ന്യൂഡൽഹി: ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിൽ ന്യൂസിലാൻഡിനോടേറ്റ പരാജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിൽ താരങ്ങൾ തമ്മിലുള്ള പടലപ്പിണക്കങ്ങൾ വ്യാപിക്കുന്നതായി റിപ്പോർട്ട്. പരിശീലകൻ രവിശാസ്ത്രിയുമായി ചേർന്ന് ഇന്ത്യൻ ക്യാപ്‌ടൻ വിരാട് കൊഹ്‌ലി നടത്തുന്ന ചില ഏകപക്ഷീയമായ നടപടികൾക്കെതിരെ ടീം അംഗങ്ങൾക്കിടയിലുണ്ടായിരുന്ന അതൃപ്‌തിയാണ് തർക്കത്തിലേക്ക് നയിക്കുന്നതെന്നാണ് റിപ്പോർട്ട്. വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തിൽ ഒരുപക്ഷവും വൈസ് ക്യാപ്‌ടൻ രോഹിത് ശർമയുടെ നേതൃത്വത്തിൽ വിമത പക്ഷവുമായി ടീം ഇന്ത്യയിൽ ഭിന്നത രൂക്ഷമായെന്നും ഒരു ഹിന്ദി പത്രം റിപ്പോർട്ട് ചെയ്യുന്നു. പേര് വെളിപ്പെടുത്താത്ത ഒരു ഇന്ത്യൻ താരത്തെ ഉദ്ദരിച്ചാണ് റിപ്പോർട്ട്.
ലോകകപ്പ് ക്രിക്കറ്റിനുള്ള ടീം സെലക്ഷനിൽ മറ്റ് അംഗങ്ങളോട് ആലോചിക്കാതെ ക്യാപ്‌ടനും കോച്ചും തീരുമാങ്ങൾ ഏകപക്ഷീയമായി നടപ്പിലാക്കിയെന്നാണ് ഇവരുടെ ആരോപണം. അമ്പാട്ടി റായിഡുവിനെ ടീമിൽ ഉൾപ്പെടുത്താത്തതും പിന്നാലെ അദ്ദേഹം വിരമിച്ചതുമൊക്കെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മാത്രവുമല്ല രോഹിതിന്റെ അടുപ്പക്കാരെ തഴഞ്ഞുകൊണ്ട് കൊഹ്‌ലിക്ക് വേണ്ടപ്പെട്ടവരെ മാത്രം ടീം സെലക്ഷനിൽ പരിഗണിക്കുന്നുവെന്നും ഇവർക്ക് ആക്ഷേപമുണ്ട്. മോശം പ്രകടനം കാഴ്‌ച വച്ചിട്ടും ഓപ്പണർ കെ.എൽ.രാഹുലിന് വേണ്ടി ടീം മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും സമ്മർദ്ദമുണ്ട്. കൊഹ്‌ലിയുടെ നേതൃത്വത്തിലുള്ള ബംഗളൂരു റോയൽ ചലഞ്ചേഴ്സ് താരമായ യുസ്‌വേന്ദ്ര ചാഹലിനെ കുൽദീപ് യാദവിന് പകരം ടീമിൽ ഉൾപ്പെടുത്തിയതും പ്രതിഷേധത്തിന് കാരണമായി. എന്നാൽ ഇപ്പോഴത്തെ പ്രശ്‌നം ഗുരുതരമായി വളർന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകകപ്പ് സെമി ഫൈനൽ മത്സരത്തിൽ മഹേന്ദ്ര സിംഗ് ധോണിയെ ഏഴാം നമ്പറിലിറക്കിയത് ടീമംഗങ്ങൾ ഒന്നിച്ചെടുത്ത തീുമാനത്തെ തുടർന്നാണെന്ന് ഇന്ത്യൻ ടീമിന്റെ പ്രധന പരിശീലകൻ രവി ശാസ്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫിനിഷറാണ് ധോണി. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് അവസാനമാണ് നമുക്കേറെ ആവശ്യമുള്ളത്. അതിനാലാണ് അദ്ദേഹത്തിന് ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകാതിരുന്നത്. ഇക്കാര്യത്തഇൽ ടീമംഗങ്ങൾക്കെല്ലാം ഒരേ അഭിപ്രയമായിരുന്നെന്നും ശാസ്ത്രി വ്യക്തമാക്കി. അതിനിടെ ഇരുവരെയും ചീഫ് സെലക്‌ടർ എം.എസ്.കെ പ്രസാദിനേയും ബി.സി.സി.ഐയുടെ ഇടക്കാല ഭരണ സമിതി അവലോകന യോഗത്തിന് വിളിച്ചു. സുപ്രീം കോടതി നിയമിച്ച ഇടക്കാല ഭരണ സമിതിയുടെ ചെയർമാനായ വിനോദ് റായ്, ഡയാന എഡുൽജി, ലഫ്. ജനറൽ രവി തോഡ്ഗെ എന്നിവരുൾപ്പെട്ട സമിതിയാണ് മൂവരേയും അവലോകന യോഗത്തിന് വിളിച്ചത്.