കണ്ണൂർ: സി.പി.എം തങ്ങൾക്കെതിരെ അപവാദ പ്രചാരണം നടത്തുന്നുവെന്ന് ആത്മഹത്യ ചെയ്ത ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ഭാര്യ ബീന. പാർട്ടി മുഖപത്രമാണ് തങ്ങൾക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കുന്നതെന്നും ബീനയും ഇവരുടെ മക്കളും പറയുന്നു. പാർട്ടി പത്രത്തിനെതിരെ തങ്ങൾ നിയമനടപടി സ്വീകരിക്കുമെന്നും അപവാദങ്ങൾ തുടർന്നാൽ ആത്മഹത്യ ചെയ്യുകയല്ലാതെ വേറെ വഴികളൊന്നും തങ്ങൾക്ക് മുൻപിലില്ലെന്നും ബീന പറയുന്നു.കുട്ടികളുടെ പേരിലും പത്രം അപവാദങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ബീന പറഞ്ഞു.
തന്റെ സ്ഥാപനമായ പാർത്ഥ കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തത് കാരണമല്ല സാജൻ ആത്മഹത്യ ചെയ്തതെന്നായിരുന്നു പാർട്ടി മുഖപത്രം റിപ്പോർട്ട് ചെയ്തിരുന്നത്. ഇക്കാര്യം പോലീസിന്റെ അന്വേഷണ റിപ്പോർട്ടിലുണ്ടെന്നും പത്രം പറയുന്നു. സാജന്റെ പേരിലുള്ള സിം കാർഡുകളിൽ ഒരെണ്ണം അദ്ദേഹമല്ല ഉപയോഗിച്ചിരുന്നതെന്നും ഇതിനെകുറിച്ച് പൊലീസ് നടത്തിയ അന്വേഷണം വഴിത്തിരിവായെന്നും പത്രത്തിലുണ്ട്. ഈ സിമ്മിലേക്ക് വന്ന മൻസൂർ എന്നയാളുടെ കോളുകളെ സംബന്ധിച്ച പ്രശ്നങ്ങളെ തുടർന്നാണ് സാജൻ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും പാർട്ടി മുഖപത്രം പറയുന്നു.
ഇങ്ങനെ അപവാദം പ്രചരിപ്പിക്കുന്നവർ തന്റെ മകളെ കുറിച്ചെങ്കിലും ഓർക്കണം. കുട്ടികൾ തനിക്കെതിരെ മൊഴി നൽകി എന്നുള്ള വാർത്ത വാസ്തവവിരുദ്ധമാണ്. വീട്ടിൽ ഒരു തരത്തിലുമുള്ള കുടുംബ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. ലോകത്തിന്റെ ഗതിവിഗതികൾ ഒരുപാട് കണ്ട തന്റെ ഭർത്താവ് ഒരിക്കലും ആത്മഹത്യ ചെയ്യില്ല. കുടുംബപ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് മകൾ മൊഴി നൽകിയിട്ടില്ല. പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നാണ് അവൾ പറഞ്ഞത്. റെക്കോർഡുകൾ പരിശോധിച്ചാൽ ഇക്കാര്യം മനസിലാകും. ബീന പറയുന്നു. താൻ കുടുംബപ്രശ്നങ്ങൾ ഉള്ളതായി മൊഴി നൽകിയിട്ടില്ലെന്ന് ബീനയുടെ മകളും പറയുന്നു.