നാലുവയസുവരെ എഴുന്നേറ്റു നിൽക്കാനോ ഇരിക്കാനോ കഴിയാത്ത കുട്ടിയായിരുന്നു അവൾ. അവളെ ഒന്ന് ഇരുത്തുവാൻ വേണ്ടി മണ്ണിൽ കുഴി കുഴിച്ച് അതിൽ ഇരുത്തിയിട്ടുണ്ട്." ഇത് ലോക സ്പെഷ്യൽ സ്കൂൾ ഒളിമ്പിക്സിൽ 200 മീറ്ററിൽ 0.34 സെക്കൻഡിൽ സ്വർണം നഷ്ടപ്പെട്ട് വെള്ളിമെഡൽ കൊണ്ട് തൃപ്തിയടയേണ്ടി വന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആര്യയുടെ അമ്മ വിജയശ്രീയുടെ വാക്കുകളാണ്.
കരുനാഗപ്പള്ളി കല്ലേലിഭാഗം കോഴിശേരി പുത്തൻവീട്ടിൽ പരേതനായ വേണുഗോപാലന്റെ രണ്ടാമത്തെ മകളായ ആര്യ ഇപ്പോൾ നാട്ടിലെ താരമാണ്. 2019 മാർച്ച് 14 മുതൽ 21വരെ അബുദാബിയിൽ വ ച്ച് നടന്ന വേൾഡ് സ്പെഷ്യൽ സ്കൂൾ ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് 100, 200 മീറ്റർ മത്സരത്തിനായി കേരളത്തിൽ നിന്നും പോയ കായിക താരമായിരുന്നു ആര്യ. ഈ രണ്ട് മത്സരങ്ങൾക്കും ആര്യ വെള്ളിമെഡൽ കരസ്ഥമാക്കി. ഇതിൽ നൂറുമീറ്റർ മത്സരത്തിൽ 0.34 സെക്കൻഡിനാണ് ആര്യയ്ക്ക് സ്വർണം നഷ്ടപ്പെടുന്നത്.
ജനിച്ച് ഒരു വയസ് വരെയും സാധാരണ കുട്ടികളെപ്പോലെയായിരുന്നു ആര്യയും. എന്നാൽ പിന്നീടങ്ങോട്ട് മറ്റു കുട്ടികളെ പോലെ സ്വയം ഇരിക്കുവാനോ പിടിച്ചെഴുന്നേൽക്കാനോ സംസാരിക്കുവാനോ കഴിയാതെയായി. ഒടുവിൽ വീട്ടുകാരുടെ നിരന്തര പരിശ്രമത്തിലൂടെ ആര്യ അഞ്ചാം വയസിൽ നടന്നു തുടങ്ങി. അപ്പോഴും സംസാരിച്ചിട്ടില്ല. ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലത്ത് അവളെ ചികിത്സിക്കുവാനോ വേണ്ടവിധത്തിൽ പരിചരിക്കുവാനോ ആ നിർദ്ധനകുടുംബത്തിന് കഴിയുമായിരുന്നില്ല. പലകയും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് മറച്ച ഒറ്റമുറി വീടായിരുന്നു ആര്യയുടേത്. ആര്യയുടെ അച്ഛൻ ഹോട്ടലിലും മറ്റും പാചകം ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനം വീട്ടുചെലവിന് പോലും തികയാത്ത അവസ്ഥയായിരുന്നു.
സമപ്രായക്കാരായ കുട്ടികൾ സ്കൂളിൽ പോകുന്നത് കാണുമ്പോൾ ആര്യയും സ്കൂളിൽ പോകാൻ വാശി പിടിച്ചിട്ടുണ്ട്. ഒടുവിൽ ആ കുട്ടികളോടൊപ്പം റോഡ് വരെ പോയി തിരികെ വരും. പ്രായത്തിനൊത്ത മാനസിക വളർച്ചയും സംസാരശേഷിയും ഇല്ലാത്തതുകൊണ്ട് അത്തരം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ചേർക്കുവാൻ പലരും നിർബന്ധിച്ചെങ്കിലും ആര്യയുടെ രക്ഷിതാക്കൾ തയ്യാറായില്ല. സാധാരണ കുട്ടികളെ പോലെ അവളും സർക്കാർ സ്കൂളിൽ തന്നെ പഠിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം. അങ്ങനെ ആര്യയ്ക്ക് ഏഴു വയസായപ്പോൾ ആദ്യമായി സ്കൂളിന്റെ പടി ചവിട്ടി. വീടിനടുത്തുള്ള കല്ലേലിഭാഗം എസ് എൻ വി എൽ പി എസിലായിരുന്നു അവളുടെ വിദ്യാഭ്യാസം തുടങ്ങിയത്. പിന്നീട് യു. പി സ്കൂളിലേക്ക് മാറിയതോടെ അവിടത്തെ കുട്ടികളെ കണ്ട് ആര്യയും ഗ്രൗണ്ടിൽ ഓടാൻ തുടങ്ങി. പക്ഷേ വിധി മറ്റൊരു രൂപത്തിൽ അവളെ വീണ്ടും വേട്ടയാടി. അപ്രതീക്ഷിതമായി അച്ഛന്റെ മരണം എത്തിയതോടെ ആര്യയുടെ പഠനം വഴിമുട്ടി.
എന്നാൽ, ആര്യ പഠനം നിർത്തിയതറിഞ്ഞ ശാസ്താംകോട്ടയിലുള്ള ഭിന്നശേഷി സൗഹൃദ വിദ്യാലയമായ 'മനോവികാസ് "എന്ന സ്കൂളിലെ അദ്ധ്യാപികമാരായ ഗിരിജ ടീച്ചറും അമ്പിളി ടീച്ചറും ആര്യയുടെ വീട്ടിലെത്തി. അങ്ങനെ ആര്യ പുതിയ സ്കൂളിലെത്തി. അവിടെ വച്ചാണ് ആര്യയുടെ ജീവിതം മാറി തുടങ്ങുന്നത്. ക്ലാസ് മുറികളിലും ഗ്രൗണ്ടിലും മിന്നിമറയുന്ന ആര്യ എല്ലാവരുടെയും ശ്രദ്ധാലുവായി. ആര്യയുടെ ഓടാനുള്ള താല്പര്യം കണ്ടറിഞ്ഞ അദ്ധ്യാപകർ സ്കൂൾ തല ഓട്ടമത്സരത്തിൽ പങ്കെടുപ്പിച്ചു. തുടർന്ന് ജില്ലാ, സംസ്ഥാന, ദേശീയ കായിക മത്സരത്തിൽ (ദേശീയ മത്സരം 2016ൽ ഭുവനേശ്വറിൽ വച്ച് നടന്നു )ബാക്കിയുള്ളവരെ പിന്തള്ളി ആര്യ ബഹുദൂരം മുന്നേറി. അവസാനം അത് ലോക ഒളിമ്പിക്സിലും എത്തി. നാലുവർഷമായി ആര്യയെ നൂറ്, ഇരുനൂറ് മീറ്റർ ഓട്ടവും റിലേയും ഡിസ്കസ് ത്രോയും ഒക്കെ പരിശീലിപ്പിച്ചു വരികയാണ് ഇവിടത്തെ അദ്ധ്യാപകർ. എപ്പോൾ ഓടാൻ പറഞ്ഞാലും യാതൊരു മടിയും കൂടാതെ അവൾ അനുസരിക്കുമായിരുന്നു. അതു തന്നെയാണ് അവളുടെ ഈ വിജയത്തിന് കാരണമായതെന്നും ആര്യയുടെ അദ്ധ്യാപകർ പറയുന്നു.
ആര്യയുടെ നേട്ടം സ്കൂൾ അധികൃതർക്കും മറ്റു രക്ഷിതാക്കൾക്കും നാട്ടുകാർക്കും വലിയ പ്രചോദനം ആയിരിക്കുകയാണ്. എല്ലാ സൗഭാഗ്യങ്ങളും സൗകര്യങ്ങളും ഉണ്ടായിട്ടും ചെറിയ പരിമിതികളെ ഓർത്ത് ജീവിതം തള്ളിനീക്കുന്ന നമുക്കെല്ലാം ഒരു പാഠം തന്നെയാണ് ആര്യയുടെ വിജയം. ശാരീരികവും മനസികവുമായ വെല്ലുവിളികൾ നേരിട്ട് ജീവിത പ്രാരാബ്ധങ്ങളോട് പടപൊരുതി ആര്യ നേടിയെടുത്തത് ഒരു ജീവിത സാക്ഷാത്ക്കാരം കൂടിയാണ്.
''ആര്യയുടെ ബൗദ്ധികനിലവാരമനുസരിച്ച് ജീവിതത്തിന് ആവശ്യമുള്ള അറിവുകൾ പകർന്നു നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അവളുടെ പേരും വിലാസവും ഫോൺ നമ്പറും എഴുതാനിപ്പോൾ അവൾക്കറിയാം."" പറയുമ്പോൾ ആര്യയുടെ പ്രിയ അദ്ധ്യാപകരുടെ മുഖത്ത് അഭിമാനം നിഴലിക്കുന്നുണ്ട്. ആര്യയുടെ മിടുക്ക് തിരിച്ചറിഞ്ഞതോടെ നാട്ടിലെ സന്നദ്ധ സംഘടനകളെല്ലാം അവൾക്ക് വേണ്ടി കൈകോർത്തു. സിഡ്നിയിൽ വച്ച് നടക്കുന്ന അടുത്ത ഒളിമ്പിക്സിൽ സ്വർണം നേടുക എന്നതാണ് ആര്യയുടെ അടുത്ത ലക്ഷ്യം. ഒപ്പം ഒരു സർക്കാർ ജോലിയും ഈ മിടുക്കിയും കുടുംബവും സ്വപ്നം കാണുന്നുണ്ട്.