kartanrpur

ന്യൂഡൽഹി: സിഖ് തീർത്ഥാടകർക്കായുള്ള കർതാർപൂർ ഇടനാഴിയുമായി ബന്ധപ്പെട്ട് ഇന്ത്യ-പാകിസ്ഥാൻ നേതാക്കൾ ഇന്ന് രണ്ടാംഘട്ട ചർച്ച നടത്തും. ഇടനാഴിക്കായി പാകിസ്ഥാൻ രൂപീകരിച്ച നിർമ്മാണ സമിതിയിൽ ഖാലിസ്ഥാൻ നേതാവ് ഗോപാൽ സിംഗ് ചൗളയെ കമ്മിറ്റിയിൽ നിന്ന് നീക്കിയതിന് തൊട്ടുപിന്നാലെയാണ് കൂടിക്കാഴ്ച. ഗോപാൽ സിംഗിനെ ഉൾപ്പെടുത്തിയതിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.

ചർച്ചയ്ക്കുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തെ ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി അനിൽ മാലിക് നയിക്കും. പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിലെ ദക്ഷിണേഷ്യ ഡയറക്ടർ ജനറൽ മുഹമ്മദ് ഫൈസൽ ഇസ്ലാമാബാദിനെ പ്രതിനിധീകരിക്കും. വാഗയിൽ നടക്കുന്ന ഈ യോഗത്തിൽ തീർഥാടകരുടെ അടിസ്ഥാനസൗകര്യങ്ങളും സുരക്ഷയുമുൾപ്പെടെ നിരവധി പ്രശ്നങ്ങൾ ഇന്ത്യ ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പാകിസ്താനിലെ കർതാർപൂർ ഗുരുദ്വാര സാഹിബലേക്ക് ഇന്ത്യൻ തീർത്ഥാടകർക്ക് സന്ദർശനം അനുവദിക്കുന്ന ഇടനാഴിയാണിത്. പ്രാഥമിക ധാരണയായതോടെ ഇരു രാജ്യങ്ങളിലും ഇടനാഴിയുടെ തറക്കല്ലിടൽ പൂർത്തിയായി. അതേസമയം ഇടനാഴിയിൽ കടന്നു പോകുന്ന വഴി, ഒരേസമയം പ്രവേശിപ്പിക്കാവുന്ന തീർത്ഥാടകരുടെ എണ്ണം, മറ്റ് സുരക്ഷാ ക്രമീകരണങ്ങൾ, ഇടനാഴിക്ക് സമീപത്തെ നദികൾക്ക് കുറുകെ പാലം നിർമ്മിക്കൽ തുടങ്ങിയ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്.

'പ്രദേശത്തെ വെള്ളപ്പൊക്കം ഞങ്ങളുടെ പ്രധാന ആശങ്കയാണ്. രവി നദി കരകവിഞ്ഞൊഴുകുമ്പോൾ, മഴക്കാലത്ത് തീർഥാടകർക്ക് സുരക്ഷിതമായി സഞ്ചരിക്കാനും ഇന്ത്യൻ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാനും സഹായിക്കുന്നതിനാൽ അവരുടെ ഭാഗത്ത് ഒരു പാലം പണിയാൻ ഞങ്ങൾ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്, പാകിസ്ഥാനുമായി മൂന്ന് ഘട്ട സാങ്കേതിക തല ചർച്ചകൾ നടന്നിട്ടുണ്ട്. വെള്ളപ്പൊക്കം മൂലം ഇന്ത്യക്കാരുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന രീതിയിലുള്ള ഘടനകൾ സൃഷ്ടിക്കരുതെന്ന് അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.'ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

2013 ൽ ഈ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായപ്പോൾ പഞ്ചാബിലെ ഗുരുദാസ്പൂർ പ്രദേശത്ത് താമസിക്കുന്നവർക്ക് ഇത് വലിയ നാശനഷ്ടമുണ്ടായിരുന്നു. ആദ്യ ഘട്ട ചർച്ച മാർച്ച് 14ന് നടന്നിരുന്നു. ഏപ്രിൽ രണ്ടിന് രണ്ടാംഘട്ട ചർച്ച നിശ്ചയിച്ചെങ്കിലും മാറ്റി വക്കേണ്ടി വന്നു. ഇതിന് ശേഷം ഇന്ത്യ മുൻ കൈയ്യെടുത്തതോടെയാണ് ഇന്ന് ചർച്ച നിശ്ചയിച്ചത്.