ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ നവ്ജ്യോത് സിംഗ് സിദ്ദു തന്റെ മന്ത്രിസ്ഥാനം രാജിവച്ചു. മുഖ്യമന്ത്രി അമരീന്ദർ സിംഗുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നാണ് രാജിയെന്നാണ് സൂചന. പഞ്ചാബ് മന്ത്രിസഭയിൽ നിന്നും താൻ രാജിവയ്‌ക്കുകയാണെന്ന് മാത്രമാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അയച്ച കത്തിൽ സിദ്ദു പറയുന്നത്. രാജിയുടെ കാരണം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
സംസ്ഥാന മന്ത്രിസഭയിൽ നിന്നും ഉപദേശക സമിതിയിൽ നിന്നും നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഒഴിവാക്കിയതോടെയാണ് പഞ്ചാബ് കോൺഗ്രസിലെ തമ്മിലടി രൂക്ഷമായത്.അമരീന്ദർ സിംഗ് മന്ത്രിസഭയിൽ തദ്ദേശവികസന വകുപ്പു മന്ത്രിയായിരുന്നു സിദ്ദു. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതെ പകരം അതേസമയത്ത് ഫേസ്‌ബുക്കിൽ ലൈവ് ചെയ്ത് പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണ് സിദ്ദുവിനെ പ്രധാനപ്പെട്ട വകുപ്പിന്റെ ചുമതലയിൽ നിന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പുറത്താക്കിയത്. പകരം നൽകിയ വൈദ്യുതി, ഊർജ്ജ വകുപ്പിന്റെ ചുമതല ഏറ്റെടുക്കാൻ വിസമ്മതിച്ച സിദ്ദു പ്രതിഷേധം അറിയിച്ചു രാഹുലിന് കത്തുനൽകുകയും രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, അഹമ്മദ് പട്ടേൽ
തുടങ്ങിയ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തിരുന്നു.
സൂപ്പർ മുഖ്യമന്ത്രി ചമയുന്നു എന്ന് ആരോപിച്ച് സിദ്ദുവിനെതിരെ മുഖ്യമന്ത്രി നീങ്ങിയതോടെയാണ് പഞ്ചാബിൽ പ്രതിസന്ധി ഉടലെടുത്തത്.തിരഞ്ഞെടുപ്പ് കാലത്തുടനീളം അമരീന്ദർ സിംഗ് - നവ്‌ജ്യോത് സിംഗ് സിദ്ദു പോര് കോൺഗ്രസിനെ അലട്ടിയിരുന്നു.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ രൂപം നൽകിയ എട്ട് ഉപദേശക സംഘങ്ങളിൽ ഒന്നിലും സിദ്ദുവിനെ ഉൾപ്പെടുത്തിയിട്ടില്ല.പഞ്ചാബിലെ നഗരമേഖലയിൽ വോട്ട് കുറഞ്ഞതിന് കാരണം തദ്ദേശഭരണവകുപ്പ് സിദ്ദു കാര്യക്ഷമമായി കൈകാര്യം ചെയ്യാത്തതാണെന്ന് അമരീന്ദർ സിംഗ് നേരത്തേ ആരോപിച്ചിരുന്നു.ആരും തന്റെ പുറത്തു കയറി മേയേണ്ടെന്നും കഴിഞ്ഞ 40 വർഷമായി ക്രിക്കറ്ററെന്ന നിലയിലും കമന്റേറ്റർ എന്ന നിലയിലും തന്റെ പ്രകടനം ആർക്കും അവഗണിക്കാനാകില്ലെന്നും സിദ്ദു മറുപടി നൽകിയിരുന്നു.കേരളത്തെ കൂടാതെ കോൺഗ്രസിന്റെ പ്രതീക്ഷകൾ കാത്ത സംസ്ഥാനമാണ് പഞ്ചാബ്. ആകെയുള്ള 13 സീറ്റുകളിൽ 8 എണ്ണം കോൺഗ്രസ് നേടി. എന്നാൽ പാർട്ടിയിലെ പ്രമുഖ നേതാക്കൾ തമ്മിലുളള ഭിന്നതയാണ് നേതൃത്വത്തെ കുഴയ്ക്കുന്നത്.