വിംബിൾഡൺ വനിതാ കിരീടം സിമോണ ഹാലെപിന്
ലണ്ടൻ:യു.എസ് സൂപ്പർ താരം സെറീന വില്യംസിനെ കീഴടക്കി റുമാനിയൻ സെൻസേഷൻ സമോണ ഹാലെപ് വിംബിൾഡൺ കിരീടത്തിൽ മുത്തമിട്ടു. വിംബിൾഡൺ കിരീടം സ്വന്തമാക്കുന്ന ആദ്യ റുമാനിയൻ താരമെന്ന റെക്കാഡും ഹാലെപ് ഈ കിരീട നേട്ടത്തോടെ സ്വന്തമാക്കി. മാർഗരറ്റ് കോർട്ടിന്റെ 24 ഗ്രാൻഡ് സ്ലാം കിരീടനേട്ടത്തിനൊപ്പമെത്താനിറങ്ങിയ സെറീനയെ വെറും 56 മിനിറ്റിൽ നേരിട്ടുള്ള സെറ്റുകളിൽ 6-2, 6-2ന് വീഴ്‌ത്തിയാണ് ഹാലെപ് കിരീടം സ്വന്തമാക്കിയത്.
സെറീനയ്ക്ക് ഒരു അവസരവും നൽകാതെയായിരുന്നു ഫൈനലിൽ ഹാലെപിന്റെ പടയോട്ടം. ആദ്യ പതിനൊന്ന് മിനിറ്റിൽ തന്നെ ഹാലെപ് ആദ്യ സെറ്റിൽ 4-0ത്തിന് മുന്നിലെത്തി. 26 മിനിറ്റിനുള്ളിൽ 6-2ന് ഹാലെപ് ആദ്യ സെറ്ര് സ്വന്തമാക്കുകയായിരുന്നു.
2018ലെ ഫ്രഞ്ച് ഓപ്പണാണ് ഇരുപത്തേഴ്കാരിയായ ഹാലെപ് ആദ്യമായി സ്വന്തമാക്കിയ ഗ്രാൻഡ് സ്ലാം കിരീടം.
വിശ്വസിക്കാനാകുന്നില്ല. ഇത് ശരിക്കും സ്‌പെഷ്യലാണ്. ഈ ദിവസം ഞാൻ മറക്കില്ല.
ഹാലെപ്
ഫെഡറർ -ജോക്കോവിച്ച് ഫൈനൽ
പുരുഷ സിംഗിൾസിൽ സ്വിസ് ഇതിഹാസതാരം റോജർ ഫെഡററും . ലോക ഒന്നാം നമ്പർതാരം നൊവാക്ക് ജോക്കോവിച്ചും തമ്മിലുള്ള ഫൈനൽ പോരാട്ടം ഇന്ന് നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 6.30 മുതലാണ് മത്സരം. ക്ലാസിക് സെമി പോരാട്ടത്തിൽ സ്പാനിഷ് സെൻസേഷൻ റാഫേൽ നദാലിനെ -6, 6-1, 6-3, 6-4ന് വീഴ്ത്തിയാണ് ഫെഡറർ ഫൈനലിലെത്തിയത്. റോബർട്ടോ ബൗറ്രിസ്റ്റ അഗട്ടിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ 6-2, 4-6, 6-3, 6-2ന് വീഴ്ത്തിയാണ് ജോക്കോവിച്ച് കലാശക്കളിക്ക് യോഗ്യത നേടിയത്.
2-ാം ഗ്രാൻഡ്സ്ലാം കിരീടങ്ങൾ ഹാലെപ് സ്വന്തമാക്കി കഴിഞ്ഞു
2018ലെ ഫ്രഞ്ച് ഓപ്പണാണ് ഹാലെപ് സ്വന്തമാക്കിയ ആദ്യ ഗ്രാൻഡ്സ്ലാം
24 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ എന്ന നേട്ടത്തിലെത്താൻ സെറീന ഇനിയും കാത്തിരിക്കണം