കുടുംബകോടതി മുറ്റത്ത് നിരവധി ആഡംബരക്കാറുകൾ, പല പ്രായത്തിലുള്ള സ്ത്രീ പുരുഷന്മാർ, ആഡംബര വേഷധാരികൾ, ലളിതവേഷധാരികൾ, നിയമവും നിയമജ്ഞരും ആവുംവിധം ശ്രമിച്ചിട്ടും അനുരഞ്ജനത്തിലെത്താത്തവർ വിട്ടുകൊടുക്കാൻ ഭാവമില്ലെന്ന മുഖഭാവത്തോടെ. രക്ഷിതാക്കളുടെ പിടിവാശിക്കും ഈഗോയ്ക്കും ഇടയിൽപെട്ടുപോയ നിസഹായരായ യുവതീയുവാക്കൾ.
ഒരു സമ്പന്നകുടുംബത്തിന്റെ കാർ ഡ്രൈവറാണ് വിജയൻനായർ. കോടതി മുറ്റത്തെ കഥാപാത്രങ്ങളെ അയാൾ സൂക്ഷ്മമായി നിരീക്ഷിച്ചു. മാതാപിതാക്കളുടെ വടംവലിയിൽ ശ്വാസം മുട്ടുന്ന കുട്ടികളുമുണ്ട്. അച്ഛനോ അമ്മയോ ആര് ജയിച്ചാലും തോറ്റാലും സർവതോൽവിയും ഏറ്റുവാങ്ങേണ്ടത് പാവം ഈ നിഷ്കളങ്കബാല്യങ്ങളാണല്ലോ എന്ന ചിന്തയായിരുന്നു വിജയൻ നായർക്ക്. വേർപിരിയുമ്പോൾ ഭാര്യയ്ക്ക് എത്ര കൊടുക്കേണ്ടിവരും എന്ന് തലപുകയ്ക്കുകയാണ് ചിലർ. നഷ്ടപരിഹാരം കൊടുത്തു പിരിഞ്ഞാലും തനിക്ക് സംഭവിക്കാനിരിക്കുന്ന നഷ്ടങ്ങളുടെ പരമ്പരയെക്കുറിച്ച് പലരും ചിന്തിക്കുന്നതേയില്ല.
ആറുമാസം സ്നേഹത്തോടെ ജീവിക്കുക, അതുകഴിഞ്ഞ് പിരിയുന്നതിനെക്കുറിച്ച് ചിന്തിച്ചാൽ മതി എന്നായിരുന്നു ജഡ്ജിയുടെ നിരീക്ഷണം. അത് പെൺവീട്ടുകാർക്ക് രസിച്ചിട്ടില്ല. ഈ ഡ്രൈവർ എവിടെചെന്നു കിടക്കുന്നു എന്ന് ദേഷ്യപ്പെട്ടുകൊണ്ട് പെൺകുട്ടിയുടെ പിതാവ് നാലുപാടും നോക്കി. കൂടുതൽ വഴക്ക് കിട്ടുന്നതിന് മുമ്പേ വിജയൻനായർ കാറിന്റെ ഡോർ തുറന്നുകൊടുത്തു. സ്നേഹത്തോടെ ആറുമാസം പരീക്ഷണാർത്ഥം ജീവിക്കാൻ ദമ്പതികളോട് നിർദ്ദേശിച്ചത് പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് തീരെ ഇഷ്ടപ്പെട്ടില്ലെന്ന് വിജയൻ നായർ ഊഹിച്ചു. വിട്ടുവീഴ്ചയെന്നാൽ മഹാദുരന്തം എന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ഈ പുതുപണക്കാരോട് ഒന്നും പറയാതിരിക്കുന്നതാണ് ഭേദമെന്ന് ഡ്രൈവർക്ക് തോന്നി.
വഴിയിൽ ആദ്യം കണ്ട ഒരു റസ്റ്റോറന്റിനുമുന്നിൽ കാർ നിറുത്താൻ പിതാവിന്റെ കല്പന. എല്ലാവരും ചായ കുടിക്കാനിറങ്ങി. തൊട്ടടുത്ത മേശയിൽ വിജയൻ നായർ ഇരുന്നപ്പോൾ അയാളുടെ സമീപം രണ്ടു സ്ത്രീകൾ ചായകുടിക്കാൻ വന്നിരുന്നു. പാവപ്പെട്ട രണ്ടു തൊഴിലാളി സ്ത്രീകൾ. അവർ രണ്ടുചായ ആവശ്യപ്പെട്ടു. ഒന്ന് പഞ്ചസാരയില്ലാത്തതും മറ്റേത് പഞ്ചസാര കൂടുതലിടേണ്ടതും. വിജയൻനായർ ഒരു കട്ടൻ കാപ്പിയാണ് പറഞ്ഞത്. പെൺകുട്ടിയും രക്ഷിതാക്കളും ഭക്ഷണം എത്തുന്നതിനുമുമ്പുള്ള ഇടവേളയിൽ ഭർതൃവീട്ടുകാരെ തോല്പിക്കാനുള്ള അടുത്ത തന്ത്രങ്ങൾ മെനയുകയായിരുന്നു.
രണ്ടുചായ ചൂടോടെ എത്തിയതും സ്ത്രീകൾ അതെടുത്ത് ഒരിറക്ക് കുടിച്ചു. ഞാൻ മധുരമില്ലാത്തതാണല്ലോ പറഞ്ഞത് എന്നിട്ടും ഇതിന് നല്ല മധുരം. അയ്യോ എനിക്ക് കിട്ടിയത് മധുരമില്ലാത്തത്. അവർ പരിഭവം പങ്കുവച്ചു. വീണ്ടും ഒരു കവിൾ കൂടി തങ്ങൾക്ക് കിട്ടിയത് കുടിച്ചിട്ട് അവർ ചായകൾ പരസ്പരം കൈമാറി. ആ പാവപ്പെട്ട സ്ത്രീകളുടെ സ്നേഹപാഠം തന്റെ സമ്പന്ന യജമാനർ മനസിലാക്കിയെങ്കിൽ എന്ന് വിജയൻ നായർ ഒരുനിമിഷം ആഗ്രഹിച്ചുപോയി.
രണ്ടു ചായക്കുമുള്ള പൈസ അതിലൊരു സ്ത്രീകൊടുത്തു പോകുമ്പോൾ പെൺകുട്ടിയുടെ രക്ഷിതാക്കൾ പറയുന്നുണ്ടായിരുന്നു. എവിടെയോ കിടന്ന രണ്ടു കച്ചട പെണ്ണുങ്ങൾ. അവരല്ല കച്ചടകൾ എന്ന് പറയാൻ വിജയൻ നായർക്ക് രക്തം തിളച്ചുവന്നുവെങ്കിലും പലതുമോർത്ത് അയാൾ നിശബ്ദത പാലിച്ചു.