മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കാരണം ശരീരത്തിന്റെ ശക്തി നഷ്‌ടപ്പെട്ട് പോകുന്ന യുവാവിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. മൊബൈൽ ഫോണിൽ നിന്നും വരുന്ന റേഡിയേഷൻ മൂലമാണ് യുവാവിന്റെ കൈകളുടെ ശക്തി നഷ്‌ടപ്പെട്ട് പോകുന്നതെന്നും ഇതിന് പരിഹാരം കാണാൻ ചില മരുന്നുകൾക്ക് സാധിക്കുമെന്നൊക്കെ പ്രചാരണങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇത് ശുദ്ധതട്ടിപ്പാണെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരിയും ഡോക്‌ടറുമായ ഷിംനാ അസീസ്. വീഡിയോയിൽ പറഞ്ഞിരിക്കുന്നതെല്ലാം അശാസ്ത്രീയവും അടിസ്ഥാനരഹിതവുമാണ്. ഇതിനേക്കാൾ നല്ലത് കമ്പിപ്പാരയുമെടുത്ത് കക്കാൻ ഇറങ്ങുന്നതാണെന്നും ഡോക്‌ടർ തന്റെ ഫേസ്ബുക്ക് പേജിൽ കുറിക്കുന്നു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ
പോസ്‌റ്റിന്റെ പൂർണരൂപം
ഒരു ചേട്ടൻ ചിരിച്ചോണ്ട് നിൽക്കുന്നു. ഒരു കോട്ടിട്ട ചേട്ടൻ പിറകിൽ നിൽക്കുന്നു. മുന്നിൽ കുറേ മണ്ടൻമാർ ഇരിക്കുന്നു.
ആദ്യത്തെ ചേട്ടൻ വലതുകൈ വലതുഭാഗത്തേക്ക് പൊക്കുന്നു. കോട്ടേട്ടൻ താഴ്‌ത്താൻ ശ്രമിക്കുന്നു. ശക്‌തിമാനായ കൈപൊക്കിയ ചേട്ടന്റെ കൈ താഴുന്നില്ല.
അടുത്ത ഷോട്ടിൽ മൂപ്പർ മൊബൈൽ ഫോൺ കൈയിൽ പിടിക്കുന്നു. കോട്ടേട്ടൻ രണ്ട് വിരൽ കൊണ്ട് ചുമ്മാ താഴ്‌ത്തുന്നു. മൊബൈൽ ഫോൺ കൈയിലുണ്ടായാൽ അതിന്റെ റേഡിയേഷൻ കൊണ്ട് നമ്മുടെ ബോഡിയുടെ എന്തോ ബാലൻസിംഗ് ഫോർസ് പോയി ശക്‌തിയെല്ലാം ചോർന്ന് പോകുമെന്നാണ് കോട്ടേട്ടന്റെ നിഗമനം. ഈ റേഡിയേഷൻ ഇഫക്‌ട് പോകാൻ മൂപ്പർ വിൽക്കുന്ന എന്തോ ഉഡായിപ്പ് സാധനം വാങ്ങണം പോലും.
ഇതിനെ അക്ഷരം തെറ്റാതെ 'തട്ടിപ്പ്' എന്ന് വിളിക്കുക. നന്നായി ചിരിക്കാനും ഇംഗ്ലീഷിൽ പുലമ്പാനും അറിയാവുന്ന വെൽ ഡ്രസ്‌ഡായവരൊക്കെ വൻസംഭവമാണെന്ന് കരുതി കൈയിലുള്ള കാശ് കൊണ്ടുപോയി കൊടുക്കരുത്. വീട്ടിലെ പ്രായപൂർത്തിയായവർക്കെല്ലാം (ചിലപ്പോൾ അല്ലാത്തവർക്കും) ഉള്ള മൊബൈൽ ഫോൺ കുഴപ്പമാണെന്ന് പറഞ്ഞ് പേടിപ്പിച്ചാൽ നടക്കാൻ സാധ്യതയുള്ള ഒരു കച്ചവടത്തിന്റെ പാളിയ ശ്രമം മാത്രമാണ് നമ്മളിൽ പലർക്കും കിട്ടിയ ആ ഫേക്ക് മെസേജ് വീഡിയോ. സംശയമുണ്ടെങ്കിൽ ഫോൺ പോക്കറ്റിലിട്ട് ജിമ്മിൽ വർക്കൗട്ട് ചെയ്യൂ, ഓടൂ, സ്‌റ്റെപ്പ് കയറൂ, കായികാഭ്യാസം ആവശ്യമുള്ള എന്ത് വേണേലും ചെയ്‌ത് നോക്കൂ. നിങ്ങളുടെ ശാരീരികക്ഷമതയെ തടയാൻ നിങ്ങളുടെ കൈയിലുള്ള മൊബൈൽ ഫോണിനും ഐപാഡിനുമൊന്നും സാധിക്കില്ല. ഏതൊരു റേഡിയേഷനും സുരക്ഷിതമാണെന്നല്ല. പക്ഷേ, സർക്കാർ ഏർപ്പെടുത്തിയ വേണ്ട സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ചാണ് എല്ലാ സെൽ ഫോൺ കമ്പനികൾക്കും അനുമതി നൽകുന്നത്. ഇത്രയും സാക്ഷരരായ മലയാളികൾ ഇതിനൊക്കെ തല വെക്കുന്നത് എന്തൊരു ദുരന്തമാണ്! ഒന്ന് കൂടി ഓർമ്മിപ്പിക്കുകയാണ്, ഇവർ പറഞ്ഞതെല്ലാം തികച്ചും അടിസ്‌ഥാനരഹിതവും അശാസ്‌ത്രീയവുമാണ്. ആറടി ഉയരവും അതിനൊത്ത ശരീരവുമുള്ള കോട്ടേട്ടൻ ഇതെങ്ങാനും വായിക്കുന്നുണ്ടേൽ 'കമ്പിപ്പാരയെടുത്ത് കക്കാൻ ഇറങ്ങുന്നതാണ് ഇതിലും നല്ലത്' എന്ന് കാര്യം മനസ്സിലായ നാട്ടുകാര് പറയാൻ പറഞ്ഞു. കൂടെയുള്ള അഭിനേതാവിനെ സിൽമേലെടുക്കാനുള്ള കാര്യങ്ങളും ഉടനെ ആരേലും നടപടിയാക്കാതിരിക്കില്ല. ധ്യാനം കൂടാൻ പോയോർക്ക് സെക്കന്റ് വെച്ച് ഞൊണ്ടലും വിക്കും മാറുന്നതിനെ വെല്ലുന്ന പെർഫോമൻസാണ്. എജ്ജാതി അഭിനയക്കുട്ടപ്പൻ ! നാണമുണ്ടോ മനുഷ്യരേ?