isis

ചെന്നൈ:ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം സ്ഥാപിക്കണമെന്ന ഉദ്ദേശത്തോടെ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുകയും ഇതിനായി ഫണ്ട് പിരിക്കുകയും ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ)യുടെ പരിശോധന. ചെന്നൈ, നാഗപ്പട്ടണം തുടങ്ങിയ സ്ഥലങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിലായിരുന്നു റെയിഡ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചോദ്യം ചെയ്‌‌തതായും വിവിധ തെളിവുകൾ കണ്ടെത്തിയതായും എൻ.ഐ.എ അറിയിച്ചു.

ചെന്നൈയിലെ മുഹമ്മദ് ബുഹാരി എന്നയാളുടെ വീട്ടിലും ഓഫീസിലും നാഗപ്പട്ടണത്ത് ഹസൻ അലി, മുഹമ്മദ് യൂസുഫുദ്ദീൻ എന്നിവരുടെ വീടുകളിലുമാണ് പരിശോധന നടത്തിയത്. ഇന്ത്യയിൽ ആക്രമണങ്ങൾ നടത്താനായി ഇവർ പദ്ധതിയിട്ടിരുന്നതായും ഇതിനായി ഫണ്ട് ശേഖരണം നടത്തിയതായും കണ്ടെത്തിയെന്ന് എൻ.ഐ.എ പറഞ്ഞു. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഇവർ നിരോധിത ഭീകരസംഘടനയായ ഐസിസുമായി ബന്ധപ്പെട്ടതായും അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചു. മാത്രവുമല്ല ഹിന്ദു നേതാക്കളെ കൊലപ്പെടുത്താൻ ഇവർ പദ്ധതിയിട്ടെന്ന ആരോപണവും സംഘം അന്വേഷിക്കുന്നുണ്ട്. മാത്രവുമല്ല ഈസ്‌റ്റർ ദിനത്തിൽ കൊളംബോയിലുണ്ടായ ഭീകരാക്രമണത്തിലെ പ്രതികൾക്ക് ഇവരുമായി ബന്ധമുണ്ടോയെന്ന കാര്യവും എൻ.ഐ.എ അന്വേഷിക്കും.

പരിശോധനയിൽ ഒമ്പത് മൊബൈൽ ഫോൺ, 15 സിം കാർഡ്, ഏഴ് മെമ്മറി കാർഡ്, മൂന്ന് ലാപ്‌ടോപ്പ്, അഞ്ച് ഹാർഡ് ഡിസ്‌ക്, ആറ് പെൻ ഡ്രൈവ്, രണ്ട് ടാബ്‌ലെറ്റ്‌സ്, മൂന്ന് സി.ഡി എന്നിവയ്‌ക്കൊപ്പം നിരവധി ലഘുലേഖകളും പ്രസിദ്ധീകരണങ്ങളും പിടിച്ചെടുത്തു. നേരത്തെ ശ്രീലങ്കൻ ആക്രമണവുമായി ബന്ധപ്പെട്ട് കുംഭകോണം, രാമനാഥപുരം, തഞ്ചാവൂർ കാരയ്ക്കൽ അടക്കം എസ്.ഡ‍ി.പി.ഐയുടേയും പോപ്പുലർ ഫ്രണ്ടിന്റെയും തൗഹീദ് ജമാഅത്തിന്റെ ഓഫീസുകളിൽ മണിക്കൂറുകളോളം എൻ.ഐ.എ സംഘം പരിശോധന നടന്നിരുന്നു. കേരളത്തിൽ നടത്തിയ പരിശോധനയിൽ പാലക്കാട് സ്വദേശിയായ റിയാസ് അബൂബക്കറിനെ തീവ്രവാദ ബന്ധം കണ്ടെത്തിയ സംഘം അറസ്‌റ്റ് ചെയ്‌തിരുന്നു.