രാംദാസ് സോപാനത്തിന് 'സോപാന"മെന്നത് പേരിനൊപ്പമുള്ള വെറും തിരിച്ചറിയൽ രേഖയല്ല. കഴിഞ്ഞ 27 വർഷമായി ജീവിതത്തിൽ അനുഷ്ഠിച്ചുപോരുന്ന തപസ്യയാണ്. അഭിനയത്തിൽ കമ്പംമൂത്താണ് കാവാലം നാരായണപ്പണിക്കരുടെ സോപാനം നാടകക്കളരിയിലെത്തുന്നത്. പിന്നീട് വിധി നേരത്തെ പറഞ്ഞുവച്ചെന്നതുപോലെ നാടകത്തെയും ആസ്വാദകനെയും തമ്മിൽ കൂട്ടിയിണക്കുന്ന സംഗീതത്തിലേക്ക് എത്തുകയായിരുന്നു. തിരശീലയ്ക്ക് പിന്നിലേക്ക് കാവാലം മാഷ് എന്നെന്നേക്കുമായി മറഞ്ഞുപോയി മൂന്നുവർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിന്റെ പ്രിയശിഷ്യൻ പറയുകയാണ്, ആ സ്നേഹ കളരിമുറകളെക്കുറിച്ച്...
കളരിയിൽ തുടങ്ങി
മുൻഷി ശ്രീകുമാർ മാഷാണ് എന്നെ ആദ്യം കാവാലം മാഷിന്റെ മുന്നിലെത്തിക്കുന്നത്. 26 വർഷം മുമ്പ്. അന്നെനിക്ക് പ്രായം 27. നന്നായി അഭിനയിക്കുകയാണെങ്കിൽ ഞാൻ തിയറ്ററിൽ കൊണ്ടുപോകാം എന്നായിരുന്നു കാവാലം മാഷിന്റെ വാഗ്ദാനം. അങ്ങനെ അദ്ദേഹമെന്നെ നേരെ പാപ്പനംകോടുള്ള കളരിത്തറയിലേക്കാണ് വിടുന്നത്. മനസിനൊപ്പം മെയ് വഴങ്ങണം. അതായിരുന്നു കാവാലം മാഷിന്റെ ആദ്യ അഭിനയപാഠം. അതിന് അദ്ദേഹം ചെയ്തത് തന്റെ ശിഷ്യന്മാർക്ക് കളരിമുറകളിൽ ചാലിച്ച ഗുരുസ്നേഹം വിളമ്പുകയായിരുന്നു. അക്കൂട്ടത്തിൽ ഞാനും കൂടി. രാമചന്ദ്രൻ ഗുരുക്കളായിരുന്നു കളരിഗുരു. അദ്ദേഹം ഇന്നില്ല. അങ്ങനെയിരിക്കെ ഒരുദിവസമാണ് കാവാലംമാഷ് വിളിക്കുന്നുവെന്ന് ഒരാൾവന്ന് പറഞ്ഞത്. ആ വിളിയായിരുന്നു പിന്നീടുള്ള എല്ലാ വിളികളുടെയും തുടക്കം.
തുടക്കമായത് ആ വിളി
എന്തിനായിരിക്കും വിളിച്ചതെന്നൊക്കെയുള്ള ആശങ്കയോടെയാണ് ഞാൻ അവിടേക്ക് ചെല്ലുന്നത്. 'ഭീഷ്മർ" നാടകത്തിനുവേണ്ടിയുള്ള ആളുകളെ തിരഞ്ഞെടുക്കുകയായിരുന്നു അപ്പോൾ. ''ഇതിൽ കേറിക്കോ""എന്ന് പറഞ്ഞു. അങ്ങനെ അഭിനയിക്കാനായി ആദ്യം കയറിയത് ഭീഷ്മരിലാണ്. പിന്നീട് ഒരുമുഴുനീള കഥാപാത്രം ആദ്യമായി ചെയ്യുന്നത് മനുഷ്യക്കുരുതിയുടെ കഥപറഞ്ഞ ''പുറന്നാടി""യിലായിരുന്നു.
പകരക്കാരനായതാണ്...
പിന്നണിയിൽ സംഗീതം വായിക്കുന്ന ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു മനോജ്. ജോലിക്കായി മനോജ് മദ്രാസിലേക്ക് പോയി. അതോടെ പിന്നണിയിൽ സംഗീതം വായിക്കാൻ ആളില്ലാതായി. അങ്ങനെ, പദ്മനാഭസ്വാമി ക്ഷേത്രത്തിൽ സോപാനസംഗീതം വായിച്ചിരുന്ന കരുണാകരപ്പണിക്കരുടെ മകനെന്ന നിലയിൽ നറുക്കെനിക്ക് വീണു. സംഗീതത്തിൽ എനിക്കും അല്പം കമ്പമുണ്ടായിരുന്നു താനും.''എവിടുന്നെങ്കിലും നമുക്കൊരാളെ കണ്ടുപിടിക്കാം, അതുവരെ നീയിത് ചെയ്യണം. അതുകഴിഞ്ഞും രാമന് അഭിനയിക്കാം."" എന്നായിരുന്നു അന്ന് കാവാലം മാഷെന്നോട് പറഞ്ഞത്. അന്ന് കയറിയതാണ് സംഗീതക്കളരിയിൽ.
കോലിന്മേലാണ് കളിമുഴുവൻ
നാടകത്തിനുവേണ്ടി കോലിൻമേലുള്ള എല്ലാറ്റിലും കൈവയ്ക്കും. കാവാലം മാഷിന്റെ കൈയിൽനിന്ന് ഏറ്റവും കൂടുതൽ തല്ലുവാങ്ങിയ ആളായാരിക്കും ചിലപ്പോൾ ഞാൻ. കാരണം, സംഗീതംവായിക്കുന്നയിടത്തായിരിക്കും മാഷ് ഇരിക്കുന്നത്. സ്റ്റേജിലാരെങ്കിലും ചെറിയ പിഴവുകൾ വരുത്തിയാലും തല്ല് എനിക്ക് തന്നെയായിരിക്കും. പിന്നീട് കുറച്ചുകാലം വിദേശത്തൊക്കെ പോയതുകാരണം ഞാൻ നാടകത്തിൽനിന്ന് വിട്ടുനിന്നിരുന്നു. പക്ഷേ, തിരികെവന്ന് ഒരു സംസ് കൃത നാടകത്തിന് സംഗീതം വായിക്കാൻ ഞാൻ വീണ്ടും പോയി. അത് സോപാനത്തിന്റേതായിരുന്നില്ല. പക്ഷേ, ആസ്വാദകരുടെ കൂട്ടത്തിൽ മാഷുണ്ടായിരുന്നു. വായിക്കുന്ന ആളെ കാണാതെ തന്നെ അത് ഞാനാണെന്ന് മനസിലാക്കാൻ തക്ക ഹൃദയബന്ധം അക്കാലത്തിനിടയ്ക്ക് ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ടായിരുന്നു. നാടകം കഴിഞ്ഞതും അദ്ദേഹം നേരെ സ്റ്റേജിലേക്ക് കയറി വന്നത് എന്റെ അടുത്തേക്കായിരുന്നു. ''വന്നിട്ട് അങ്ങോട്ടേക്കൊന്നും കണ്ടില്ലല്ലോ..."" പരിഭവമായിരുന്നു ആദ്യം. '' പെട്ടെന്നുതന്നെ അങ്ങോട്ട് പുറപ്പെട്ടോളൂ..."" പരിഭവം മാഞ്ഞ് പഴയ ഗുരുവായി. അങ്ങനെ ചെറിയ ഇടവേളയ്ക്കുശേഷം ഞാൻ വീണ്ടും സോപാനത്തിലെത്തി.
ജീവിതം തന്നെ തിയറ്ററാക്കിയ ആളാണ്
മാഷ് പോയെന്ന് തോന്നാറേയില്ല ചിലപ്പോൾ. കൊച്ചു മകൾ കല്യാണിയാണ് സോപാനത്തിന്റെ മേൽനോട്ടം. അച്ഛന്റെ അടുത്തുനിന്ന് നീ പഠിച്ചതൊക്കെ നാടകത്തിൽ പ്രയോഗിക്കണം എന്നായിരുന്നു കാവാലം മാഷ് എപ്പോഴും പറയാറ്. ക്ഷേത്രങ്ങളിൽ വായിക്കുന്നതൊക്കെ മറ്റൊരു രീതിയിൽ ഞാൻ കഥാപാത്രങ്ങൾക്കുവേണ്ടി വായിക്കാറുമുണ്ട്. അദ്ദേഹത്തിന് എല്ലാം തിയേറ്ററായിരുന്നു. ജീവിതം മുഴുവൻ അങ്ങനെതന്നെ. കൂടെനിൽക്കുന്നവരും അങ്ങനെതന്നെ വേണമെന്ന് അദ്ദേഹത്തിന് നിർബന്ധവും ഉണ്ടായിരുന്നു. പുറത്തുനിന്ന് നമ്മൾ നേടിയ അറിവുകളും വിദ്യകളുമെല്ലാം തിയറ്ററിനുവേണ്ടി പ്രയോജനപ്പെടുത്തണമെന്നായിരുന്നു അദ്ദേഹത്തിന് എപ്പോഴും പറയാനുണ്ടായിരുന്നത്. നാടകത്തിനുവേണ്ടി പാട്ടുപഠിച്ച് അത് ഓരോരുത്തരായി തെറ്റാതെ പാടുന്നത് അദ്ദേഹത്തിന് കേൾക്കണമായിരുന്നു. ഉറക്കിളച്ച് നമ്മളത് പഠിച്ചെടുക്കും. തെറ്റിയാൽ, നല്ല വഴക്കും കിട്ടും. അതുകൊണ്ടെന്താ, സ്റ്റേജിൽ ഒരാളുപോലും വരികൾ തെറ്റിക്കില്ല.
ജീവനും ജീവിതവും സോപാനമാണ്
അഭിനയക്കമ്പമായിരുന്നു നാടകത്തിലെത്താൻ കാരണം. വളരെ യാദൃശ്ചികമായാണ് നാടകത്തിനുള്ളിലെ സംഗീതത്തിലെത്തിയത്. പക്ഷേ, യോഗം അതിലായിരുന്നിരിക്കണം. അക്കാര്യത്തിൽ ചെറിയ വിഷമമുണ്ടെങ്കിലും മാഷ് കൈപിടിച്ചുകയറ്റിയതാണ് സംഗീതത്തിലേക്ക്. അതിലെനിക്ക് സന്തോഷമേയുള്ളൂ. അദ്ദേഹത്തിനുവേണ്ടിയല്ലേ, ഇപ്പോഴും ഞങ്ങളൊക്കെ ജീവനും ജീവിതവും സോപാനമാക്കി കൊണ്ടു നടക്കുന്നത്.