തിരുവനന്തപുരം: വെള്ളിയാഴ്ച യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സംഘർഷത്തിൽ സ്വന്തം പാർട്ടിക്കാരനായ അഖിലിനെ കുത്തി പരിക്കേൽപ്പിച്ച എസ്.എഫ്.ഐയ്ക്കെതിരെ ട്രോളുമായി ഷാഫി പറമ്പിൽ എം.എൽ.എ. കുത്താൻ വേറെ ആളെ കിട്ടാതെ വന്നപ്പോഴാണ് അവർ സ്വന്തം പാർട്ടിക്കാരനെ തന്നെ കുത്തിയതായി ഷാഫി പറമ്പിൽ പരിഹസിക്കുന്നത്. ജർമ്മൻ ദൈവശാസ്ത്രജ്ഞനും വാദികനുമായ മാർട്ടിൻ നീമൊള്ളറുടെ 'അവരാദ്യം എനിക്കായി വന്നു' എന്ന കവിതയ്ക്ക് പാരഡി ചമച്ചുകൊണ്ടാണ് ഷാഫിയുടെ പരിഹാസം. എസ്.എഫ്.ഐക്കാരും ഇടതുപക്ഷത്തിനോട് ആഭിമുഖ്യമുള്ളവരും പലപ്പോഴും ഉദ്ധരിക്കാറുള്ള വരികളാണ് നീമൊള്ളരുടേത്. കോളേജിൽ നടന്ന സംഭവങ്ങൾ വിവരിക്കുന്ന ദൃശ്യ മാദ്ധ്യമ റിപ്പോർട്ടിനൊപ്പമാണ് ഈ വരികൾ ഷാഫി പറമ്പിൽ എം.എൽ.എ കുറിച്ചത്.
എസ്.എഫ്.ഐയെ പരിഹസിച്ചുകൊണ്ടുള്ള ഷാഫിയുടെ കവിതാ പാരഡി ചുവടെ
'ആദ്യം അവർ കെ എസ് യു ക്കാരെ കുത്തി
പിന്നെ മറ്റു പാർട്ടിക്കാരെ കുത്തി
പിന്നീട് അവർ AISF കാരെ കുത്തി
ഒടുവിൽ യൂണിവേഴ്‌സിറ്റി കോളേജ് ആയതോണ്ട് കുത്താൻ വേറെ ആളെ പെട്ടെന്ന് കിട്ടാതെ വന്നപ്പോ SFIക്കാരനെ തന്നെ കുത്തി . സഹപാഠികൾ മാധ്യമങ്ങളിലൂടെ പറഞ്ഞത് അനുസരിച്ചാണേൽ SFI കൊടിയുമെടുത്ത് ആദ്യം ഇറങ്ങുന്നവനെ തന്നെ ..
സ്വാതന്ത്ര്യം
ജനാധിപത്യം
സോഷ്യലിസം
ഓരോ ലോഡ് വീതം കൊടിയിൽ വെച്ചാ മതി ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം ഇനിയും കനക്കും'