university-college

തിരുവനന്തപുരം : തലസ്ഥാനത്തെ പ്രശസ്ത കോളേജായ യൂണിവേഴ്സിറ്റി കോളജിൽ അഖിലിനെ കുത്തിയ സംഭവം വിവാദമായതിന് പിന്നാലെ എസ്.എഫ്.ഐയ്‌ക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. കഴിഞ്ഞ വർഷം കേരളത്തിൽ മഹാപ്രളയമുണ്ടായപ്പോൾ ദുരിതാശ്വാസത്തിനായി പിരിച്ച തുക വെട്ടിച്ചതായി കോളേജ് വിദ്യാർത്ഥി സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. കോളേജിലെ വിവിധ ഡിപ്പാർട്ടുമെന്റുകളാണ് പിരിവെടുത്തത്. ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുമാത്രം 25000 രൂപ പിരിവെടുത്തു. പതിനെട്ടോളം ഡിപ്പാർട്ടുമെന്റുകളുള്ള കോളേജിലെ മറ്റ് ഡിപ്പാർട്ടുമെന്റുകളിലും സമാനമായി പിരിവെടുത്തെങ്കിലും മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ വച്ച് ഒരു ലക്ഷം മാത്രമേ കൈമാറിയുള്ളു. ഇതിനെ തുടർന്ന് രൂപ വെട്ടിച്ചതായി വിദ്യാർത്ഥി പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ പരാതി നൽകിയതിനെ തുടർന്ന് ബിരുദ വിദ്യാർത്ഥിയായ അമ്പാടി ശ്യാമിനെ അഖിലിനെ കുത്തിയ കേസിലെ പ്രതി നസീം ഉൾപ്പടെയുള്ള സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിനെ തുടർന്ന് വിദ്യാർത്ഥി പൊലീസിൽ പരാതി നൽകുകയും ചെയ്തു.

കോളേജിൽ അക്രമം കാണിക്കുന്ന എസ്.എഫ്.ഐ നേതാക്കൾ അനധികൃത പണപ്പിരിവ് നടത്തിയതായും വിദ്യാർത്ഥി വെളിപ്പെടുത്തി. പെൺകുട്ടികളുടെ സ്വർണമുൾപ്പടെ വാങ്ങി പണയം വയ്ക്കാറുണ്ടെന്നും വിദ്യാർത്ഥി ആരോപിക്കുന്നു.