ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട വൻ പരാജയത്തിന് ശേഷം ചെലവാക്കാൻ പണമില്ലാതെ നട്ടംതിരിഞ്ഞ് കോൺഗ്രസ്. കോൺഗ്രസിന്റെ സംസ്ഥാന ഘടകങ്ങളിൽ പണത്തിന് കടുത്ത ദൗർലഭ്യം നേരിടുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതിനെ തുടർന്ന് കോൺഗ്രസിന്റെ പല വിഭാഗങ്ങൾക്കും ചിലവ് വെട്ടിച്ചുരുക്കണമെന്ന നിർദ്ദേശം ലഭിച്ചിട്ടുണ്ട്. കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന പലർക്കും ഇനിയും മാസശമ്പളം ലഭിച്ചിട്ടില്ല.
ഇതിനോടകം കോൺഗ്രസ് സേവാ ദളിന്റെ ബഡ്ജറ്റ് 2.5 ലക്ഷത്തിൽ നിന്നും രണ്ട് ലക്ഷമാക്കി കുറച്ചിട്ടുണ്ട്. ഇത് കൂടാതെ എൻ.എസ്.യു.ഐ, വനിതാ വിഭാഗം, യൂത്ത് കോൺഗ്രസ് എന്നിവരും തങ്ങളുടെ ചിലവ് വെട്ടിക്കുറച്ചു. ചെലവ് ചുരുക്കലിന്റെ ഭാഗമായി പാർട്ടിയുടെ ഡാറ്റ ഇന്റലിജൻസ് വിഭാഗത്തെ എടുത്ത് കളയാൻ വരെ കോൺഗ്രസ് ആലോചിക്കുന്നുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തോടെ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വിഭാഗത്തിൽ നിന്നും 20 പേരാണ് വിട്ടുപോയത്. ഇതും സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. 55 പേരുണ്ടായിരുന്ന ടീമിൽ ഇപ്പോൾ 35 പേര് മാത്രമേയുള്ളൂ. ഇവർക്കാണെങ്കിൽ ശമ്പളവും ലഭിക്കുന്നില്ല. പാർട്ടിയുടെ മാദ്ധ്യമ വിഭാഗവും ഇതേ അവസ്ഥയിൽ തന്നെയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ച തിരിച്ചടിക്ക് ശേഷമാണ് കോൺഗ്രസ് ഈ ദുസ്ഥിതിയിൽ എത്തിയിരിക്കുന്നത്.