രാധാമാധവം
വളരെ കാലത്തിന് ശേഷമായിരുന്നു ശ്രീകൃഷ്ണൻ ദ്വാരകയിലേക്ക് വന്നത്. വന്നയുടൻ ഒന്നും സംഭവിക്കാത്ത മട്ടിൽ സുസ്മേരവദനനായി കിടപ്പറയിൽ കടന്നു. രാത്രി യാമങ്ങൾ തിരകളായി ഒഴുകി നിൽക്കേ ദ്വാരകയിൽ രാക്കാറ്റിൻ മഞ്ഞ് നനഞ്ഞിറങ്ങി. രാധയ്ക്ക് ശരിക്കും പരിഭവമുണ്ടായിരുന്നു. അത് രാധ, കൃഷ്ണനോട് പ്രകടിപ്പിക്കുകയും ചെയ്തു.സാധാരണയായി കൃഷ്ണൻ എവിടെയായിരുന്നാലും ദ്വാരകയുടെ ഭരണകാര്യത്തിൽ ഒരു വീഴ്ച വരുത്താറില്ല. കുറവെല്ലാം തനിക്കാണല്ലോ, രാധ ഓർത്തുപോയി. രാധ ആ വിരഹചിന്ത കൃഷ്ണനോട് ചോദിക്കുകയും ചെയ്തു.
''കണ്ണാ എവിടെയായിരുന്നു ഇതു വരെ, ഈ ലോകത്ത് തന്നെയായിരുന്നുവോ? എന്നെ ഒരു സന്ദേശം കൊണ്ട് പോലും അറിയിക്കാതെ?""
''കൃഷ്ണമുഖം കണ്ടാൽ വളരെ കാലമായി ഈ ശയ്യയിൽ തന്നെ കിടപ്പാണന്ന് തോന്നി പോവും! വെറുതെയാണോ കള്ളക്കൃഷ്ണൻ എന്ന് മാലോകർ വിളിക്കുന്നത്.""
കൃഷ്ണൻ രാധയെ നോക്കി വശ്യമായ ഒരു പാൽപ്പുഞ്ചിരി സമ്മാനിക്കുകയും ചെയ്തു.
രാധ ചോദിച്ചു. ''കൃഷ്ണാ ഇവിടെ ഇങ്ങനൊരുവൾ കാത്തിരിപ്പുണ്ടെന്ന് മറന്നുവോ? 'കൃഷ്ണൻ നിർലോഭം രാധയുടെ കണ്ണുകളിൽ നോക്കി മന്ദഹാസം തുടർന്നുകൊണ്ടിരുന്നു. രാധാഹൃദയം ചഞ്ചലമായി! ഈ ചിരി കണ്ടിട്ട് പരിഭവിക്കാൻ പോലും കഴിയുന്നില്ലല്ലോ ഭഗവാനേ! എങ്കിലും രാധ പണിപ്പെട്ട് മിഴികളിൽ ഒരു നിരാശാവിഷാദം വരുത്തി ജാലകത്തിന് നേരെ തിരിഞ്ഞു.
രാധ പറഞ്ഞു, ''ഉലക രക്ഷയ്ക്ക് ഇറങ്ങി പുറപ്പെടുന്നവരെല്ലാം അങ്ങയെപ്പോലെ പ്രാണപ്രേയസിമാരെ മറക്കാറുണ്ടോ മുകുന്ദാ, ഒന്നിച്ച് ഭക്ഷണം കഴിക്കാതെ, ഒന്ന് ഉറങ്ങുക പോലും ചെയ്യാതെ പ്രപഞ്ച രക്ഷയുടെ അവസാനം
എന്നാവും കൃഷ്ണാ""...
കൃഷ്ണന്റെ ആർദ്രനാദം ഉയർന്നു.
''ഞാൻ ആരെന്ന് അറിയുന്നില്ലയോ രാധേ?""
രാധ ആശങ്കകളോടെ പറഞ്ഞു.
''അറിയുന്നു ഭഗവാനേ അറിയുന്നു. ഈ വിശ്വചരാചരങ്ങളിൽ ആർക്കാണ് അത് അറിയാത്തത്? എന്നാലും ഈ രാധയും ഒരു സ്ത്രീയാണ് ഭഗവാനേ. ഭർതൃസാമീപ്യത്തേക്കാൾ സ്ത്രീക്ക് വലുതായി ഈലോകത്ത് മറ്റൊന്നുമില്ലല്ലോ"" കൃഷ്ണൻ സൗമ്യനായിപ്പറഞ്ഞു.
''വിശ്വധർമ്മവും ഭർതൃധർമ്മവും ഒന്നു തന്നെയാണ് രാധേ, അമിതാവേശകരമായ പ്രണയം നാശകാരിയാണ്. ദിവ്യമായ പ്രണയം പരസ്പര വിശ്വാസം നിലനിർത്തുന്നു. അതിനാൽ സർവവും തമ്മിലറിയുന്നു.""
രാധയ്ക്ക് കോപം അനുഭവപ്പെട്ടു. ''ഹോ തത്വങ്ങൾ ജയിക്കട്ടെ. ഈ രാധാജന്മം ഭർതൃവിരഹം മാത്രമായിരിക്കാം."" കൃഷ്ണൻ അപ്പോഴും ചിരിച്ചു. കൃഷ്ണൻ പറഞ്ഞു, ''പൂർണമായ വിരഹം ഇവിടെസംഭവിക്കുന്നില്ലല്ലോ ദേവി. പുരുഷജന്മത്തിൽ ഉലകിന്റെ കടപ്പാടും വേണ്ടി വരുന്നു"".
രാധയുടെ കരിനീലക്കണ്ണുകളിൽ നീർത്തുള്ളികൾ തുടുത്തു.
''എപ്പോഴും കൃഷ്ണസാമീപ്യം ഞാനറിയാതെ കൊതിച്ച് പോവുന്നു""...
കൃഷ്ണമുഖം ത്രിവർണസുന്ദരമാവുന്നത് രാധയ്ക്ക് ആനന്ദം പകർന്നു. എന്നിരുന്നാലും ഭഗവാൻ തന്റെ കളിപ്പിക്കൽ ലീല കാട്ടുന്നതായി രാധയെ അലോസരപ്പെടുത്തി.
''ഭഗവാനെ, ഏവരെയും കളിപ്പിക്കുന്നത് പോലെ ഈ രാധയെയും കളിപ്പിക്കുകയാണോ?"" കൃഷ്ണൻ പറഞ്ഞു.
''ഞാൻ ആരെയും കളിപ്പിക്കുന്നില്ലല്ലോ രാധേ, നിങ്ങൾ ഓരോരുത്തരും അവരവരുടെ ഇംഗിതങ്ങൾക്ക് അടിമപ്പെട്ട് ജീവിക്കുമ്പോൾ പ്രപഞ്ചനീതികൾ നിങ്ങളെ കളിപ്പിക്കുന്നതായി അനുഭവപ്പെടുന്നു. വിശ്വഭ്രമണവും നിത്യപ്രതിഭാസങ്ങളും നിങ്ങളുടെ അധീനതയിലല്ല. അതിന് അതിന്റേതായ വഴികളുണ്ട്. ആ പ്രതികൂലതയാണ് എന്റെ കളിപ്പീരായി നിങ്ങൾ ധരിക്കുന്നത്""
കൃഷ്ണൻ കുറേക്കൂടെ വ്യക്തമാക്കി.
''എന്റെ സാമീപ്യം ഭവതിയുടെ ആഗ്രഹമാണ്.എന്നാൽ നിയതിയുടെ നിയോഗം ആ സമയത്ത് അത് ലഭിക്കാനല്ല. എന്ന് കരുതി അത് ഒരിക്കലും ലഭിക്കുമെന്നല്ലല്ലോ.ഓരോന്നും ഓരോ കാലത്താണ് നിശ്ചയിക്കപ്പെട്ടതെന്ന് സാരം രാധാമാധവ ചരിതവും അതിൽ നിന്ന് ഒട്ടും വേറെയല്ല.""
രാധ ഇടംകണ്ണിലൂടെ കൃഷ്ണനെ നോക്കി ചോദിച്ചു.
''അപ്പോൾ അങ്ങയുടെ യുദ്ധാവിഷ്കാരങ്ങളും അത്തരത്തിലാണോ?""
കൃഷ്ണൻ പതുക്കെ എഴുന്നേറ്റ് പിന്നിൽ വന്ന് നിന്ന് രാത്രിയുടെ കൊഴുത്ത നിലാവിൽ നോക്കി.
''യുദ്ധങ്ങളും എന്റെ സൃഷ്ടിയാണ്. ഞാനത് മുമ്പേ അറിഞ്ഞ് ഒഴിവാക്കാനും ശ്രമിക്കുന്നുണ്ട്, രാധേ. പക്ഷേ അധർമ്മചാരികൾ വീണ്ടും യുദ്ധ വിനാശം ക്ഷണിച്ച് വരുത്തുന്നു. അവരുടെ സൃഷ്ടിസത്ത അങ്ങനെയാണ്. അതിനാൽ യുദ്ധം അനിവാര്യമാവുന്നു.""
രാധയുടെ ഉള്ളിൽ നൊമ്പരം നിറഞ്ഞു.
''യുദ്ധങ്ങളിൽ നിരപരാധിയുടെ പതനം ഭഗവാൻ കാണുന്നില്ലേ?""
കൃഷ്ണൻ പറഞ്ഞു.
''കാണുന്നു.അവർ മുൻജന്മ പാപവും പാപാത്മ സാഹവാസവുമാണ് അവരുടെ പതനകാരണം. എന്നാൽ അവർക്ക് മോക്ഷവും ഞാൻ അനുഗ്രഹിക്കുന്നു. യാദവം അനീതിയെ ന്യായീകരിക്കുന്നില്ല. യാദവന്റെ ജന്മം തന്നെ അനീതിയെ നിഗ്രഹിക്കാനാണ്.""
രാധക്ക് സന്ദേഹം മാറിയില്ല. കൃഷ്ണൻ ചിന്തയിൽ നിന്ന് മടങ്ങി വന്നു, രാധ വല്ലാതെ അശാന്തിയിലായിരിക്കുന്നു. രാധ തുടർന്നു.
''അവതാരങ്ങൾക്ക് എന്തിനും നീതികരണമുണ്ട്.""
ആ വാക്കിൽ ഒരു മുനയുണ്ട്. കൃഷ്ണന് അത് ബോധൃപ്പെടുകയും ചെയ്തു. കൃഷ്ണൻ പറഞ്ഞു.
''ഒരു അവതാരത്തിനും എന്തിനും നീതികരണം കണ്ടെത്താൻ സാധ്യമല്ല.വിഭിന്ന സ്വഭാവികളുടെ വിധി നിർണയം മാത്രമാണ് യാദവ അവതാരലക്ഷ്യം. അതാണല്ലോ അതങ്ങനെ തന്നെ സംഭവിക്കുന്നതും.""
രാധക്ക് കടുത്ത രോഷം വന്നു. രാധ കടുപ്പിച്ച് തന്നെ പറഞ്ഞു.
''എല്ലാം അങ്ങനെഒക്കെ തന്നെ സംഭവിക്കട്ടെ കൃഷ്ണാ.""
രാധയുടെ ഭാവം കണ്ട് കൃഷ്ണന് ചിരിയാണ് വന്നത്.
''അപ്പോൾ പ്രശ്നം അവതാര വിശദീകരണവും യുദ്ധനീതികളുമൊന്നുമല്ല, പ്രണയമാണ് അല്ലേ രാധേ?""
രാധയുടെ ഇടക്കണ്ണിൽ പ്രണയ ബാഷ്പങ്ങൾ തിളങ്ങി.രാധ ചോദിച്ചു ,'പ്രണയം അത്ര നിസാരമാണോ മുകുന്ദാ""...
കൃഷ്ണന്റെ വാക്കുകളിൽ കരുണ തെളിഞ്ഞു.
''പ്രണയത്തെ ഞാൻ നിസാരമായി കാണുകയോ, പ്രണയസുരഭിലമാണെന്നും യാദവീയം.""
രാധ ഇപ്പോൾ വിതുമ്പിപ്പോയി.
''എന്നിട്ടാണോ എപ്പോഴും എന്നെ തനിച്ചാക്കി ഈ അപ്രത്യക്ഷപ്പെടൽ?""
രാധയുടെ ഇരുകരങ്ങളും ഗ്രഹിച്ച് കൃഷ്ണൻ പറഞ്ഞു.
''പ്രണയം വിരഹത്തിലാണല്ലോ അമൂർത്തമാവുന്നത്""...
രാധ അവൾ പോലും അറിയാതെ പ്രണയവതിയാവുന്നത് അറിഞ്ഞു. പിന്നെ പറഞ്ഞു.
''നാഥാ ,ഈ രാധാ ജന്മം അങ്ങിൽ അലി യാൻ മാത്രമാണ് ""...
ആകാശത്ത് പ്രണയരാഗം പടർന്നു.രാപ്പക്ഷികളുടെ പ്രേമഗാനത്തിൽ രാത്രി ചിറക് വീശിപ്പടർന്നു. ദ്വാരകയുടെ ആത്മാവിലേക്ക് മധുമാസം വിരുന്ന് വന്നു. രാധ, കൃഷ്ണനെ ചുംബിച്ച് ആലിംഗനം ചെയ്തു പോയി..
അന്തഃപുരത്തിന് വെളിയിൽ ആരുടെയോ പാദപതനം കേട്ടു ,മന്ത്രിയാണ് ! രാധ കൃഷ്ണനിൽ നിന്ന് അകന്ന് മാറി കൃഷ്ണൻ മുമ്പേ മന്ത്രിയുടെ വരവ് കണ്ടിരുന്നു.
''വരൂ... മന്ത്രി,എന്താണ് ആഗമന ലക്ഷ്യം?""
മന്ത്രി പരിഭ്രമത്തോടെ പറഞ്ഞു.
''ഭഗവാനേ, അങ്ങ് ദ്വാരകയിലേക്ക് വന്നിട്ട് കൂടുതൽ നേരമായില്ലെന്നറിയാം,അവിടുത്തെ വിശ്രമത്തെ ത ടസപ്പെടുത്തിയതിൽ ക്ഷമിക്കണം. പാണ്ഡവരാജാവായ ധർമ്മപുത്രരുടെ ഒരു സന്ദേശമുണ്ട്. വിനാശകാരിയായകുരുക്ഷേത്രയുദ്ധകൊണ്ട് നേടിയ രാജ്യത്തിന്റെ രാജാവാകാൻ തനിക്ക് ശക്തിയില്ലന്ന് അറിയിച്ചിരിക്കുന്നു, രാജധർമ്മങ്ങളെല്ലാ മറന്ന് നിരാശനും ദുഃഖിതനുമായിരിക്കുന്നു. യുദ്ധവിരക്തിയിൽ കൃഷ്ണപ്രാർത്ഥനയിലാണ് ധർമ്മ പുത്രർ.""
കൃഷ്ണന്റെ മുഖത്തെ പ്രണയ ഭാവം മാറി പുഞ്ചിരി തെളിഞ്ഞു. കൃഷ്ണൻ ഭാവമാറ്റമില്ലാതെ പറഞ്ഞു.
''സാരമില്ല,അതുണ്ടാവാൻ വഴിയുണ്ട്.യുദ്ധത്തിന് അങ്ങനെ ഒരുവശം കൂടിയുണ്ട്, വിരക്തി. ജീവിതത്തിലും അതുണ്ടാവാം,നിഷ്ക്രിയത ഒരു ദോഷവശമാണ്, ആ നിമിഷമാണ് നിങ്ങളും എന്നെ ഓർക്കേണ്ടത്. ധർമ്മപുത്രരെ എനിക്ക് ഉടനെ കാണേണ്ടതുണ്ട്.""
കൃഷ്ണൻ വളരെ വേഗം അന്തഃപുരത്തിൽ നിന്ന് മന്ത്രിയോടൊപ്പം വെളിയിലേക്ക് പോയി. രാധ പൊട്ടിക്കരഞ്ഞു പോയി.
''എന്റ പ്രണയം വീണ്ടും ശിക്ഷിക്കപ്പെടുകയാണല്ലോ...""
രാധ ഒരിക്കലും അവസാനിക്കാത്ത അവതാര കർമ്മങ്ങൾ കണ്ട് ശയ്യയിലേക്ക് വീണ് കരച്ചിൽ തുടർന്നു...
ദ്വാരക കടന്ന് പോവുന്ന കൃഷ്ണരഥത്തിന്റെ ശബ്ദം രാധ കേട്ടു.