തിരുവനന്തപുരം: യൂണിവേഴ്സിറ്റ് കോളേജിൽ യൂണിറ്റ് രൂപീകരിച്ചതായി എ.ഐ.എസ്.എഫ്. അടുത്ത അദ്ധ്യയനദിവസം തന്നെ കൊടിമരം സ്ഥാപിക്കുമെന്നും സംസ്ഥാന വൈസ് പ്രസിഡൻറ് രാഹുൽ രാജ് അറിയിച്ചു. അതേസമയം എസ്.എഫ്.ഐയുടെ ഏകാധിപത്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എസ്.എഫ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കുത്തേറ്റ അഖിലിനോട് എസ്.എഫ്.ഐ ഭാരവാഹികൾ ശിരസും കുനിച്ച് മാപ്പപേക്ഷിക്കണമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. അക്രമത്തിന്റെ മനംമടുപ്പിക്കുന്ന നാറ്റത്തിന്റെ സ്വർഗത്തെക്കാൾ നല്ലത് സമ്പൂർണ പരാജയത്തിന്റെ നരകമാണ്. നാറ്റംപേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ യൂണിവേഴ്സിറ്റി കോളജിലെ അക്രമികൾ എ.കെ.ജി സെന്ററിലുണ്ടെന്നും അവിടെക്കയറി പിടികൂടാൻ പൊലീസ് ധൈര്യം കാണിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഒന്നാം നമ്പർ ക്രിമിനലുകളുള്ള കോളേജിന് യുജിസിയുടെ ഉന്നത അംഗീകാരം കിട്ടിയത് എങ്ങിനെയാണെന്ന് പരിശോധിക്കണമെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ ആവശ്യപ്പെട്ടു.