cricket-final

ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ന് ഇംഗ്ലണ്ട് - ന്യൂസിലൻഡ് പോരാട്ടം

ലോഡ്സ്: ക്രിക്കറ്റിന്റെ മക്കയെന്നറിയപ്പെടുന്ന ലോഡ്സിൽ ഇന്ന് ഏകദിന ക്രിക്കറ്റിലെ പുതിയ രാജാക്കൻമാരുടെ പട്ടാഭിഷേകം. ലോഡ്സിൽ ഇന്ന് നടക്കുന്ന ലോകകപ്പ് ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടും കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ന്യൂസിലൻഡും തമ്മിൽ ഏറ്രുമുട്ടും. ക്രിക്കറ്റ് ലോകം മുഴുവൻ ആകാംഷയോടെ കാത്തിരിക്കുന്ന മത്സരം ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മുതലാണ്. സെമിയിൽ ആസ്ട്രേലിയയെ എട്ട് വിക്കറ്രിന് കീഴടക്കിയാണ് ഇംഗ്ലണ്ട് കലാശപ്പോരിന് കച്ച കെട്ടുന്നത്. മറുവശത്ത് ന്യൂസിലൻഡ് കരുത്തരായ ഇന്ത്യയെ 18 റൺസിന് സെമിയിൽ വീഴ്ത്തിയാണ് ഫൈനലിൽ എത്തിയത്. ഇതുവരെ ആറാഴ്ചയും നാല്പത്തേഴ് മത്സരങ്ങളും നീണ്ടു നിന്ന ലോകകപ്പ് പോരാട്ടത്തിനാണ് ഇന്നത്തെ കലാശപ്പോരോടെ അവസാനമാകുന്നത്. ഫൈനലിലെത്തിയ രണ്ട് ടീമും ഇതുവരെ ലോക കിരീടം സ്വന്തമാക്കാത്ത ടീമുകളാണ്. ഇത് ന്യൂസിലൻഡിന്റെ രണ്ടാം ഫൈനലും ഇംഗ്ലണ്ടിന്റെ നാലാം ഫൈനലുമാണ്. കഴിഞ്ഞ വർഷം ന്യൂസിലൻഡ് ഫൈനലിൽ എത്തിയിരുന്നെങ്കിലും ആസ്ട്രേലിയയോട് തോൽക്കുകയായിരുന്നു. 27 വർഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് ഏകദിന ലോകകപ്പിന്റെ ഫൈനൽ കളിക്കുന്നത്. 1992ലാണ് ഇതിന് മുമ്പ് ഇംഗ്ലണ്ട് ഫൈനൽ കളിച്ചത്. അന്ന് പാകിസ്ഥാനോട് അവർ തോറ്രു. ഇതുവരെയും ലോകകപ്പ് ഫൈനലിൽ ഭാഗ്യം തുണച്ചിട്ടില്ലാത്ത ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ ഇന്ന് വിജയം ആർക്കൊപ്പമായിരിക്കും എന്ന ആകാംഷയിലാണ് ആരാധകർ.

ഇരച്ചുകയറാൻ ഇംഗ്ലണ്ട്

സ്വന്തം കാണികൾക്ക് മുന്നിൽ കപ്പുയർത്താനുള്ള സുവർണ അവസരമാണ് ഇംഗ്ലണ്ടിന് ഇത്തവണ ലഭിച്ചിരിക്കുന്നത്. ഗാലറിയുടെ പിന്തുണയോടെ ഇത്തവണ കപ്പിൽ മുത്തമിടാമെന്ന് തന്നെയാണ് ഒയിൻ മോർഗന്റെയു സംഘത്തിന്റെയും പ്രതീക്ഷ. സമീപകാലത്തെ ഏറ്രും മികച്ച ഇംഗ്ലണ്ട് ടീമാണ് ഇത്തവണത്തെ ലോകകപ്പിൽ കളിക്കുന്നത്. റാങ്കിംഗിലും മുന്നിലുള്ള അവർ ടൂർണമെന്റിലെ ഫേവറിറ്രുകൾ തന്നെയായിരുന്നു. പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ ഓപ്പണർ ജാസൻ റോയ്‌യുടെ ഫോം ഇംഗ്ലണ്ടിന് അനുകൂല ഘടകമാണ്. ഒരു ലോകകപ്പിൽ തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടിയ ആദ്യ ഇംഗ്ലീഷ് താരമായ ജോണി ബെയർസ്റ്റോ, റൺമെഷീൻ ജോ റൂട്ട് നായകൻ മോർഗൻ എന്നിവരെല്ലാം ബാറ്രിംഗിൽ താളം നിലനിറുത്തിയാൽ ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമാകും. ആർച്ചറും വുഡും സ്റ്രോക്സുമെല്ലാം ഉൾപ്പെട്ട ബൗളിംഗ് നിരയും അപകടകാരികളാണ്. ബെയർസ്റ്രോയുടെ പരിക്ക് ആശങ്ക പകരുന്നുണ്ടെങ്കിലും അദ്ദേഹം കളിക്കുമെന്ന് തന്നെയാണ് റിപ്പോർട്ട്.

സാധ്യതാ ടീം: റോയ്, ബെയർസ്റ്രോ, റൂട്ട്. മോർഗൻ, സ്റ്റോക്സ്, ബട്ട്‌ലർ, വോക്സ്, പ്ലങ്കറ്റ്,റഷീദ്, ആർച്ചർ, വുഡ്.
കൊത്തിപ്പറക്കാൻ കിവികൾ

കഴിഞ്ഞ തവണ ഫൈനലിൽ സംഭവിച്ച പിഴവുകൾ ഇത്തവണ ആവർത്തിക്കാതിരിക്കാനുറച്ചാണ് കിവീസ് കളത്തിലിറങ്ങുന്നത്. കേൻ വില്യംസണിന്റെ നേതൃത്വത്തിൽ കിരീടമുയർത്താൻ കഴിയുമെന്ന് തന്നെയാണ് ന്യൂസിലൻഡ് ആരാധകരുടെ പ്രതീക്ഷ. ബാറ്രിംഗിനെക്കാൾ ബൗളിംഗാണ് ഈ ലോകകപ്പിൽ കിവികൾക്ക് തുണയായത്. കേൻ വില്യംസണിന്റെ ചുമലിലേറി തന്നെയാണ് ബാറ്റിംഗിൽ കിവീസിന്റെ പ്രയാണം. വെറ്റ്‌റൻ റോസ് ടെയ്ലറും തിളങ്ങുന്നുണ്ട്. എന്നാൽ ഇനിയും താളം കണ്ടെത്തിയിട്ടില്ലാത്ത ഓപ്പണിംഗാണ് അവരുടെ പ്രധാന തലവേദന. വമ്പനടിക്കാരായ ഗപ്‌ടിലും നിക്കോളാസും ഫോമിലേക്കുയരാത്തത് അവരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. ബൗളിംഗിൽ ബൗൾട്ട്, ഫെർഗൂസൻ, ഹെൻറി എന്നിവരെല്ലാം മികച്ച ഫോമിലാണെന്നതാണ് ന്യൂസിലൻഡിന്റെ പ്രധാന ആശ്വാസം. നിക്കോളാസിന് പരിക്കുണ്ടെങ്കിലും അദ്ദേഹം കളിക്കുമെന്നാണ് റിപ്പോർട്ടുകൾ.

സാധ്യതാ ടീം: ഗപ്ടിൽ, നിക്കോളാസ്, വില്യംസൺ, ടെയ്‌ലർ, ലതാം, നീഷം,ഗ്രാൻഡ്ഹോമ്മെ, സാന്റ്നർ,ഹെൻറി, ബൗൾട്ട്, ഫെർഗുസൻ

പിച്ച് റിപ്പോർട്ട്

പുല്ലുള്ള പിച്ചാണ് ലോഡ്സിലേത്. ബൗളിംഗിന് അനുകൂലമായ ട്രാക്കാണ് ഇവിടത്തേത്. തെളിഞ്ഞ കാലാവസ്ഥയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ.

പോസീറ്രീവായി കളിക്കാനാണ് ശ്രമം. വലിയ മത്സരമാണ് നേരത്തേ ഒന്നും പ്രവചിക്കാനാകില്ല.

വില്യംസൺ

വളരെ കടുത്ത പോരാട്ടമാണ്. പ്രതീക്ഷയുണ്ട്. നാട്ടുകാരുടെ മുൻപിൽ കളിക്കുന്നതിന്റെ മുൻതൂക്കമുണ്ട്.

മോർഗൻ