ഒാരോ വ്യക്തിയും ഓരോ അത്ഭുതങ്ങളാണ്. ഭൂമിയിലേക്ക് ജനിച്ച് വീഴുന്നതു മുതൽ അവന്റെ പ്രവൃത്തികൾ കൊണ്ട് ഓരോരുത്തരും വ്യത്യസ്ത രാകുന്നു. അതിൽ ചിലരാകട്ടെ, അവരുടെ പ്രവർത്തന മികവ് കൊണ്ട് ഒരുപടി കൂടി മറ്റുള്ളവരിൽ നിന്നും ഉയർന്നു നിൽക്കും. അത്തരത്തിൽ പ്രശസ്തിക്കപ്പുറം ഏറ്റവും മഹത്തായ ജീവിതം നയിക്കുന്ന നിരവധി പേർ നമുക്കു ചുറ്റുമുണ്ടാകും. അങ്ങനൊരാളാണ് ലോക പ്രശസ്ത ഗ്യാസ്ട്രോ എന്ററോളജിസ്റ്റും കീഹോൾ സർജനും കാൻസർ സ്പെഷ്യലിസ്റ്റുമായ ഡോ. ബൈജു സേനാധിപൻ.
ഇല്ലായ്മകളുടെ കുട്ടിക്കാലത്തെ പൊരുതി തോൽപ്പിച്ചാണ് ഇന്നത്തെ പദവി സ്വന്തം പേരിനൊപ്പം ബൈജു ചാർത്തിയത്. ആത്മവിശ്വാസം മാത്രം കൈമുതലാക്കിയായിരുന്നു അദ്ദേഹം ഓരോ പടിയും ജയിച്ച് കയറിയത്. ചവറയിലെ തെക്കുംഭാഗം എന്ന നാട്ടിൻപുറത്ത് ജനിച്ചു വളർന്ന ഒരു കുഞ്ഞുബാലൻ ഇന്ന് ലോകം അറിയപ്പെടുന്ന ഒരു ഡോക്ടറായി മാറിയത് ഈ ആത്മവിശ്വാസത്തിന്റെ ചുവട് പിടിച്ചാണ്. മനുഷ്യജീവിതത്തിന്റെ ലവണസൗന്ദര്യം തിരിച്ചറിഞ്ഞ് കാരുണ്യത്തിന്റെ കരുതലുമായി ജനകീയനായിത്തീർന്ന അദ്ദേഹത്തിന്റെ അസാധാരണവും ആവേശഭരിതവും വികാരനിർഭരവുമായ വായനക്കാരെ തൊട്ടുണർത്തുന്ന ജീവിതാനുഭവങ്ങളാണ് സേവ്യർ. ജെ എഴുതിയ 'സ്നേഹാർദ്രം സേനാധിപൻ."
''സർജറി ഒരു കലയാണ്, സംഗീതവും ചിത്രരചനയും പോലെ ആസ്വദിച്ച് ചെയ്യാവുന്ന മഹത്തായ കല."" ബൈജു സേനാധിപന്റെ ഈ വാക്കുകളിൽ തന്നെയുണ്ട് തന്റെ തൊഴിലിനോടുള്ള അദ്ദേഹത്തിന്റെ സ്നേഹം. ഏറ്റവും വേഗതയും കൃത്യതയുമുള്ള കീഹോൾ സർജൻ എന്ന വിശേഷണം സ്വന്തം പേരിനൊപ്പം ചേർക്കാൻ ബൈജു സേനാധിപൻ പിന്നിട്ടത് കഠിനാദ്ധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും നാളുകൾ തന്നെയായിരുന്നു. എന്നാൽ, ഇന്നത്തെ പേരുകേട്ട ഡോക്ടറെ മാത്രമേ സമൂഹത്തിനറിയൂ, അതിന്റെ പിന്നിലെ അദ്ദേഹത്തിന്റെ ജീവിത ചുറ്റുപാടുകളും സാമൂഹ്യസേവനങ്ങളും ആർക്കുമറിയില്ല. പലപ്പോഴും ഇടറി വീണിട്ടുണ്ട്. പെട്ടെന്നുള്ള വളർച്ച പലരുടെയും ശത്രുവാക്കി. തളർന്ന് വീണിടത്തു നിന്നെല്ലാം അസാധാരണ ധൈര്യത്തോടെ വീണ്ടും ഉയർത്തെഴുന്നേറ്റിട്ടുണ്ട്. അതെല്ലാം പിന്നിട്ട ചരിത്രങ്ങളാണ്.
മനുഷ്യനെ വലിയവാനാക്കുന്നത് കഴിവ് മാത്രമല്ല, വാക്കും പ്രവൃത്തിയും കൂടിയാണെന്ന് ഇദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു. പെരുമാറ്റം മോശമായാൽ എത്ര വലിയവനും തീരെ ചെറിയവനായിപ്പോകും. ജീവിതത്തിൽ എപ്പോഴും കൂടെ കൊണ്ടു നടക്കുന്ന ഒരു തത്വവും ഇത് തന്നെയാണ്. കഠിനമായ പരിശ്രമങ്ങളിലൂടെ ആർജിച്ചെടുത്ത കഴിവുകളും അംഗീകാരങ്ങളും മറ്റുള്ളവർക്ക് കൂടി പ്രയോജനപ്രദമാകുന്ന തരത്തിൽ എന്തെങ്കിലും ചെയ്യണമെന്ന് ഇദ്ദേഹത്തിന് നിർബന്ധമായിരുന്നു. അതിന്റെ ഭാഗമായിട്ടാണ് സ്നേഹാർദ്രം എന്ന ഒരു പ്രസ്ഥാനത്തിന് കൂടി ഡോക്ടർ തുടക്കം കുറിച്ചത്. സാമ്പത്തിക പരാധീനത മൂലം ഒരാളും ചികിത്സ കിട്ടാതെ പോകരുതെന്ന ചിന്ത തന്നെയാണ് അതിന് പിന്നിൽ. അസാധാരണവും ആവേശഭരിതവുമായ ജീവിതകഥയാണിത്. ബുക്കർമാൻ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില ₹ 150