nikhila

ആറ്റിങ്ങൽ: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐക്കാരുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് ഇവരുടെ സദാചാര ആക്രമണത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി. കോളേജ് പ്രിൻസിപ്പൽ ഇവരെ നിലയ്ക്ക് നിർത്താൻ നേരത്തെ തയാറായിരുന്നുവെങ്കിലും അഖിലിനെതിരെയുള്ള ഉള്ള അക്രമം നടക്കുകയില്ലായിരുന്നുവെന്നും കോളേജിലെ മുൻ വിദ്യാർത്ഥിനിയായ നിഖില മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഒന്നാം വർഷ വിദ്യാർത്ഥികളെ കോളേജിലെ എസ്.എഫ്.ഐക്കാർ ക്യാന്റീനിൽ കയറാൻ അനുവദിക്കാറില്ലെന്നും വാലൻന്റൈൻസ് ദിനത്തിൽ കോളേജ് യൂണിയൻ നടത്തിയ പരിപാടിയിൽ നിന്നും പുറത്തിറങ്ങിയ തങ്ങളെ അവർ കൈയേറ്റം ചെയ്തുവെന്നും നിഖില പറയുന്നു. പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ തുനിഞ്ഞ തന്നെ പ്രവർത്തകർ തടഞ്ഞു വച്ചുവെന്നും മറ്റ് പെൺകുട്ടികളെ കടത്തി വിടുന്നത് ചോദ്യം ചെയ്തപ്പോൾ അവർ തന്നോട് അശ്ലീലം പറഞ്ഞുവെന്നും നിഖില ഓർക്കുന്നു. 'വീട്ടിലേക്ക് തന്നെയാണോ പോകുന്നതെന്ന് ആർക്കാറിയാം' എന്നായിരുന്നു നിഖിലയോടു ഇവർ ചോദിച്ചത്.

പാർട്ടി നേതാക്കളും കോളേജ് പ്രിൻസിപ്പലും തമ്മിലുള്ള ഒത്തുകളികളാണ് കോളേജിലെ കുഴപ്പത്തിനെല്ലാം കാരണമെന്നും അഖില ആരോപിച്ചു. താൻ നൽകിയ പരാതികൾ അന്നത്തെ പ്രിൻസിപ്പൽ അനിൽകുമാർ കണക്കിലെടുത്തില്ലെന്നും നിഖില പറഞ്ഞു. ക്ലാസ് ദിനങ്ങൾ നഷ്ടപ്പെടുത്തുന്നത് ചോദ്യം ചെയ്ത തന്നെ എസ്.എഫ്.ഐ ഒറ്റപെടുത്തിയെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും അതിനാലാണ് താൻ ആത്മഹത്യക്ക് ശ്രമിച്ചതെന്നും നിഖില പറഞ്ഞു. തന്റെ ജീവൻ കളഞ്ഞിട്ടായാലും മറ്റ് വിദ്യാർത്ഥികൾക്ക് നല്ലത് വരണം എന്നാണ് അന്ന് താൻ ആഗ്രഹിച്ചതെന്ന് നിഖില വിശദീകരിച്ചു.