കേരളത്തിൽ ഇടത് വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐക്ക് വ്യക്തമായ ആധിപത്യമുള്ള ക്യാമ്പസാണ് യൂണിവേഴ്സിറ്റി കോളേജ്. എന്നാൽ ഒരിയ്ക്കൽ കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിന്റെ ശക്തികേന്ദ്രമായിരുന്നു ഇവിടം. അക്രമത്തിനെതിരെ തിരുത്തലായി സർഗ്ഗാത്മക പ്രവർത്തികളിലൂടെ വിദ്യാർത്ഥികളുടെ മനസിൽ ചേക്കേറിയാണ് എസ്.എഫ്.ഐ യൂണിവേഴ്സിറ്റി കോളേജിനെ ചെങ്കോട്ടയാക്കി മാറ്റിയത്.
ജനാധിപത്യം പുലരുന്ന കാലത്ത് ഒറ്റ സംഘടനാ ആധിപത്യം ഒരു കോളേജിനും ഭൂഷണമല്ലെന്ന് സാഹിത്യകാരനായ റുബിൻ ഡിക്രൂസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. യൂണിവേഴ്സിറ്റി കോളേജിലെ പൂർവ്വ വിദ്യാർത്ഥികൂടിയായ അദ്ദേഹം കോളേജിലെ സംഘടനപ്രവർത്തനങ്ങളുടെ ചരിത്രവും നാൾവഴിയും ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഒറ്റ സംഘടനാ ആധിപത്യം ഒരു കോളേജിലും നല്ലതല്ല. കുട്ടികളെ അത് ജനാധിപത്യമല്ല പഠിപ്പിക്കുന്നത്.
എം ജി കോളേജിലും ധനുവച്ചപുരം കോളേജിലും മറ്റും എ ബി വി പി മാത്രം എന്ന സ്ഥിതി ഇല്ലാതാവണം. അതുപോലെ യൂണിവേഴ്സിറ്റി കോളേജിൽ എസ് എഫ് ഐ മാത്രം എന്നതും മാറണം.
എല്ലാവരും യൂണിവേഴ്സിറ്റി കോളേജിനെക്കുറിച്ച് സംസാരിക്കുന്നതിനാൽ അവിടെ ഒറ്റ സംഘടന ആയതിന്റെ പശ്ചാത്തലം പറയാം. എൺപതുകളുടെ ആദ്യം വരെ കെ എസ് യു അക്രമത്തിന്റെ വിളനിലമായിരുന്നു യൂണിവേഴ്സിറ്റി കോളേജ്. 1969ൽ അധികാരത്തിൽ നിന്നും പുറത്തു പോയ സിപിഐ എം 1980ലെ നായനാർ സർക്കാരിന്റെ കാലം വരെ ഏകപക്ഷീയമായ ആക്രമണത്തിന്റെ ഇരയായിരുന്നു. കോൺഗ്രസും സിപിഐയും ആർ എസ് പി പോലും പൊലീസ് സഹായത്തോടെ സിപിഐ എമ്മിനെതിരെ ആക്രമണങ്ങൾ നടത്തുന്ന കാലമായിരുന്നു. അതിനിടയിൽ അടിയന്തരാവസ്ഥയും.
കെ എസ് യുക്കാർ പക്ഷേ, പൊതുവിൽ അക്രമം നേരിട്ടല്ല ചെയ്യുക. ഗുണ്ടകളെ ഉപയോഗിച്ചാണത് നടത്തുക. അടിയന്തരാവസ്ഥയ്ക്ക് തൊട്ടു മുമ്പു തന്നെ കാമ്പസുകളിൽ എസ് എഫ് ഐ ജയിക്കാൻ തുടങ്ങി. പക്ഷേ, കെ എസ് യു അക്രമം കാമ്പസ് കൊലപാതകങ്ങളായി തുടർന്നു.
യൂണിവേഴ്സിറ്റി കോളേജിൽ എസ് എഫ് ഐക്ക് പിന്തുണ കൂടിയതോടെ കെ എസ് യുക്കാർ ഗുണ്ടകളെ കൊണ്ടു വന്നു വിദ്യാർത്ഥികളെ കുത്തുന്ന നിരവധി സംഭവങ്ങൾ ഉണ്ടായി. കുട്ടികൾ അത് പ്രതിരോധിക്കുന്നതും. യൂണിയൻ ചെയർമാൻ ആയ ജൂലിയസ് ഫെർണാണ്ടസിനെയും ദളിത് വിദ്യാർത്ഥി നേതാവായിരുന്ന ബോസിനെയും ഗുണ്ടകളെ കൊണ്ടു വന്നു വെട്ടിക്കൊല്ലാൻ കെ എസ് യുക്കാർ 1982ൽ ശ്രമിച്ചു. ജൂലിയസിന്റെ ഒരു കാൽ അറ്റുപോയി. പിന്നീട് സോവിയറ്റ് യൂണിയനിൽ കൊണ്ടു പോയി ചികിത്സിച്ചാണ് ആ കാൽ ശരിയാക്കിയത്. ഈ സംഭവം കോളേജിലെ വിദ്യാർത്ഥികളിലാകെ ഭീതി നിറച്ചു. ഇത്തരത്തിൽ ഒരു കൊലപാതകശ്രമത്തിന് ഇരയാകരുത് എന്ന മുൻകരുതൽ എപ്പോഴും ഉണ്ടായി. ഒരു ഗുണ്ടാ ആക്രമണം പ്രതീക്ഷിച്ച് ആയി എപ്പോഴും നടപ്പ്. സംസ്ഥാനത്താകെ കെ എസ് യു ദുർബലമായതോടെ ക്രമേണ യൂണിവേഴ്സിറ്റി കോളേജിൽ അവർ ഇല്ലാതായി.
1982 85 കാലത്ത് പലതവണ നടത്തിയ ബോംബേറുകളിലൂടെയാണ് എബിവിപി സ്ഥാനം ഉറപ്പിക്കാൻ നോക്കിയത്. കല്ല്, വടി എന്നിവ വച്ച് ഒരുകൈ നോക്കാം എന്നു വിചാരിക്കുന്നവരുടെ നേരെ ബോംബ് വന്നു വീണതോടെ വിദ്യാർത്ഥികൾ ഭയന്നു പോയി. ഇതോടെയാണ് എബിവിപിയേയും അവിടെ നേരിടാൻ തുടങ്ങിയത്. ക്രമേണ അവരും പ്രവർത്തനം നിറുത്തി.
എസ് എഫ് ഐ മുന്നണിയുടെ ബലത്തിൽ ജീവിച്ചു പോന്നിരുന്ന ഒരു സംഘടന ആയിരുന്നു എഐഎസ്എഫ്. ഒരു തവണ മുന്നണിയായി മത്സരിക്കാൻ പറ്റാതെ വന്നതോടെ എഐഎസ്എഫും ഇല്ലാതായി.
ഇതിനൊപ്പം ഏറ്റവും ജനാധിപത്യപരവും സർഗാത്മകവുമായ പ്രവർത്തനങ്ങളിലൂടെയാണ് എസ് എഫ് ഐ വളർന്നത് എന്നതുമുണ്ട്.
അന്നത്തെ ഒരു യൂണിയന്റെ ഉദ്ഘാടനം ഫാദർ എസ് കാപ്പനും സമാപനം റോബിൻ ജെഫ്രിയും നടത്തിയ പ്രഭാഷണങ്ങളോടെ ആയിരുന്നു. അന്ന് നോബൽ സമ്മാനം കിട്ടിയ എസ് ചന്ദ്രശേഖർ മുതലുള്ളവരാണ് അവിടെ കുട്ടികളോട് സംസാരിക്കാൻ വന്നത്. സുന്ദർലാൽ ബഹുഗുണ, ഹിന്ദി നടൻ അശോക് കുമാർ, ലളിതാംബിക അന്തർജനം, ബാലചന്ദ്രൻ ചുള്ളിക്കാട്, സുഗതകുമാരി, ഒ വി വിജയൻ, സക്കറിയ, മുകുന്ദൻ, പുനത്തിൽ, ജോൺ എബ്രഹാം തുടങ്ങി എത്ര പേരാണ് ഒരു വർഷം സംസാരിക്കാൻ വന്നത്. സർവകലാശാല യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം, മികച്ച മാഗസിനുകൾ, പഠനത്തിലും മുന്നിൽ. ഫിലിം ഫെസ്റ്റിവലുകൾ, നാടക, സാഹിത്യ ക്യാമ്പുകൾ അങ്ങനെ എന്തെല്ലാം.
യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ എന്നാൽ അക്രമം എന്നു പറയാൻ പലർക്കും കാരണങ്ങളുണ്ട്. പക്ഷേ, ഞാൻ അക്കൂട്ടത്തിൽ ഇല്ല.
(1989ൽ അവിടം വിട്ട ശേഷമുള്ള കാര്യങ്ങൾ എനിക്കറിയില്ല. അത് എസ് എഫ് ഐ ആണ് നടപടി എടുക്കേണ്ടത്. അവർ എടുത്തിട്ടുമുണ്ട്.)