karnataka-crisis

ബംഗളൂരു: കർണാടകത്തിൽ രാഷ്‌ട്രീയ അനിശ്‌ചിതത്വം തുടരുമ്പോൾ രാജിവച്ച ചില കോൺഗ്രസ് എം.എൽ.എമാർ തിരികെയെത്തുമെന്ന് സൂചനയ്‌ക്കിടെ, വിശ്വാസ വോട്ടെടുപ്പിൽ കുമാരസ്വാമി സർക്കാരിനെ പിന്തുണച്ചില്ലെങ്കിൽ തങ്ങളെ അയോഗ്യരാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് അഞ്ച് വിമത എം.എൽ.എമാർ കൂടി ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചു. രാജി സ്വീകരിക്കാൻ സ്‌പീക്കർ നിർദ്ദേശം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

ഇതോടെ രാജി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച എം.എൽ.എമാരുടെ എണ്ണം 15ആയി. ഇവരുടെ ഹർജികൾ നാളെ പരിഗണിക്കും.

റോഷൻ ബെയ്‌ഗ്, ആനന്ദ് സിംഗ്, കെ. സുധാകർ, എം. നാഗരാജു, മുനിരത്തന എന്നിവരാണ് ഇന്നലെ കോടതിയെ സമീപിച്ചത്. തങ്ങൾ രാജി നേരിട്ട് നൽകിയിട്ടും സ‌്‌പീക്കർ സ്വീകരിച്ചില്ല. സ്വമേധയാ രാജിവച്ച തങ്ങൾക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും അവർ പറഞ്ഞു.

ഹോസ്കോട്ട് എം.എൽ.എയും മന്ത്രിയുമായ എം.ടി.ബി നാഗരാജ് ആണ് രാജി പിൻവലിച്ച് പാർട്ടിയിലേക്കു മടങ്ങുമെന്ന് ഇന്നലെ സൂചിപ്പിച്ചത്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, പി.സി.സി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു എന്നിവരുടെ സമ്മർദ്ദഫലമായാണ് നാഗരാജിന്റെ മനംമാറ്റം. മറ്റു ചിലരും രാജി പിൻവലിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാഗരാജ് രാജി പിൻവലിച്ചാൽ ചിക്കബല്ലപുര എം.എൽ.എ സുധാകറും മടങ്ങിയെത്തുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. സമവായത്തിന് ശ്രമിക്കുന്ന മന്ത്രി ഡി.കെ. ശിവകുമാറും ഇന്നലെ നാഗരാജുമായി സംസാരിച്ചിരുന്നു.

ഭൂരിപക്ഷം തെളിയിക്കാമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി സഭയിൽ പ്രഖ്യാപിച്ചത്, സഖ്യ സർക്കാരിന്റെ പതനം കാത്തിരുന്ന ബി.ജെ.പിയെ അമ്പരപ്പിച്ചിരുന്നു. 16 എം.എൽ.എമാർ രാജിവച്ചതിനെത്തുടർന്ന് ഭൂരിപക്ഷം നഷ്ടമായ ഭരണപക്ഷം എങ്ങനെ വിശ്വാസവോട്ട് നേടുമെന്നാണ് ബി.ജെ.പിയുടെ ചോദ്യം.

അതേസമയം, ഭൂരിപക്ഷം തെളിയിക്കാമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ, എം.എൽ.എമാരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ്- ജെ.ഡി.എസ് നേതൃത്വങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. നാളെ സഭ ചേരുമെങ്കിലും എം.എൽ.എമാരുടെ ഹർജിയിൽ സുപ്രീം കോടതി വീണ്ടും വാദം കേൾക്കുന്നത് ചൊവ്വാഴ്ചയാണ്. അതുകൂടി കഴിഞ്ഞ് ബുധനാഴ്ച വിശ്വാസവോട്ട് തേടാൻ മുഖ്യമന്ത്രിയോട് സ്പീക്കർ ആവശ്യപ്പെട്ടേക്കും. എന്നാൽ, നാളെത്തന്നെ വിശ്വാസവോട്ടിന് ആവശ്യപ്പെടുമെന്ന് ബി.ജെ.പി വ്യക്തമാക്കി.

ഭൂരിപക്ഷം തെളിയിക്കാമെന്ന കുമാരസ്വാമി സർക്കാരിന്റെ വെല്ലുവിളി സ്വീകരിക്കുന്നു. കാത്തിരിക്കാൻ ബി. ജെ. പി തയ്യാറാണ്

--ബി.എസ്. യെദിയൂരപ്പ

പ്രതിപക്ഷത്തിന്റെ അവിശ്വാസം മറികടക്കാനാകും. രാജിവച്ച എം.എൽ.എമാർ തിരികെയെത്തും.

-- കുമാരസ്വാമി

രാജിവച്ച് മുംബയിലേക്കു പോയ കോൺഗ്രസ് എം.എൽ.എമാർ അവിടെ റിനൈസൻസ് ഹോട്ടലിൽത്തന്നെ തുടരുകയാണ്. ബാക്കിയുള്ള എം.എൽ.എമാരെ ബി.ജെ.പി ചാക്കിടാതിരിക്കാൻ കോൺഗ്രസും ജെ.ഡി.എസും ഇവരെ കർണാകടത്തിലെ ചില റിസോർട്ടുകളിലേക്കു മാറ്റി.