manju-warrier

വയനാട്: ആദിവാസി കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകാമെന്ന വാഗ്ദാനം പാലിച്ചില്ലെന്ന പരാതിയിൽ നേരിട്ട് ഹാജരാകാൻ ചലച്ചിത്രതാരം മഞ്ജു വാര്യർക്ക് വയനാട് ലീഗൽ സർവീസ് അതോറിറ്റി നോട്ടീസ് നൽകി. ലീഗൽ സർവീസ് അതോറിറ്റി ഓഫീസിൽ നാളെ നടക്കുന്ന സിറ്റിംഗിൽ ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയിലെ പണിയ വിഭാഗത്തിൽപ്പെട്ട 57കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകാമെന്ന് 2017ൽ മഞ്ജുവാര്യർ ഫൗണ്ടേഷൻ വാഗ്ദാനം നൽകിയിരുന്നു.

ഈ വാഗ്ദാനം പാലിച്ചില്ലെന്നാണ് കോളനി നിവാസികളുടെ പരാതി. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ കനത്ത നാശനഷ്ടം കോളനിയിൽ ഉണ്ടായി. അതേസമയം മഞ്ജുവാര്യർ ഫൗണ്ടേഷൻ വാഗ്ദാനം നൽകിയതിനാൽ തങ്ങളെ പഞ്ചായത്തോ സർക്കാരോ സഹായിച്ചില്ലെന്നും കോളനി നിവാസികൾ പറയുന്നു.

ഒന്നേമുക്കാൽ കോടി രൂപ ചെലവഴിച്ച് വീടുകൾ നിർമ്മിച്ച് നൽകാൻ സാധിക്കില്ലെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് മുമ്പ് മഞ്ജു വാര്യർ ഫൗണ്ടേഷൻ പ്രതികരിച്ചിരുന്നു. കൂടാതെ താൽക്കാലികമായി ചോർച്ച ഒഴിവാക്കാൻ 40 വീടുകളുടെ മുകളിൽ പ്ലാസ്റ്റിക് ഷീറ്റുകൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിരിച്ചു നൽകിയിരുന്നു.

അതോടൊപ്പം എല്ലാ കുടുംബങ്ങൾക്കുമായി 10 ലക്ഷം രൂപ നൽകുകയോ വീടുകളിൽ അറ്റകുറ്റപ്പണി നടത്തിത്തരികയോ ചെയ്യാമെന്ന് ഫൗണ്ടേഷൻ അധികൃതർ ലീഗൽ സർവീസ് അതോറിറ്റി സിറ്റിംഗിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് കോളനി നിവാസികൾ അംഗീകരിച്ചില്ല. തുടർന്നാണ് മഞ്ജു വാര്യരോട് നേരിട്ട് ഹാജരാകാൻ ലീഗൽ സർവീസ് അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.