റസൂൽ പൂക്കുട്ടിക്ക് ഒാസ്കാർ പുരസ്കാരം ലഭിച്ചിട്ട് പത്തുവർഷമാകുന്നു. ഇന്ത്യൻ സിനിമാ ലോകത്തെ മികച്ച സൗണ്ട് ഡിസൈനറും സൗണ്ട് എഡിറ്ററും സൗണ്ട് മിക്സറും എന്ന ഭാവമില്ലാതെ സാധാരണക്കാരനെ പോലെ റസൂൽ. വിളക്കുപാറക്കാരൻ എന്ന് റസൂൽ അപ്പോൾ തിരുത്തും.നാട്ടിലെത്തിയാൽ വിളക്കുപാറയ്ക്ക് പോകണം. ആ പതിവിന് ഒരിക്കലും മാറ്റമില്ല, റസൂൽ സംസാരിച്ചു തുടങ്ങി.
താങ്കൾക്ക് ഒാസ്കാർ ലഭിച്ച ശേഷമാണ് സിങ്ക് സൗണ്ട് ജനപ്രിയത കൈവരിക്കുന്നത് ?
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോഴാണ് സത്യജിത് റായ്ക്ക് ഒാസ്കാർ ലഭിക്കുന്നത്. അപ്പോൾ ഞാൻ ആകെ അസ്വസ്ഥനായി. ഞാൻ ഒരു സിനിമ ചെയ്യുമ്പോൾ അതിനു ഒാസ്കാർ ലഭിക്കുമെന്നാണ് കരുതിയത്. അതിനുമുമ്പേ ഒാസ്കാർ സത്യജിത് റായി കൊണ്ടുപോയി. ശബ്ദമിശ്രണത്തിന് ഒാസ്കാർ ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ സങ്കല്പത്തിലെ സിനിമ രൂപപ്പെടുത്തിയെടുത്തെങ്കിലും വാങ്ങാൻ ആളില്ലെന്ന് തിരിച്ചറിഞ്ഞു. എനിക്ക് വിദ്യാഭ്യാസമുണ്ട്, എന്നാൽ സിനിമയ്ക്ക് എന്നെ വേണ്ട. എന്റെ ആവശ്യകത സിനിമ വ്യവസായത്തിൽ ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടതെന്ന് തിരിച്ചറിഞ്ഞു. പതിന്നാലു വർഷം നീണ്ട പരിശ്രമങ്ങളുടെ അവസാനഫലമാണ് എനിക്ക് ലഭിച്ച ഒാസ്കാർ. ഒരു രാത്രി കൊണ്ട് താരമായെന്ന് വിശേഷിപ്പിക്കുന്നവരുണ്ട്. എന്നാൽ ആ ഒരു രാത്രിക്ക് പതിനാലുവർഷത്തെ നീളമുണ്ട്. ഒാസ്കാർ ലഭിച്ചശേഷം സിനിമ മൊത്തത്തിൽ മാറി. അതിനു കാരണം പുതുതലമുറയാണ്. സിനിമ കാണാനും പഠിക്കാനും പരീക്ഷണം നടത്താനും അതീവ തത്പരരായ യാതൊരു പേടിയുമില്ലാത്ത യുവത. കഴിഞ്ഞ പത്തുവർഷം ഇന്ത്യൻ സിനിമയുടെ സുവർണ കാലമാണ്. അതിഭീകരമായ പുതിയ ചിന്താഗതികൾ, പുതിയ കഥാരീതികൾ, പുതിയ താരങ്ങൾ, പുതിയ സാങ്കേതിക വിദഗ്ദ്ധർ. അങ്ങനെ സിനിമ ആകെ മാറി.അതിനു കാരണമാകാവുന്ന ഘടകങ്ങളിലൊന്ന് ഒരുപക്ഷേ എ.ആർ. റഹ്മാന്റെയും എന്റെയും ഒാസ്കാറായിരിക്കാം. അതിനുശേഷമാണ് വലിയ മാറ്റം സംഭവിച്ചത്. ഇന്ത്യൻ സിനിമയെ 2009 നു മുമ്പും ശേഷവുമെന്ന് രണ്ടായി കാണേണ്ടതുണ്ട്. പഠനവും അറിവും വൈവിദ്ധ്യവും നൽകി എനിക്ക് സഹായിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.
സെലിബ്രിറ്റിയാണെങ്കിലും ആൾക്കൂട്ടങ്ങൾക്ക് നടുവിലാണല്ലോ എപ്പോഴും?
ഒരു ദിവസം അമിതാഭ് ബച്ചൻ എന്നോട് പറഞ്ഞു, ജീവിതത്തിന്റെ ഒരു ഘട്ടം എത്തുമ്പോൾ നമ്മളെ തേടി ഒരുപാട് അംഗീകാരങ്ങൾ എത്തും. എന്നാൽ ഈ അംഗീകാരങ്ങൾ സൂക്ഷിക്കാൻ പാകമുള്ള ചുമര് ഉണ്ടാക്കേണ്ടത് നമ്മുടെ കടമയാണ്. ആ ചുമരിന് മുകളിലിരുന്നാണ് അംഗീകാരങ്ങൾ തിളങ്ങുക. അതാണ് എന്റെ ജീവിതത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്. ഞാൻ ഒരു സാധാരണ മലയാളിയാണ്. വെളിച്ചെണ്ണ തലയിൽ തേയ്ക്കുന്ന, കപ്പയും മീനും കഴിക്കാൻ ഇഷ്ടപ്പെടുന്ന, കഞ്ഞിയും പയറും കഴിക്കാൻ ആഗ്രഹിക്കുന്ന, മക്കൾക്ക് പഴങ്കഞ്ഞി ഉണ്ടാക്കി കൊടുക്കുന്ന സാധാരണ മലയാളി. അത് മാറ്റേണ്ട ആവശ്യമില്ല. ഒരു കൈഞ്ഞൊടിയിൽ വേണമെങ്കിൽ യു.എസ് പൗരനാവാൻ കഴിയും. എനിക്ക് അതൊന്നും ആവശ്യമില്ല. ഇന്ത്യയിൽനിന്നു കൊണ്ടാണ് ഒാസ്കാർ വാങ്ങിയത്. മലയാള സിനിമ ചെയ്യാൻ വിളി വരുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്. എന്നെ ഞാനാക്കിയത് മലയാളമാണ്. അതു ഉള്ളിന്റെയുള്ളിൽ എപ്പോഴുമുണ്ട്. ആൾക്കൂട്ടത്തിൽ നിന്നാണ് വന്നത്, ആൾക്കൂട്ടത്തിൽ എന്നെ കാണാം.
ശബ്ദമാണ് വഴിയെന്ന് എപ്പോൾ തിരിച്ചറിഞ്ഞു?
തിരുവനന്തപുരം ലാ കോളേജിൽ ഒന്നാം വർഷം പഠിക്കുമ്പോൾ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സൗണ്ട് എൻജിനിയറിംഗ് കോഴ്സിന് സീറ്റൊഴിവുണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞു. അപേക്ഷിച്ചെങ്കിലും പ്രവേശനം ലഭിച്ചില്ല. ആ തോൽവി എന്നെ ഒരുപാട് പാഠം പഠിപ്പിച്ചു, വീണ്ടും അപേക്ഷിച്ചു. അപ്പോൾ പ്രവേശനം ലഭിച്ചു. ജീവിതത്തിൽ ഒന്നും മുൻകൂട്ടി കണ്ടില്ല. എല്ലാം വന്നു ചേരുകയായിരുന്നു.
താങ്കൾക്ക് ഇഷ്ടമുള്ള മനോഹരമായ ശബ്ദം?
മഴ ഇഷ്ടമാണ്. വിളക്കുപാറയിൽ തിമിർത്തു പെയ്യുന്ന മഴയുടെ ഹുങ്കാരം എത്ര കേട്ടാലും മതി വരില്ല. കോളേജിൽ പഠിക്കുമ്പോൾ മഴ കണ്ട് പരീക്ഷാഹാളിൽ എഴുതാതിരുന്നിട്ടുണ്ട്. ജീവിതത്തിൽ കള്ളം പറയുന്നത് മഴയുടെ പേരിൽ മാത്രമാണ്. മഴ കണ്ട് ഹോട്ടൽ ബാൽക്കണയിലിരിക്കും. മുംബയിൽ ബി.ബി.സിയുടെ ഡോക്യുമെന്ററി ചെയ്യുമ്പോൾ ഒരു ദിവസം രാവിലെ മഴ തിമിർത്തു പെയ്യുന്നു . ഫ്ളാറ്റിന്റെ നാലാം നിലയിലെ വലിയ ജനാല തുറന്നു മഴ കണ്ടുനിന്നു. എന്നെ കാണാതെ യൂണിറ്റംഗങ്ങൾ വിളിച്ചപ്പോൾ ഭയങ്കര മഴയാണെന്നും അന്ധേരിയിൽ വെള്ളപ്പൊക്കമാണെന്നും പറഞ്ഞു. ഒൻപത് മണിക്ക് ലൊക്കേഷനിൽ എത്തേണ്ട ഞാൻ ചെന്നത് ഉച്ചയ്ക്ക് രണ്ടിന്.
പ്രേക്ഷക അംഗീകാരങ്ങളെ എങ്ങനെ ഓർക്കുന്നു?
എനിക്ക് ലഭിച്ച, ലഭിക്കുന്ന പ്രേക്ഷക സ്നേഹം ലോകത്ത് മറ്റൊരു സിനിമ പ്രവർത്തകനും ലഭിച്ചിട്ടില്ല. അത് മഹാഭാഗ്യം. കൂടുതൽ സ്നേഹിക്കുന്നത് മലയാളിയാണ്. ലോകത്ത് ഏതു മലയാളിയുടെ വീട്ടിലും എനിക്ക് ഊണുണ്ട്. അവരുടെ സ്വകാര്യ സ്വത്തായി എന്നെ കാണുന്നു. പട്ടിണി കിടന്ന് മരിക്കില്ലെന്ന വലിയ ഒരു ശക്തി മലയാളി എനിക്ക് തന്നിട്ടുണ്ട്. അവരോട് നന്ദി.
എന്താണ് താങ്കളുടെ രാഷ്ട്രീയം?
എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. ഞാൻ ഒരു അരാഷ്ട്രീയവാദിയല്ല.വായിക്കുകയും ചിന്തിക്കുകയും പഠിക്കുകയും ചെയ്യുന്ന ഏതൊരു മലയാളിയെയും പോലെ എനിക്കും രാഷ്ട്രീയമുണ്ട്.