സവത്തിന്റെ ഭാഗമായി നിരവധി കലാ കായിക പരിപാടികളും അരങ്ങേറി. കൂർഗിലെ ടൂറിസം അസോസിയേഷനും പരിപാടിയുടെ ഭാഗമായി.