karnataka-politics

ബംഗളൂരു: രാജി പിൻവലിച്ച് കോൺഗ്രസിൽ തന്നെ തുടരാമെന്നേറ്റ വിമത എം.എൽ.എയും മുൻമന്ത്രിയുമായ എം.ടി.ബി നാഗരാജ് ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പയുടെ പി.എ സന്തോഷിനൊപ്പം മുംബയ്ക്ക് പോയി. എച്ച്.എ.എൽ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് നാഗരാജ് മുംബയിലേക്ക് പോയത്. ഇതോടെ മുംബയിലെ ഹോട്ടലിലുള്ള വിമത എം.എൽ.എമാരുടെ എണ്ണം 15ആയി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി,ഡി.കെ ശിവകുമാർ,സിദ്ധരാമയ്യ എന്നിവരുമായി നടത്തി കൂടിക്കാഴ്ച്ചയിൽ താൻ രാജി പിൻവലിച്ച് കോൺഗ്രസിൽ തുടരാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ കൂടിക്കാഴ്ച കഴിഞ്ഞ് മണിക്കൂറുകൾക്കകം നാഗരാജ് തീരുമാനത്തിൽ നിന്ന് മലക്കം മറിയുകയായിരുന്നു.

മറ്റൊരു വിമത എം.എൽ.എയായ സുധാകർ റാവുവും തനിക്കൊപ്പം രാജി പിൻവലിക്കുമെന്ന് നാഗരാജ് അറിയിച്ചിരുന്നു. എന്നാൽ ഈ സാഹചര്യത്തിൽ സുധാകർ റാവുവും മറ്റൊരു വിമത എം.എൽ.എയായ മുനിരത്നയും സമവായത്തിന് വഴങ്ങുന്നില്ലെന്നാണ് സൂചന. അവരും മുംബയിലേക്ക് പോയിട്ടുണ്ട്. നാഗരാജ് മുംബയിലേക്ക് പോയതോടെ മുഖ്യമന്ത്രി കുമാരസ്വാമി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തുകയാണ്.

കുമാരസ്വാമി സർക്കാർ താഴെ വീഴുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. രാമലിംഗ റെഡ്ഡിയുമായി സമവായത്തിലെത്തുകയെന്ന പിടിവള്ളിയാണ് ഇനി കുമാരസ്വാമി സർക്കാരിന് മുന്നിൽ ഉള്ളത്. രാമറെഡ്ഡി സമവായത്തിന് തയ്യാറായാൽ കുറച്ച് വിമത എം.എൽ.എമാർ രാജി പിൻവലിക്കുമെന്ന് നേതാക്കൾ കണക്കുകൂട്ടുന്നുണ്ട്.

വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് കുമാരസ്വാമി അറിയിച്ച സാഹചര്യത്തിൽ കർണ്ണാടക രാഷ്ട്രീയം നാടകീയ മുഹൂർത്തങ്ങൾക്ക് ഇനിയും സാക്ഷ്യം വഹിക്കേണ്ടിവരും. വിശ്വാസ വോട്ടെടുപ്പിൽ എതിരായി വോട്ടുചെയ്യുന്നവർക്ക് അംഗത്വം നഷ്ടമാകും. അതേസമയം വിജയിച്ച എല്ലാ കോൺഗ്രസ് എം.എൽ.എമാരിലും തനിക്ക് വിശ്വാസമുണ്ടെന്നുംഅവർ ദീർഘകാലം പാർട്ടിക്കുവേണ്ടി പൊരുതിയവരാണെന്നും ഡി.കെ ശിവകുമാ‌ർ പറഞ്ഞു.