university-college

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ അഖിലിനെ കുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികളായ ആർ.ശിവരഞ്ജിത്തും എ.എൻ. നസീമും അതേ കോളേജിൽ പി.എസ്.സി പരീക്ഷയെഴുതി പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ മുന്നിലെത്തിയതിൽ അസ്വാഭാവികതയുണ്ടെന്ന് ആരോപണമുയർന്നു. ആറ്റുകാൽ സ്വദേശി ആർ.ശിവരഞ്ജിത്ത് കെ.എ.പി നാലാം സായുധ ബറ്റാലിയനിലെ കോൺസ്റ്റബിൾ പരീക്ഷയിൽ ഒന്നാം റാങ്കുകാരനാണ്. 91.91മാർക്കാണുള്ളത്. ഇതിൽ 13.58 സ്പോർട്സിലെ വെയ്‌റ്റേജ് മാർക്കാണ്. മൈനസ് മാർക്കുള്ള പരീക്ഷയിൽ വർഷങ്ങളോളം പരിശീലനം നേടിയ സമർത്ഥരായ ഉദ്യോഗാർത്ഥികൾക്കു പോലും ഇത്രയും മാർക്കു നേടുക ദുഷ്‌കരമാണ്.

നസീമിന് 65.33 മാർക്കോടെ 28-ാം റാങ്കാണ്. കാസർകോട് ജില്ലയിൽ അപേക്ഷിച്ചിരുന്ന ഇവർക്ക് യൂണിവേഴ്സിറ്റി കോളേജ് പരീക്ഷാകേന്ദ്രമായി ലഭിച്ചതിലും ഇത്രയധികം മാർക്ക് ലഭിച്ചതിലും അസ്വാഭാവികതയുണ്ടെന്ന് പൊലീസുകാർ പറയുന്നു. സർവകലാശാലാ പരീക്ഷകൾക്ക് ഇവരുൾപ്പെടെ നേതാക്കൾ മൊബൈൽ ഫോണുമായി എത്താറുണ്ടെന്നും ജനൽ വഴി ഉത്തരക്കടലാസ് പുറത്തേക്ക് നൽകാറുണ്ടെന്നും വിദ്യാർത്ഥികൾ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ജൂലായ് 1നാണ് റാങ്ക് ലിസ്​റ്റ് നിലവിൽവന്നത്. നിയമന ശുപാർശ താമസിയാതെ അയച്ചു തുടങ്ങും.