terrorist-attack

കിസ്‌മായോ: സൊമാലിയയിലെ കിഴക്കൻ തീരദേശ നഗരമായ കിസ്‌മായോയിലെ പ്രധാന ഹോട്ടലായ മെദിനയിൽ നടന്ന ചാവേറാക്രമണത്തിൽ മൂന്ന് മാദ്ധ്യമ പ്രവർത്തകർ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടു. 56 പേർക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച വൈകിട്ടോടെ സ്ഫോടകവസ്തുക്കൾ നിറച്ച കാറുമായി അക്രമികൾ ഹോട്ടലിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ തദ്ദേശവാസികൾക്കു പുറമേ ഒരു ബ്രിട്ടീഷുകാരൻ, മൂന്നു കെനിയക്കാർ, രണ്ട് അമേരിക്കക്കാർ, ഒരു കാനഡ സ്വദേശി എന്നിവരും ഉൾപ്പെടുന്നുവെന്ന് അധികൃതർ അറിയിച്ചു.

ആക്രമണത്തിൽ പങ്കെടുത്ത നാലു പേർ വെടിവയ്പിൽ കൊല്ലപ്പെട്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. കനേഡിയൻ സൊമാലി മാദ്ധ്യമപ്രവർത്തക ഹൊദാൻ നലയ്യാഹ്, ഭർത്താവ് ജമ സുലൈമാൻ എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം അൽ–ഷബാബ് ഭീകരസംഘടന ഏറ്റെടുത്തു. സൊമാലിയയിൽ അടുത്തിടെ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ നേതാക്കളും വ്യവസായികളുമായിരുന്നു ഹോട്ടലിൽ ഉണ്ടായിരുന്നവരിൽ അധികവും.

സൊമാലിയൻ ഭീകരസംഘടനയായ അൽ–ഷബാബ് 2012ൽ ഭീകരസംഘടനയായ അൽ ക്വ ഇദയുമായി സഖ്യത്തിലേർപ്പെട്ടിരുന്നു. ഇവർ സൊമാലിയൻ സർക്കാരിനെ അട്ടിമറിക്കാൻ ഒരു ദശകത്തിലേറെയായി നടത്തിവരുന്ന ചാവേറാക്രമണങ്ങളുടെയും ബോംബ് സ്ഫോടന പരമ്പരകളുടെയും നിരയിൽ അവസാനത്തേതാണ് കഴി‍ഞ്ഞ ദിവസം മെദീന ഹോട്ടലിൽ അരങ്ങേറിയത്.