kodiyery-balakrishnan

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങ8 ദൗർഭാഗ്യകരമാണെന്നും പ്രതികളെ പാർട്ടി സംരക്ഷിക്കില്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവ‌ർത്തിക്കാതിരിക്കാനുള്ള ജാഗ്രത വേണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഖിലിനെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'പാർട്ടി ഒരു പ്രതികളെയും സംരക്ഷിക്കില്ല. അന്വേഷണത്തിന്റെ ഭാഗമായി തുടർ നടപടികൾ പൊലീസാണ് തീരുമാനിക്കുക. അന്വേഷണ സംഘത്തിന്റെ പ്രവർത്തനം തടസപ്പെടുത്തുന്ന ഒരു ഇടപെടലും സി.പി.എമ്മിന്റെ ഭാഗത്തുണ്ടാകില്ല. വിദ്യാർത്ഥി സംഘടന എന്ന നിലയിൽ എസ്.എഫ്.ഐ സ്വതന്ത്രമായി പ്രവർത്തിക്കുന്നു. സി.പി.എമ്മുകാരും സി.പി.എമ്മുകാരല്ലാത്തവരും സംഘടനയിലുണ്ട്. പാർട്ടിയുടെ തീരുമാനം സാധാരണ ഗതിയിൽ എസ്.എഫ്.ഐയുടെ മേൽ അടിച്ചേൽപ്പിക്കാറില്ല. സംഘടനയ്ക്ക് തന്നെ സ്വതന്ത്രമായി തീരുമാനം എടുക്കാനുള്ള കഴിവുണ്ട്. മാതൃകാപരമായ നടപടികൾ തന്നെ എസ്.എഫ്.ഐ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കോളേജ് അവിടെ നിന്ന് മാറ്റണമെന്ന് കുറേക്കാലമായി രാഷ്ട്രീയ ശത്രുക്കൾ ശ്രമിക്കുന്നുണ്ട്. ഒരു സംഘർഷം ഉണ്ടായെന്ന് കരുതി കോളേജ് മാറ്റണമെന്നില്ല. കോളേജ് അവിടെയായത് കൊണ്ടല്ല ഇത്തരം സംഭവങ്ങൾ നടന്നത്. ഇത്തരം സംഭവങ്ങൾ ഇല്ലാതിരിക്കാനുള്ള ജാഗ്രതയാണ് വേണ്ടത്. കുറ്റക്കാർക്കെതിരെ ക‌ർശന നടപടി സ്വീകരിക്കും'- അദ്ദേഹം പറഞ്ഞു.