news

1. തിരുവനന്തപുരം യൂണിവേഴ്സിറ്റ് കോളജ് സംഘര്‍ഷത്തിലെ പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇതിനായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു. അതിനിടെ അന്വേഷണ സംഘം പ്രതികള്‍ക്കായുള്ള റെയ്ഡിന് കോടതിയുടെ അനുമതി തേടുന്നുണ്ട്. പ്രതികള്‍ സി.പി.എം പ്രാദേശിക നേതാക്കളുടെ സംരക്ഷണയിലാണെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനിടെയാണ് റെയിഡിന് അനുമതി തേടുന്നത്.




2. പ്രതികള്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിലും രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. അതേസമയം കേസില്‍ ഒരാളെ കന്റോണ്‍മെന്റ് പൊലീസ് പിടികൂടി. നേമം സ്വദേശി ഇജാബാണ് പിടിയിലായത്. കേസില്‍ പ്രതികളായ കണ്ടാലറിയാവുന്ന 30 പേരില്‍ ഒരാളാണ് ഇജാബ്. മൂന്ന് ദിവസമായിട്ടും പ്രധാന പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അഖിലിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഡോക്ടര്‍മാര്‍ അനുവാദം നല്‍കിയാല്‍ ഇന്ന് തന്നെ മൊഴിയെടുക്കാന്‍ ആണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
3. അതിനിടെ, തന്നെ കുത്തിയത് ശിവരഞ്ജിത്ത് എന്ന് അഖില്‍ പറഞ്ഞു എന്ന് പിതാവ് ചന്ദ്രന്‍. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കുത്താനായി അഖിലിനെ പിടിച്ചു നിറുത്തി. പാരതിപ്പെട്ടാല്‍ കൊന്നു കളയുമെന്ന് അഖിലിനെ ഭീക്ഷണിപ്പെടുത്തി. പൊലീസ് ലിസ്റ്റില്‍ ഉണ്ടെന്നും ഭീക്ഷണിപ്പെടുത്തി. അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് ചന്ദ്രന്‍. ആക്രമിക്കാനായി മനപൂര്‍വ്വം പ്രശ്നമുണ്ടാക്കിയെന്ന് അഖില്‍ പറഞ്ഞു. അക്രമികളെ പിടികൂടുമെന്നാണ് വിശ്വാസം. പുറത്ത് നിന്നുള്ളവര്‍ അക്രമി സംഘത്തില്‍ ഉണ്ടായിരുന്നു. സി.പി.എം പൂര്‍ണ്ണ പിന്തുണ അറിയിച്ചെന്നും ചന്ദ്രന്റെ പ്രതികരണം
4. ക്രിമിനലുകളെ സൃഷ്ടിക്കുന്ന സ്ഥാപനമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് മാറിയെന്നു കോണ്‍ഗ്രസ് എം.പി കെ. മുരളീധരന്‍. കോളജ് മറ്റൊരിടത്തേക്കു മാറ്റി കെട്ടിടത്തെ ചരിത്ര സ്ഥാപനമാക്കുകയാണ് അക്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള പരിഹാരമെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡാഷ് പറഞ്ഞ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയിട്ടുണ്ട്
5. പശ്ചിമബംഗാളില്‍ സി.പി.എം ഇപ്പോള്‍ നരേന്ദ്ര മോദിക്കു ജയ് വിളിക്കുകയാണ്. ഉപദേശം നിറുത്തി പിണറായി വിജയന്‍ സ്വയം നന്നാകണമെന്നും മുരളീധരന്‍ പറഞ്ഞു. പ്ലാവില കാണിച്ചാല്‍ നാക്കു നീട്ടിപ്പോവുന്ന ആട്ടിന്‍കുട്ടിയെ പോലെയാണു കോണ്‍ഗ്രസുകാരെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹസിച്ചിരുന്നു. പറയാന്‍ വേറെ വാക്കുണ്ടെന്നും. തത്കാലം ഡാഷ് എന്നു മാത്രം കണക്കാക്കിയാല്‍ മതി എന്നുമായിരുന്നു പിണറായിയുടെ വാക്കുകള്‍
6. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സജീവ നീക്കം. പ്രത്യേക ഉദേശ്യ കമ്പനിയായി ടിയാല്‍ രജിസ്റ്റര്‍ ചെയ്യാന്‍ കെ.എസ.്‌ഐ.ഡി.സിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം. വിമാനത്താവളം പാട്ടത്തില്‍ എടുക്കാനുള്ള ലേലത്തില്‍ സര്‍ക്കാരും കെ.എസ്.ഐ.ഡി.സിയും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാണ് പങ്കെടുത്തത്. ലേലത്തില്‍ അദാനി ഗ്രൂപ്പാണ് മുന്നില്‍. കെ.എസ്.ഐ.ഡി.സി രണ്ടാമതായി. കണ്‍സള്‍ട്ടന്റായ കെ.പി.എം.ജിയുമായി സര്‍ക്കാര്‍ നാളെ ഉന്നതതല ചര്‍ച്ച നടത്തും.
7. വിമാനത്താവള നടത്തിപ്പിനായി പ്രത്യേക ഉദ്ദേശ്യ കമ്പനിയായി 'ടിയാല്‍' രൂപീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു എങ്കിലും കമ്പനിയായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. കമ്പനിയിലെ ഓഹരി ഘടന, റവന്യൂസാധ്യത, മറ്റ് സാമ്പത്തികവശങ്ങള്‍ എന്നിവ സംബന്ധിച്ച് കണ്‍സള്‍ട്ടന്റായ കെ.പി.എം.ജി.യുമായി തിങ്കഴാഴ്ച ചര്‍ച്ച നടത്തും. ടിയാല്‍ കമ്പനി രൂപീകരിച്ചതിന്റെ രേഖകള്‍ വൈകാതെ കേന്ദ്രത്തിന് സമര്‍പ്പിക്കും. വിമാനത്താവള നടത്തിപ്പിനുള്ള ലേല നടപടികളുടെ കാലാവധി ഈ മാസം 31നാണ് അവസാനിക്കുന്നത്.
8. ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ചാമ്പ്യനെ ഇന്നറിയാം. ലോഡ്സിലെ മൈതാനത്ത് കന്നിക്കിരീടം നേടി ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഏറ്റുമുട്ടുക, ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നു മണിക്ക്. 27 വര്‍ഷത്തിനു ശേഷം ഇംഗ്ലണ്ട് ആദ്യമായി ലോകകപ്പ് ഫൈനലില്‍ എത്തിയതോടെ നാട്ടുകാര്‍ കിരീടം ഉറപ്പിച്ചു കഴിഞ്ഞു. ഇംഗ്ലണ്ട് മൂന്നു തവണയാണു ഫൈനലില്‍ തോറ്റു നിരാശയോടെ മടങ്ങിയത്. ന്യൂസിലന്‍ഡ് തുടര്‍ച്ചയായ രണ്ടാം ഫൈനലിനാണു തയാറെടുക്കുന്നത്. കിരീടം നേടുമെന്ന് ഉറപ്പിച്ചെത്തിയ ഇന്ത്യയെയാണു ന്യൂസിലന്‍ഡ് സെമി ഫൈനലില്‍ തോല്‍പ്പിച്ചത്. നിലവിലെ ചാമ്പ്യനായ ഓസ്‌ട്രേലിയയെ തകര്‍ത്തുവിട്ടാണ് ഇംഗ്ലണ്ട് ഫൈനലില്‍ കടന്നത്. ഇന്നു ജയിക്കുന്നവര്‍ക്കു കിരീടം കൂടാതെ 40 ലക്ഷം യു.എസ്. ഡോളറാണ് പാരിതോഷികമായി ലഭിക്കുക. റണ്ണര്‍ അപ്പിന് 20 ലക്ഷം യു.എസ്. ഡോളറും ലഭിക്കും. സെമിയില്‍ തോറ്റ ഓസ്‌ട്രേലിയയ്ക്കും ഇന്ത്യക്കും എട്ട് ലക്ഷം ഡോളര്‍ സമ്മാനമായി ലഭിക്കും