goa

പനാജി: കോൺഗ്രസിൽ നിന്നു കൂറുമാറിയെത്തിയ മൂന്ന് പേരുൾപ്പെടെ നാല് എം.എൽ.എ.മാരെ ചേർത്ത് ഗോവ മന്ത്രിസഭ വികസിപ്പിച്ചു. കോൺഗ്രസിൽ നിന്ന് കൂറുമാറിയ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ്‌ലേകർ, ജെന്നിഫർ മോൺസെരാട്ടെ, ഫിലിപെ നെരി റോഡ്രിഗസ് എന്നിവരും ഡെപ്യൂട്ടി സ്പീക്കറായിരുന്ന മൈക്കൽ ലോബോയുമാണ് രാജ്‌ഭവനിൽ ഗവർണർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്. ചന്ദ്രകാന്ത് കവ്‌ലേകർ ഉപമുഖ്യമന്ത്രിയാണ്.
പുതിയവരെ ഉൾപ്പെടുത്താനായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് നാലു മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ബി.ജെ.പി.യുടെ സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടിയിലെ (ജി.എഫ്.പി.) ഉപമുഖ്യമന്ത്രി വിജയ് സർദേശായി, ഫിഷറീസ് മന്ത്രി വിന്ദോ പാലിയേൻകർ, ഭവനമന്ത്രി ജയേഷ് സാൽഗാവോങ്കർ, സ്വതന്ത്ര അംഗവും റവന്യൂ മന്ത്രിയുമായ പോർവോരിം റോഹൻ കൗന്തേ എന്നിവർക്കാണ് മന്ത്രി പദം നഷ്ടമായത്.

ക്രൂഷ്‌ചേവ് മോഡലെന്ന് സർദേശായി

റഷ്യയിൽ സ്റ്റാലിന്റെ മരണത്തിന് ശേഷം എത്തിയ ക്രൂഷ്‌ചേവ് നടപ്പാക്കിയ ഡി സ്റ്റാലിനൈസേഷന് തുല്യമാണ് ഗോവയിലെ പുതിയ സംഭവ വികാസങ്ങളെന്ന് ജി.എഫ്.പി. അംഗവും മന്ത്രിസഭയിൽ നിന്ന് പുറത്താക്കപ്പെട്ടയാളുമായ വിജയ് സർദേശായി ആരോപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ പൈതൃകത്തെ പൂർണമായും തുടച്ചുനീക്കാനാണ് നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നീക്കം. ബി.ജെ.പി തങ്ങളെ പിന്നിൽനിന്ന് കുത്തി.- അദ്ദേഹം പറഞ്ഞു.

2017 ഫെബ്രുവരിയിൽ സർക്കാരുണ്ടാക്കിയ അന്നുമുതൽ ബി.ജെ.പി.യുടെ സഖ്യകക്ഷിയാണ് പ്രാദേശിക പാർട്ടിയായ ജി.എഫ്.പി.

ചന്ദ്രകാന്ത് കവ്‌ലേകറിന്റെ നേതൃത്വത്തിൽ 10 കോൺഗ്രസ് എം.എൽ.എ.മാർ ബുധനാഴ്ചയാണ് ബി.ജെ.പിയിലേക്ക് കൂറുമാറിയത്. ഇവരുടെ കൂറുമാറ്റത്തിൽ നിർണായക പങ്കുവഹിച്ചത് ലോബോയാണ്.

കക്ഷിനില

ആകെ സീറ്റ് 40

ബി.ജെ.പി 27

കോൺഗ്രസ് 5

ജി.എഫ്.പി 3

സ്വതന്ത്രർ 3

എൻ.സി.പി 1

മറ്റുള്ളവർ 1