kodiyeri-balakrishnan

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിൽ അഖിൽ എന്ന വിദ്യാർത്ഥിയെ എസ്.എഫ്.ഐ നേതാക്കൾ കുത്തിപരിക്കേൽപ്പിച്ച ദാരുണ സംഭവത്തിൽ ചർച്ചകൾ കനക്കുകയാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ എസ്.എഫ്.ഐയുടെ തീപ്പൊരി നേതാവിയിരുന്ന സിന്ധു ജോയി ഫേസ്ബുക്കിൽ പ്രതികരിച്ചിരിക്കുകയാണ്. സ്വാശ്രയ കോളേജുകൾക്കെതിരെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളിൽ സമരമുഖത്തെ കത്തിജ്വലിപ്പിച്ച നേതാവ് കൂടിയാണ് സിന്ധു ജോയ്. യൂണിവേഴ്സിറ്റി കോളേജിൽ സംഭവിച്ച സംഭവത്തിന്റെ പേരിൽ എസ്എഫ്‌ഐ തിന്മയുടെ പ്രതിരൂപം ആണെന്ന് പറയുന്നവർക്കൊപ്പം താനില്ലെന്ന് ഓർമ്മിപ്പിക്കുകയാണ് അവർ. എന്നാൽ സഹപ്രവർത്തകനെ കുത്താൻ മാത്രം ക്രൂരതയുള്ളയാൾ ഒരു എസ്എഫ്‌ഐകാരൻ ആയിരിക്കില്ലെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പണ്ടൊരു എസ്എഫ്‌ഐ സംസ്ഥാന ക്യാമ്പിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി സഖാവ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് ഇന്നും ഓർക്കുന്നു: ' സംഘടനയുടെ സുവർണ കാലമാണ് ഇപ്പോൾ. ഇനി നിങ്ങളെ നശിപ്പിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയു. അല്ലെങ്കിൽ പുറത്തു നിന്ന് ആളുകൾ നുഴഞ്ഞു കയറണം.' ഇതിൽ ഏതാണ് ഇന്ന് യൂണിവേഴ്സിറ്റി കോളേജിൽ സംഭവിച്ചത് ? ഒരു സഹപ്രവർത്തകനെ കുത്താൻ മാത്രം ക്രൂരത ആരാണ് നിങ്ങളെ പഠിപ്പിച്ചത്? അവൻ ഒരു എസ്എഫ്‌ഐകാരൻ ആയിരിക്കില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ആണെങ്കിൽതന്നെ ഇനി അയാൾ സംഘടനയിൽ ഉണ്ടാകാനും പാടില്ല. കുത്തേറ്റ കുട്ടിക്ക് ഒരാപത്തും വരാതിരിക്കട്ടെ.


ഇങ്ങനെ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ എസ്എഫ്‌ഐ തിന്മയുടെ പ്രതിരൂപം ആണെന്ന് പറയുന്നവരുടെ പക്ഷം ചേരാൻ ഞാനില്ല. കലാലയങ്ങളിൽ നടന്ന അവസാനത്തെ കൊലപാതകം മഹാരാജാസ് കോളേജിൽ ആണെന്നതും മരിച്ചു വീണത് അഭിമന്യു എന്ന എസ്.എഫ്.ഐകാരൻ ആയിരുന്നു എന്നതും മറക്കാതിരിക്കാം. കേരളത്തിലെ ക്യാമ്പസുകളിൽ ഇനിയും രക്തം വീഴാൻ അനുവദിച്ചു കൂടാ. അതിനായി എല്ലാ സംഘടനകളും ഒന്നിച്ചു നിൽക്കണം.