തിരുവനന്തപുരം: യൂണിവേഴ്സി കോളേജിലെ അക്രമങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ഇക്കാര്യത്തിൽ വേണ്ട തിരുത്തലുകൾ നടത്തുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. യൂണിവേഴ്സിറ്റി സംഭവം അപവാദമാണ്. അത് തിരുത്തും. എന്നാൽ അതിന്റെ പേരിൽ എല്ലാ എസ്.എഫ്.ഐക്കാരും മോശമാണെന്ന് പറയാൻ കഴിയില്ല. കേരളത്തിലെ ഏതെങ്കിലും ക്യാമ്പസിൽ എസ്.എഫ്.ഐക്കാർ ആരെയെങ്കിലും കൊലപ്പെടുത്തിയ ചരിത്രമുണ്ടോ? എന്നാൽ അറുപതോളം എസ്.എഫ്.ഐക്കാരെ വിവിധ പാർട്ടിക്കാർ കൊന്നിട്ടുണ്ടെന്നും തോമസ് ഐസക് മാദ്ധ്യമങ്ങളോട് പറഞ്ഞു.സംഘടനയുടെ നയസമീപനങ്ങളിൽ തിരുത്തൽ വേണമെന്നും അത് തിരുത്തി തന്നെ മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
എന്നാൽ യൂണിവേഴ്സിറ്റി കോളേജിന്റെ കെട്ടിടത്തിൽ ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കണമെന്നാണ് തിരുവനന്തപുരം എം.പിയായ ശശി തരൂർ പറഞ്ഞത്. ഇക്കാര്യം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ താൻ ആവശ്യപ്പെട്ടതാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പേരിൽ യൂണിവേഴ്സിറ്റി കോളേജിൽ കയറിയിരിക്കുന്ന ഗുണ്ടകൾഒഴിഞ്ഞുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമ രാഷ്ട്രീയം ഏത് പാർട്ടി ചെയ്‌താലും അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടെ സംവാദങ്ങൾക്കും ചർച്ചകൾക്കും സാധ്യതയുണ്ട്. എന്നാൽ അക്രമരാഷ്ട്രീയം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അഖിലിനെ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.