ഊട്ടിയിലെ കാലാവസ്ഥ എല്ലാവർക്കും അറിയാമല്ലോ. അരിച്ചു കയറുന്ന തണുപ്പ്, വിശേഷിച്ചും പ്രഭാതങ്ങളിൽ! അതുകൊണ്ട് നഗരം ഒന്നുണരാൻ ഏതാണ്ട് ഒമ്പതുമണിയാകും. രാവിലെ എട്ടേകാലോടെ ഞാൻ സ്റ്റുഡിയോയിലെത്തുകയാണ് പതിവ്. അതിനിടെ കിട്ടുന്ന അരമുക്കാൽ മണിക്കൂർ റോഡരികിലെ ചെടികളിലും മരങ്ങളിലും പക്ഷിനിരീക്ഷണത്തിനായി സമയം കണ്ടെത്തും, അതും വെയിലും വെളിച്ചവും അനുകൂലമെങ്കിൽ മാത്രം. ടൗണിനു ചുറ്റും വനമായതിനാൽ അടുത്തുള്ള മരങ്ങളിലും കുറ്റിക്കാടുകളിലും പലതരം പക്ഷികളെയും കുരങ്ങുകളേയും കാണാം. റോഡിലൂടെ പശുക്കളെപ്പോലെ കാട്ടുപോത്തുകൾ നടന്നുപോകുന്നതും ഇവിടുത്തെ സാധാരണ കാഴ്ചയാണ്. അങ്ങനെ ഒരു ദിവസം പോകുമ്പോൾ അടുത്തുള്ള ഒരു സ്ഥാപനത്തിന്റെ ഗ്രൗണ്ടിൽ കുറെ മൈനകൾ കലപില കൂട്ടുന്ന ശബ്ദം കേട്ട് അവിടേക്ക് ചെന്നു.
ടെലിലെൻസുമായി കൈയിൽ വച്ചിരുന്ന കാമറ ദൂരെ നിന്നു തന്നെ ഫോക്കസ് ചെയ്തതും കണ്ട കാഴ്ച ക്ലിക്ക് ചെയ്തതും ഒപ്പമായിരുന്നു. എന്തായിരുന്നു ആ കാഴ്ച എന്നല്ലേ? ഒരു സമചതുരക്കളത്തിലെ നാലു മൂലകളിൽ എന്നപോലെ നാല് മൈനകൾ കോണോടു കോണായി മുഖാമുഖം നോക്കി, നാലും വായ തുറന്നു വാശിയോടെ ശരീരം കുലുക്കി എന്തോ വളരെ ഉച്ചത്തിൽ ശബ്ദിക്കുന്നു, പൂടകൾ എഴുന്നു നിൽക്കുന്നുണ്ടായിരുന്നു! ഏതോ ഗൗരവമുള്ള തർക്കമോ വലിയ വഴക്കോ ആണെന്ന് തോന്നി. എന്നെ കണ്ടതു കൊണ്ടാണോ എന്നറിയില്ല ക്ലിക്കടിച്ചതും അവ പറന്നതും ഒപ്പമായിരുന്നു. ഒന്നോ രണ്ടോ മൈനകളെത്തന്നെ നല്ല രീതിയിൽ നമ്മൾ ഉദ്ദേശിക്കുന്ന തരത്തിൽ ഫ്രെയിമിൽ കിട്ടുക ബുദ്ധിമുട്ടാണ്. നാല് മൈനകളുടെ ഫോട്ടോ ഇനിയും എടുക്കാം.
എന്നാൽ അവ ഒരേ രീതിയിൽ വായ് തുറന്നു വച്ചിരിക്കുന്നതും ഒരുപോലെ പരസ്പരം നോക്കുന്നതും ആക്ഷൻ കാണിക്കുന്നതും പറഞ്ഞു ചെയ്യിച്ചാൽ പോലും ഇനിയൊരിക്കലും ഇതേപോലെ എടുക്കാൻ പറ്റില്ല എന്നതാണ് അതിന്റെ അതിശയിപ്പിക്കുന്ന വശം! അപൂർവങ്ങളിൽ അപൂർവമായ ഒരു മുഹൂർത്തമായിരുന്നു അത്. അതെങ്ങനെ കിട്ടി എന്നത് എന്നിൽ ഇന്നും വിസ്മയം ജനിപ്പിക്കുന്ന ഒന്നാണ് . ആ ചിത്രം കാണുന്ന, വിലയിരുത്തുന്ന ഓരോ വ്യക്തിക്കും ഇതേ ഫീലിംഗ് ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു. ഏറ്റവും വലിയ അന്തർദ്ദേശീയ ഫോട്ടോ ഏജൻസിയായ ഗെറ്റി ഇമേജസിന്റെ അമേരിക്കയിലെയും ബീജിംഗിലെയും ജപ്പാനിലെയുമൊക്കെ സൈറ്റിൽ ഈ ഫോട്ടോ കാണാം. അതുകൊണ്ടു തന്നെ പറയട്ടെ ഈ ചിത്രങ്ങളെല്ലാം പകർപ്പവകാശ നിയമങ്ങൾക്ക് വിധേയമാണ്.