തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷത്തെ തുടർന്ന് വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്.എഫ്.ഐ സംസ്ഥാന സമിതിയുടേതാണ് തീരുമാനം. വിദ്യാർത്ഥിയെ കേസിലെ പ്രതികളായ പ്രസിഡന്റ് ശിവരഞ്ജിത്ത്, സെക്രട്ടറി എ.എൻ.നസീം എന്നിവരടക്കം ആറുപേരെ പുറത്താക്കിയതായും സംസ്ഥാന സമിതി അറിയിച്ചു.
യൂണിവേഴ്‌സിറ്റി കോളേജിൽ നടക്കുന്ന തെറ്റായ പ്രവണതകളെ പക്വതയോടെ നേരിടാനോ വിദ്യാർത്ഥികളുടെ പൊതു സ്വീകാര്യത ഉറപ്പുവരുത്തി പ്രവർത്തിക്കാനോ യൂണിറ്റ് കമ്മിറ്റിക്ക് സാധിച്ചില്ലെന്ന് സംസ്ഥാന സമതി അഭിപ്രായപ്പെട്ടു.കാമ്പസിൽ സമാധാന അന്തരീക്ഷം നിലനിറുത്താനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നതെന്ന് സംസ്ഥാന സമിതി പറയുന്നു. ഇതിന് എതിരായി പ്രവർത്തിക്കുന്ന എല്ലാവർക്കുമെതിരെ നടപടിയുണ്ടാവും.
അതേസമയം വിദ്യാർത്ഥിയെ കുത്താനിടയാക്കിയ സംഘർഷം എസ്.എഫ്.ഐ ആസൂത്രിതമായി സൃഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പ്രതികളായ ആരെയും ഇനിയും പിടികൂടാനായില്ല. എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിക്കെതിരെ പ്രതിഷേധിക്കുന്നവരെ വകവരുത്താൻ മനപ്പൂർവം സൃഷ്ടിച്ച സംഘർഷമെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ഇതിനായാണ് പാട്ടുപാടിയതിന്റെ പേരിൽ അഖിലിനെയും സുഹൃത്തുക്കളെയും ഇന്നലെ രാവിലെ മുതൽചീത്തവിളിച്ചും മർദിച്ചും പ്രകോപിപ്പിച്ചത്. അഖിലിനെ ആദ്യം യൂണിയന്‍ ഓഫീസിലിട്ട് മർദ്ദിച്ചു. പിന്നീടാണ് കുത്തുന്ന സാഹചര്യമുണ്ടായത്. യൂണിറ്റ് പ്രസിഡന്റ് നസീമും അമലും ചേർന്ന് പിടിച്ച് വച്ചു. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് കത്തികൊണ്ട് കുത്തിയെന്നും പൊലീസ് കണ്ടെത്തി.
ഇടിമുറിയെന്ന് വിശേഷിപ്പിക്കുന്ന യൂണിയന്‍ ഓഫീസിലും ക്യാംപസിന്റെ വിവിധയിടങ്ങളിലും ദൃക്സാക്ഷികളോടൊപ്പമെത്തിയാണ് പൊലീസ് പരിശോധിച്ചത്. വീടുകളിലടക്കം പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ലെന്നും ജില്ലക്ക് പുറത്തേക്ക് പോയിട്ടുണ്ടാകുമെന്നും പൊലീസ് വിശദീകരിക്കുന്നു.
അതേസമയം പ്രശ്നങ്ങൾ പരിഹരിച്ചെന്ന് എസ്.എഫ്.ഐക്കാർ തെറ്റിദ്ധരിപ്പിച്ചതാണ് പ്രശ്നം വലുതാകാൻ കാരണമെന്ന് പ്രിൻസിപ്പൽ വിശദീകരിച്ചു.പ്രതികളായവരെ കോളജിൽ നിന്ന് പുറത്താക്കിയതായും പ്രിൻസിപ്പൽ അറിയിച്ചു.