'ഇന്ത്യയിലേക്ക് വന്നപ്പോൾ ഞാൻ വിചാരിച്ചത് നെഹ്റു നേരിട്ടു വന്ന് എന്നെ സ്വീകരിക്കും എന്നായിരുന്നു. ക്ഷണിച്ചിട്ടാണ് എത്തുന്നത്. പക്ഷേ മകളെയാണ് പറഞ്ഞു വിട്ടത്. അതു കണ്ടപ്പോൾ മനസിൽ അല്പം പരിഭവം തോന്നി. മകൾ വന്ന് എന്റെ കുടയും ബാഗും വാങ്ങി സ്നേഹപൂർവമാണ് കൂട്ടി കൊണ്ടു പോയത്.'
ഒരു ഗവേഷക വിദ്യാർത്ഥിയോട് മലയാളിയായ അദ്ധ്യാപിക ഇതു പറയുമ്പോൾ സ്വാഭാവികമായും അല്പം അതിശയോക്തി ആർക്കും തോന്നിപ്പോകാം. ജീവിതത്തിന്റെ അവസാനത്തെ അഞ്ചുവർഷം തങ്ങളോടൊപ്പം ജീവിച്ച ഡോ. ഇ.കെ. ജാനകി അമ്മാൾ എന്ന ലോകപ്രശസ്തയായ പ്രൊഫസറെപ്പറ്റി ഓർക്കുമ്പോൾ തൃശൂരിലെ നാഷണൽ ബ്യൂറോ ഒഫ് പ്ലാന്റ് ജനറ്റിക്ക് റിസോഴ്സ് റീജിയണൽ സ്റ്റേഷനിൽ നിന്നും പ്രിൻസിപ്പൽ സയന്റിസ്റ്റായി വിരമിച്ച ഡോ. സക്കറിയ എബ്രഹാം ഇപ്പോഴും വാചാലനാകും.
'സസ്യശാസ്ത്രത്തിലെ ലോകോത്തര പ്രതിഭ ആയിരുന്നു അവർ. കർമ്മം ചെയ്യുക എന്നതിനപ്പുറം പേരും പ്രശസ്തിയും ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അധികമാരാലും അറിയപ്പെടാതെ പോയി അവരുടെ പ്രതിഭ. ഒരു കാലത്ത് ലോകമെമ്പാടുമുളള സസ്യശാസ്ത്രജ്ഞൻമാരുടെ ശ്രദ്ധ പിടിച്ചു പറ്റിയ കണ്ടു പിടുത്തങ്ങൾ അമ്മാളിന്റേതായിരുന്നു. സസ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യാക്കാരിയും ശാസ്ത്ര വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യ കേരളീയ വനിതയും പുരുഷന്മാർ മാത്രം പഠിപ്പിച്ചിരുന്ന കോളേജിലെ ആദ്യ വനിതാപ്രൊഫസറുമായിരുന്നു അവർ. പക്ഷേ ഈ നേട്ടങ്ങളൊന്നും ജാനകി അമ്മാൾ ഒരിക്കൽ പോലും പറഞ്ഞു നടന്നിരുന്നില്ല എന്നതാണ് അവരെ വ്യത്യസ്തയാക്കുന്നത്.'
കുടുംബത്തിലെ സസ്യസ്നേഹം
മലബാറിലെ സബ് ജഡ്ജ് ആയിരുന്ന ദിവാൻ ബഹദൂർ എടവലത്ത് കക്കാട്ട് കൃഷ്ണന്റേയും ദേവികുർവേയുടെയും പത്താമത്തെ പുത്രിയായി 1897 നവംബർ 4 ന് തലശ്ശേരി ചേറ്റംകുന്നിലെ ഇടത്തിൽ വീട്ടിലായിരുന്നു ഇ.കെ. ജാനകിയുടെ ജനനം. ഹെർമൻ ഗുണ്ടർട്ടിനെ മലയാളം പഠിപ്പിച്ച ഊരാച്ചേരി ഗുരുനാഥൻമാരുടെ പിൻഗാമി ആയിരുന്നു ജാനകിയുടെ അച്ഛൻ. മാത്രവുമല്ല അക്കാലത്ത് അറിയപ്പെട്ടിരുന്ന എഴുത്തുകാരനും സസ്യസ്നേഹിയും ആയിരുന്നു. സ്വന്തമായിട്ടുണ്ടായിരുന്ന ഭൂമിയിലെല്ലാം ആവശ്യത്തിലധികം പച്ചപ്പ് നിലനിറുത്താൻ അദ്ദേഹം നന്നേ ശ്രദ്ധിച്ചിരുന്നു. ഇതു തന്നെയാകണം ജാനകിയിലേക്കും പകർന്നു കിട്ടിയത്. ജാനകി അമ്മാളിന് ഏഴ് സഹോദരന്മാരും അഞ്ചു സഹോദരിമാരും ഉണ്ടായിരുന്നു. വീടിനടുത്തുളള കോൺവെന്റ് സ്കൂളിൽ (സേക്രഡ് ഹാർട്ട് സ്കൂൾ) ആണ് ജാനകി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ജാനകിക്ക് പത്തുവയസുള്ളപ്പോൾ മൂത്ത സഹോദരനും അച്ഛനും മരണപ്പെട്ടു.
തുടർന്ന് കുടുംബം സാമ്പത്തികമായി ഏറെ തകർന്നു. അക്കാലത്ത് പതിനഞ്ചു വയസിന് മുമ്പ് പെൺകുട്ടികളുടെ വിവാഹം കഴിപ്പിച്ച് വിടുകയായിരുന്നു നാട്ടുനടപ്പ്. എന്നാൽ, ജാനകി ആ കീഴ്വഴക്കത്തിന് നിന്നുകൊടുത്തില്ല. കുട്ടിക്കാലം മുതലേ പഠിക്കാൻ മിടുമിടുക്കിയായിരുന്നു ജാനകി. പഠിക്കണമെന്ന അവളുടെ ദൃഢനിശ്ചയത്തിന് മുന്നിൽ വീട്ടുകാർക്ക് മുട്ടുമടക്കേണ്ടി വന്നു. അങ്ങനെ വിവാഹം എന്ന ചിന്ത തത്കാലത്തേക്ക് മാറ്റി നിറുത്തി മദ്രാസിലെ ക്വീൻ മേരീസിൽ ചേർന്നു. അവിടെ നിന്ന് അണ്ടർ ഗ്രാജുവേഷൻ ചെയ്തു. പ്രസിഡൻസി കോളേജിൽ നിന്ന് സസ്യശാസ്ത്രം ഐച്ഛികമായി എടുത്ത് 1921ൽ ബി.എ ഓണേഴ്സ് ബിരുദം നേടി. അതിനു ശേഷം വിമൻസ് ക്രിസ്ത്യൻ കോളേജിൽ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് അമേരിക്കയിലെ മിഷിഗൺ സർവകലാശാലയിൽനിന്നും ബാർബോർ സ്കോളർഷിപ്പ് ലഭിക്കുന്നത്. ഇതിനകം മദ്രാസ് യൂണിവേഴ്സിറ്റിയുടെ എം.എയ്ക്കും യോഗ്യത നേടി. 1925 ൽ മിഷിഗണിൽ നിന്നും മാസ്റ്റർ ബിരുദവും 1931ൽ ഡോക്ടർ ഒഫ് സയൻസ് ബിരുദവും ലഭിച്ചു.
മധുരമേകി കരിമ്പ് പഠനം
വഴുതന ഇനങ്ങളിലായിരുന്നു ഗവേഷണം. ജാനകി അമ്മാൾ ഗവേഷണത്തിലൂടെ ഉത്പാദിപ്പിച്ച പുതിയ ഇനം വഴുതനക്ക് ജാനകി ബ്രിൻജോൾ എന്ന് നാമകരണം ചെയ്തു. അക്കാലത്ത് ആറുമാസം റിസർച്ച് അസിസ്റ്റന്റായി ലണ്ടനിലെ ജോൺഇൻസസ് ഹോർട്ടികൾച്ചറൽ ഇൻസ്റ്റിറ്റ്യൂഷൻ കോശശാസ്ത്ര വിഭാഗം തലവൻ സി. ഡി. ഡാർലിംഗ്ടൺന്റെ വിദ്യാർത്ഥിനിയായും പഠനം നടത്തി. തിരിച്ചു വന്ന് 1932 മുതൽ 34 ഹിസ് ഹൈനസ് മഹാരാജാസ് കോളേജ് ഓഫ് സയൻസിൽ ( ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ് ) ആക്ടിംഗ് പ്രൊഫസർ ആയി നിയമിതയായി. അങ്ങനെ ആദ്യത്തെ വനിതാപ്രൊഫസർ എന്ന നേട്ടവും സ്വന്തമാക്കി. രണ്ടുവർഷം പിന്നിട്ടതോടെ കോയമ്പത്തൂരിലെ കരിമ്പ് ഗവേഷണ സ്റ്റേഷനിൽ ജനിതക ശാസ്ത്രജ്ഞയായി ജോലി കിട്ടി. അദ്ധ്യാപികയേക്കാൾ ജാനകി ഇഷ്ടപ്പെട്ടിരുന്നതും ശാസ്ത്രജ്ഞ എന്ന പേരിനെയായിരുന്നു. മധുരം കൂട്ടിയ കരിമ്പ് ഉണ്ടാക്കുന്ന ഗവേഷണങ്ങളിലായിരുന്നു ജാനകി അവിടെ ഇടപെട്ടിരുന്നത്. വ്യത്യസ്ത ജനുസുകളിൽപ്പെട്ട സപുഷ്പ സസ്യങ്ങളുടെ ഒരു സങ്കരം ലോകത്ത് ആദ്യമായി വിജയകരമായി സൃഷ്ടിച്ചത് ജാനകി അമ്മാൾ ആയിരുന്നു. പിന്നീട് എത്രയെത്ര നേട്ടങ്ങൾ സ്വന്തം പേരിനൊപ്പം ചേർത്തിരിക്കുന്നു. കോശജനിതക ശാസ്ത്രം (Cytogenetics )സസ്യ ഭൂമി ശാസ്ത്രം (Phytogeography ) വംശീയസസ്യ വിജ്ഞാനം (Ethnobotany ), സസ്യ വർഗീകരണ ശാസ്ത്രം (Plant Taxonomy)എന്നീ മേഖലകളിൽ ജാനകി അമ്മാൾ ലോകപ്രശസ്തി നേടി. മേഖലകളിൽ ജാനകി അമ്മാൾ പിന്നീട് പകരം വയ്ക്കാനാവാത്ത ആളായി മാറി.
പകരമില്ലാത്ത ശാസ്ത്രപ്രതിഭ
അഞ്ചുവർഷത്തെ സേവനത്തിനു ശേഷം ലണ്ടനിൽ നടന്ന ജനിതക കോൺഗ്രസിൽ പ്രബന്ധം അവതരിപ്പിക്കാനൊരവസരം ജാനകിയെ തേടിയെത്തി. രണ്ടാം ലോക മഹായുദ്ധസമയമായതിനാൽ കപ്പലുകൾ പലതും ഓട്ടം നിർത്തിയ സമയമായിരുന്നു അത്. അങ്ങനെ ജാനകി അമ്മാളിന് ലണ്ടനിൽ നിന്നും തിരികെ മടങ്ങാൻ കഴിഞ്ഞില്ല. ഡാർലിംങ്ടനോടൊപ്പം ചേർന്ന് ആയിരക്കണക്കിന് സസ്യങ്ങളുടെ ക്രോമസോം പഠനം നടത്തി. അക്കാലത്താണ് 'കാർഷിക വിള സസ്യങ്ങളുടെ ക്രോമസോം അറ്റ്ലസ് "എന്ന പുസ്തകം രചിക്കുന്നത്. 1946 മുതൽ 1951ൽ നെഹ്റു ഇന്ത്യയിലേക്കു ക്ഷണിക്കും വരെ റോയൽ ഹോൾട്ടി കൾച്ചറൽ സൊസൈറ്റിയിൽ കോശശാസ്ത്രജ്ഞയായി ജോലി ചെയ്തു. ക്രോമസോമുകളുടെ എണ്ണം വർദ്ധിപ്പിച്ച് ഉല്പാദനക്ഷമത കൂടിയ സസ്യയിനങ്ങൾ ഉണ്ടാക്കുന്നതിൽ ജാനകി അമ്മാൾ അതീവ തല്പരയായിരുന്നു. പിറ്റേവർഷം ബൊട്ടാണിക്കൽ സർവ്വേ ഒഫ് ഇന്ത്യയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി എന്ന പദവിയിൽ ജോലിയിൽ പ്രവേശിച്ചു. 1954 ൽ ബൊട്ടാണിക്കൽ സർവ്വേ ഒഫ് ഇന്ത്യയെ പുനഃസംഘടിപ്പിച്ച ശേഷം കേന്ദ്രസസ്യ ശാസ്ത്ര ഗവേഷണശാഖയുടെ ആദ്യ ഡയറക്ടറായി. 1956 ൽ മിഷിഗൺ സർവകലാശാല ഓണററി ബിരുദം നൽകി ആദരിച്ചു. 1977ൽ ഭാരത സർക്കാർ പത്മശ്രീ പുരസ്ക്കാരവും നൽകി ആദരിച്ചു. പിൽക്കാലത്ത് ജമ്മു കാശ്മീരിലെ റീജിയണൽ റിസർച്ച് ലബോറട്ടറിയിൽ 'ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി" ആയും മദ്രാസ് സർവകലാശാലയുടെ 'എമിററ്റസ് സയന്റിസ്റ്റായും" പ്രവർത്തിച്ചു. ഇക്കാലയളവിലെല്ലാം പ്രശസ്തമായ ജേർണലുകളിലെല്ലാം പ്രബന്ധങ്ങളുമെഴുതിയിരുന്നു.
ആ ഇളംമഞ്ഞ റോസാപൂവ്
ജാനകി അമ്മാളിന്റെ പ്രവർത്തനങ്ങൾക്ക് ആദരവായി ഇന്ത്യയ്ക്കകത്തും വിദേശത്തും നിന്നുമായി നിരവധി അംഗീകാരങ്ങളും അവരെ തേടിയെത്തി. ജാനകി അമ്മാൾ പരീക്ഷണം നടത്തിയ വിത്തുകൾ ലണ്ടനിലെ ബാറ്റ്സൺഹില്ലിലും വൈസ്ലി ഗാർഡനിലും നട്ടുവളർത്തി. അവ പൂവിട്ടപ്പോൾ ജാനകിയമ്മാളിനുള്ള ആദരമെന്നോണം 'മഗ്നോളിയ കോബൂസ് ജാനകി അമ്മാൾ" എന്ന് പേരും നൽകി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2000 മുതൽ 'ജാനകി അമ്മാൾ നാഷണൽ അവാർഡ് ഫോർ ടാക്സോണമി " നൽകി വരുന്നു. മലബാർ ബൊട്ടാണിക്കൽ ഗാർഡൻ അതിന്റെയൊരു വിഭാഗത്തിന് 'ജാനകിയ" എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. അതുപോലെ, വികസ്വര രാജ്യങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഗവേഷണ വിദ്യാർത്ഥികൾക്കായി നൽകുന്ന സ്കോളർഷിപ്പിന് ജാനകി അമ്മാളിന്റെ പേരാണ് നൽകിയിരിക്കുന്നത്. കോടൈക്കനാൽ സ്വദേശികളും ദമ്പതികളുമായ വീരു വീരരാഘവൻ, ഗിരിജ എന്നിവർ ജനിതഘടനയിൽ മാറ്റം വരുത്തി വിരിയിച്ച ഇളം മഞ്ഞ റോസാപ്പൂവിനു ജാനകി അമ്മാളിന്റെ പേരാണ് നൽകിയിരിക്കുന്നത്. എല്ലാ അർത്ഥത്തിലും കേരളീയർ അറിയാതെപോയ കേരളത്തിന്റെ ശാസ്ത്രജ്ഞ എന്ന് ജാനകിഅമ്മാളിനെ വിശേഷിപ്പിക്കേണ്ടി വരും. എല്ലാ യൂണിവേഴ്സിറ്റികളോടും ചേർന്ന് ഔഷധത്തോട്ടങ്ങൾ ഉണ്ടാവണമെന്നത് ജാനകിഅമ്മാളിന്റെ ചിരകാലാഭിലാഷമായിരുന്നു. ഒരിക്കൽ സൈലന്റ് വാലിയിലെ കുന്തിപ്പുഴയിൽ നിർമ്മിക്കാൻ ഒരുങ്ങിയ ജലവൈദ്യുതപദ്ധതിക്കെതിരെ ശബ്ദം ഉയർത്തിയവരുടെ മുൻനിരയിൽ ജാനകി അമ്മാളും ഉണ്ടായിരുന്നു. 1984 ഫെബ്രുവരി 7 ന് ലോകത്തോട് അവർ വിട പറഞ്ഞു. പണ്ട് തലശേരിയിലെ ചേറ്റംകുന്നിലെ ഇടത്തിൽ വീട്ടിലേക്ക് പുതിയ ഇനം ചെടികളുമായി എത്തുന്ന മഞ്ഞ കലർന്ന കാവി നിറത്തിലെ സാരി അണിഞ്ഞ ആ സന്യാസിനി ഇന്നും ചിലരുടെ ഓർമ്മയിലുണ്ട്. അവർ മൈലുകൾ താണ്ടി കൊണ്ടു വന്നു നട്ടുപിടിപ്പിച്ച ചെടികൾ ലോകത്തിന്റെ തന്നെ പലയിടങ്ങളിലും വിടർന്ന് പുഞ്ചിരിക്കുന്നുണ്ടാവണം.