ലൂക്ക കണ്ടിറങ്ങിയവരുടെ മനസിനൊപ്പം കൂടെപ്പോന്ന ഒരു പൊലീസുകാരനുണ്ട്, അക്ബർ ഹുസൈൻ. നിതിൻ ജോർജെന്നാണ് സ്വന്തം പേര്. സിനിമ മാത്രം സ്വപ്നം കണ്ട് ഈ മൂവാറ്റുപുഴക്കാരൻ നടന്നത് വർഷങ്ങളാണ്. ചെറിയ വേഷങ്ങളിലൂടെ സിനിമകളിലും പ്രധാന വേഷത്തിൽ സീരിയലിലുമെല്ലാം കണ്ടിട്ടുണ്ടാകും. പക്ഷേ സ്വപ്നം കണ്ട വേഷം ലഭിച്ചത് ഇപ്പോഴാണെന്ന് മാത്രം. സിനിമ സൂപ്പർഹിറ്റിലേക്ക് കുതിക്കുമ്പോഴും ഞെട്ടൽ മാറാതെ നിതിൻ ഇവിടെയുണ്ട്.
''വർഷങ്ങളുടെ സൗഹൃദമാണ് എന്നെ നല്ലൊരു നടനാക്കിയത്. കരിയറിലെ ബ്രേക്ക് സിനിമയാണിത്. ഒരുപാട് നാളത്തെ കാത്തിരിപ്പായിരുന്നു. അഭിനേതാവ് എന്ന നിലയിൽ പക്വത വരാൻ ആ കാത്തിരിപ്പ് ഏറെ സഹായിച്ചു.""
സൗഹൃദം സമ്മാനിച്ച ലൂക്ക
ലൂക്കയുടെ സംവിധായകൻ അരുൺ ബോസും ഞാനും സ്കൂളിൽ ഒന്നിച്ചു പഠിച്ചവരാണ്. സിനിമയാണ് ഞങ്ങൾക്ക് രണ്ട് പേർക്കും താത്പര്യമുള്ള മേഖലയെന്ന് പരസ്പരം അറിയില്ലായിരുന്നു. അരുൺ കുറേക്കാലം വിദേശത്തായിരുന്നു. അവിടെ നിന്ന് സിനിമയൊക്കെ പഠിച്ച് നാട്ടിലെത്തുന്ന സമയത്ത് ഞാനുണ്ടായിരുന്ന ജോലിയെല്ലാം ഉപേക്ഷിച്ച് സിനിമയ് ക്ക് പിന്നാലെയുള്ള നടപ്പായിരുന്നു. അങ്ങനെ സൗഹൃദം പുതുക്കലിനിടയിലാണ് രണ്ടുപേരും ഒരേ ദിശയിൽ ഒഴുകുന്ന വ്യക്തികളാണെന്ന് അറിയുന്നത്. എങ്കിൽ പിന്നെ ഒരുമിച്ച് ഒരു കൈ നോക്കാമെന്ന് കരുതി 'അലൈയിൻ തിസൈ" എന്ന ഒരു ഓഫ് ബീറ്റ് ചിത്രം തമിഴിൽ ചെയ്തു. ഞാനും അരുണും ചേർന്നാണ് തിരക്കഥ എഴുതിയത്. സംവിധാനം ചെയ്തതും അരുൺ തന്നെ, അതിലെ പ്രധാന വേഷം ചെയ്തിരിക്കുന്നത് ഞാനാണ്. അലൈയിൻ തിസൈ ഒരു ഫെസ്റ്റിവൽ മൂവിയാണ്. അതുകൊണ്ട് തന്നെ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. അത് കഴിഞ്ഞപ്പോൾ മലയാളത്തിൽ ഒരു സിനിമ ചെയ്യാമെന്നായി. അങ്ങനെയാണ് ലൂക്കയുടെ കഥയിലേക്ക് എത്തുന്നത്. ഏതാണ്ട് നാലു വർഷത്തോളമായി ആ സിനിമയ്ക്ക് പിന്നാലെയായിരുന്നു ഞങ്ങൾ. സിനിമ തുടങ്ങുന്നതിന് ഒരു മാസം മുമ്പാണ് അക്ബർ ഹുസൈനായി എന്നെ തീരുമാനിക്കുന്നത്. മലയാളത്തിലെ ഒരു പ്രമുഖ നടൻ ചെയ്യാനിരുന്ന വേഷമാണ്. അദ്ദേഹത്തിന്റെ ഡേറ്റ് മാറിയതോടെയാണ് ഞാനെത്തുന്നത്. അതുവരെ എനിക്ക് പറഞ്ഞുവച്ചിരുന്ന വേഷം മറ്റൊന്നായിരുന്നു. പലരും സിനിമ കണ്ടുകഴിഞ്ഞപ്പോൾ പറഞ്ഞത് യഥാർത്ഥ പൊലിസുകാരന്റെ ലുക്ക് വന്നിട്ടുണ്ടെന്നാണ്. അതെന്തായാലും സന്തോഷമാണ്. ഒരു മാസത്തെ ചുരുങ്ങിയ സമയമാണ് ആകെ ഉണ്ടായിരുന്നത്. അതിനിടയിൽ ജിമ്മിലൊക്കെ പോയി ബോഡി ഫിറ്റാക്കി. നല്ല ഉയരമുള്ളതുകൊണ്ട് അതൊരു പ്ലസായിരുന്നു. പിന്നെ ഹെയർകട്ടും കോസ്റ്റ്യൂംസുമൊക്കെ ആയപ്പോൾ പൊലീസുകാരനായി.
ഉണ്ടായിരുന്ന ജോലി കളഞ്ഞ്
ആക്ടിംഗ് കരിയർ തുടങ്ങിയത് സിനിമയിലൂടെയായിരുന്നു. എല്ലാം ചെറിയ ചെറിയ വേഷങ്ങൾ. പോപ്കോണിൽ ഒരു നെഗറ്റീവ് വേഷമായിരുന്നു. അമ്മത്തൊട്ടിൽ, ക്ലാസ് മേറ്റ്സ് അങ്ങനെ മുഖം കാണിച്ച ചിത്രങ്ങൾ കുറച്ചുണ്ട്. അതുകഴിഞ്ഞാണ് സീരിയലിലേക്ക് എത്തുന്നത്. ചക്രവാകം എന്ന സീരിയലിൽ പ്രധാന വേഷം ചെയ്തു. ഏതാണ്ട് രണ്ടരവർഷത്തോളം ടെലികാസ്റ്റ് ചെയ്തു. സീരിയലല്ല സിനിമയാണ് ചെയ്യേണ്ടതെന്ന തിരിച്ചറിവിലാണ് വീണ്ടും കാത്തിരിപ്പ് തുടങ്ങിയത്. ആ കാത്തിരിപ്പാണ് അരുൺ ബോസിലേക്ക് എത്തി നിന്നത്. ഏതാണ്ട് അഞ്ചു വർഷത്തോളം എഫ് എമ്മിൽ ജോലി ചെയ്തു. ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ്. അതെല്ലാം ഉപേക്ഷിച്ചാണ് സിനിമയ്ക്ക് പിന്നാലെ യാത്ര തിരിച്ചത്.
കൂടെയുള്ളത് വിശ്വാസം
ഭാഗ്യവും കഠിനാദ്ധ്വാനവുമുണ്ടായിരുന്നു. ഗോഡ് ഫാദറില്ലാത്തതിന്റെ ബുദ്ധിമുട്ട് സ്വാഭാവികമായും ഉണ്ടായിട്ടുണ്ട്. ഒരു കഥാപാത്രത്തിലേക്ക് കാസ്റ്റ് ചെയ്യുന്നതിലേക്ക് എത്തിപ്പെടുക എന്നത് വലിയ പ്രയാസമുള്ള കാര്യം തന്നെയാണ്. ഇപ്പോഴത് കുറേയധികം മാറിയിട്ടുണ്ടെങ്കിലും ഭാഗ്യം ഇല്ലാതിരുന്നാൽ ഒന്നും നടക്കില്ല. അവസരങ്ങൾ തേടിപ്പോയപ്പോഴെല്ലാം വേദനിപ്പിച്ച ഒരുപാട് സംഭവങ്ങളുണ്ടായിട്ടുണ്ട്. ജോലിയും ഇല്ല, സ്വപ്നം കണ്ട കരിയറുമില്ലാത്ത അവസ്ഥ ഒരാളെ എത്രത്തോളം അസ്വസ്ഥനാക്കുമെന്ന് പറയേണ്ടതില്ലല്ലോ. അപ്പോഴും കൈമോശം വരാത്തതായി ആകെയുണ്ടായിരുന്നത് ആത്മവിശ്വാസം മാത്രമായിരുന്നു. എന്നെങ്കിലും ഒരിക്കൽ സ്വപ്നം കണ്ടിരുന്ന പോലൊരു വേഷം കിട്ടുമെന്ന് എനിക്കുറപ്പായിരുന്നു. 'വാനിൽ ചന്ദ്രിക" എന്ന പാട്ടിലൂടെയാണ് പലരും എന്നെ കണ്ടു തുടങ്ങിയത്. ഒരു പ്രണയഗാനത്തിലൊക്കെ അഭിനയിക്കാൻ കഴിഞ്ഞുവെന്നത് ഓർക്കുമ്പോൾ ഇപ്പോഴും അത്ഭുതമാണ്. സൂരജ് എസ് കുറുപ്പാണ് സംഗീതം. സൂരജിനെ മലയാളികൾക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇപ്പോഴത്തെ ഹിറ്റുകളിൽ നല്ലൊരു പങ്ക് സൂരജിന്റേത് കൂടിയാണ്. ലൂക്കയുടെ വിജയം പാട്ടുകൾ കൂടിയാണ്. സിനിമയുടെ മൂഡ് ക്രിയേറ്റ് ചെയ്യാൻ പാട്ടുകൾക്കായി.
ടൊവിനോ ഞെട്ടിക്കും
ടൊവിനോ ആള് സൂപ്പറാണ്. അഞ്ചു വർഷത്തെ പരിചയമുണ്ട്. അന്നത്തെ ടൊവിനോയിൽ നിന്നും ഇന്നത്തെ ടൊവിനോയ്ക്ക് ഒരു മാറ്റവുമില്ല. വളരെ പ്രൊഫഷണലാണ്. ടൊവിനോയുടെ താരത്തിളക്കത്തിന് പിന്നിൽ അദ്ദേഹത്തിന്റെ കഠിനാധ്വാനവും സിനിമയോടുള്ള പ്രണയവും തന്നെയാണ്. ടൊവിനോയുടെ ചർച്ചകളെപ്പോഴും സിനിമ തന്നെയായിരിക്കും. എന്നെ പോലൊരു ചെറിയ താരത്തിന് അത്രയും വലിയ വേഷം സമ്മാനിച്ച ടൊവിനോയ്ക്ക് തന്നെയാണ് കടപ്പാട്. ഒരു പക്ഷേ മറ്റേതെങ്കിലും ഒരു താരമായിരുന്നെങ്കിൽ എനിക്കീ വേഷം കിട്ടുമായിരുന്നില്ല. ടൊവിനോ വ്യത്യസ്തനാകുന്നതും അവിടെയാണ്. സിനിമ പോലെ പ്രിയപ്പെട്ടതാണ് എഴുത്തും പാട്ടും. ഇതിനെല്ലാം ശക്തി തരുന്നത് കുടുംബം തന്നെയാണ്. ജോലി വിട്ട് സിനിമയ്ക്ക് വേണ്ടി ഇറങ്ങുമ്പോൾ സ്വാഭാവികമായും ആ പിന്തുണയില്ലാതെ പറ്റില്ലല്ലോ, ഭാര്യ ഷിത. ഇരട്ടക്കുട്ടികളാണ്, മൂന്നു വയസായി. മകൾ മന്ന, മകൻ ലൂക്ക. മകന്റെ പേര് ലൂക്ക എന്നത് യാദൃശ്ചികമായിസംഭവിച്ചതാണ്.