പനാജി: കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന കോൺഗ്രസ് എം.എൽ.എമാരിൽ മൂന്നുപേരെ ഉൾപ്പെടുത്തി ഗോവയിൽ മന്ത്രിസഭാ വികസനം നടപ്പാക്കി. കോൺഗ്രസിന്റെ പ്രതിപക്ഷ നേതാവായിരുന്ന ചന്ദ്രകാന്ത് കാവ്‌ലേക്കർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജെന്നിഫര്‍ മോൺസെരാട്ടെ, ഫിലിപെ നെരി റോഡ്രിഗസ് എന്നിവരും ബി.ജെ.പി നേതാവും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന മൈക്കൾ ലോബോയുമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മറ്റുമന്ത്രിമാർ.
ചന്ദ്രകാന്ത് കാവ്‌ലേക്കറിന്റെ നേതൃത്വത്തിൽ 10 കോൺഗ്രസ് എം.എൽ.എമാർ ബുധനാഴ്ചയാണ് ബി.ജെ.പിയിലേക്ക് കൂറുമാറിയെത്തിയത്.
അതേസമയം ബി.ജെ.പി സഖ്യകക്ഷിയും ഗോവ ഫോർവേഡ് പാര്‍ട്ടിയുടെ മൂന്ന് അംഗങ്ങളോടും സ്വതന്ത്ര അംഗമായ റോഹൻ ഖൗണ്ടേയോടും മന്ത്രിസ്ഥാനം രാജിവയ്ക്കാൻമുഖ്യമന്ത്രി നിർദേശിച്ചു. . ഉപമുഖ്യമന്ത്രി വിജയ് സർദേശായി, വിനോദ് പാലിനേക്കർ, ജയേഷ് സൽഗോകർ എന്നിവരാണ് മന്ത്രിസഭയിലെ ഗോവ ഫോർവേർഡ് പാർട്ടി പ്രതിനിധികൾ.
മന്ത്രിമാരെ പുറത്താക്കിയ നടപടിയിൽ ജി.എഫ്.പി. അംഗവും മന്ത്രിസഭയില്‍ൽ നിന്ന് പുറത്താക്കപ്പെട്ടയാളുമായ വിജയ് സർദേശായി രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. ബി.ജെ.പി തങ്ങളെ പിന്നിൽനിന്ന് കുത്തിയെന്നും അദ്ദേഹം ആരോപിച്ചു. 2017 ഫെബ്രുവരിയിൽ സർക്കാരുണ്ടാക്കിയ അന്നുമുതൽ ബി.ജെ.പി.യുടെ സഖ്യകക്ഷിയാണ് പ്രാദേശിക പാർട്ടിയായ ജി.എഫ്.പി.