നോയ്ഡ (യു.പി): അനധികൃത രേഖകളുമായി രാജ്യത്ത് തങ്ങിയതിന് പിടിയിലായ 60 വിദേശികളിൽ 17 പേർ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. നാടുകടത്തുന്നതിനു മുന്നോടിയായി പാർപ്പിച്ചിരുന്ന സർജാപൂരിലെ പൊലീസ് കെട്ടിടത്തിൽ നിന്നാണ് വ്യാഴാഴ്ച രാത്രി വിദേശികൾ രക്ഷപ്പെട്ടത്.
9 രാജ്യങ്ങളിൽ നിന്നുള്ള 60 വിദേശികളെയാണ് കഴിഞ്ഞ ദിവസം കാലാവധി കഴിഞ്ഞ പാസ്പോർട്ടും വിസയുമായി പിടികൂടിയത്. കെട്ടിടത്തിലെ കുളിമുറിയുടെ ജനൽ തകർത്താണ് സംഘം രക്ഷപ്പെട്ടത്. നൈജീരിയ, കെനിയ, ടാൻസാനിയ, സാംബിയ, ഐവറി കോസ്റ്റ്, അംഗോള തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് പിടികൂടിയത്. ഇതിൽ ഇരുപത്തിയെട്ട് പേർ സ്ത്രീകളാണ്. യഥാർത്ഥ യാത്രാരേഖകൾ ഹാജരാക്കിയ 12 പേരെ പൊലീസ് വിട്ടയച്ചിരുന്നു. ഇവർ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് 222 ബിയർ കുപ്പികൾ, മൂന്നര കിലോ ഗ്രാം കഞ്ചാവ്, ആറ് ലാപ്ടോപ്പുകൾ, 114 സിംകാർഡുകൾ എന്നിവ പൊലീസ് കണ്ടെടുത്തു. രക്ഷപ്പെട്ടവർക്കായുള്ള തെരച്ചിൽ തുടങ്ങിയതായി ഗൗതംബുദ്ധ് നഗർ സീനിയർ എസ്.പി വൈഭവ് കൃഷ്ണ പറഞ്ഞു.