kerala-police

തിരുവനന്തപുരം: യൂണിവേഴ്സി‌റ്റി കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ എട്ട് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നേരത്തെ കോളേജിലെ ഏഴ് പ്രവർത്തകരെയാണ് കേസിൽ പ്രതിയാക്കിയിരുന്നത്. ഇതിന് പുറമെ രഞ്ജിത്ത് എന്നയാളുടെ പേര് കൂടി നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനിടെ കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്‌റ്റഡിയിലെടുത്ത ഒരാളുടെ അറസ്‌റ്റ് പൊലീസ് രേഖപ്പെടുത്തി. സംഭവത്തിൽ പ്രതിചേർക്കപ്പെട്ട കണ്ടാലറിയാവുന്ന മുപ്പത് പേരിൽ ഒരാളായ നേമം സ്വദേശി ഇജാബിനെ ഇന്ന് രാവിലെയാണ് കസ്‌റ്റഡിയിൽ എടുത്തത്. എസ്.എഫ്.ഐ ലോക്കൽ യൂണിറ്റ് കമ്മിറ്റി അംഗമായ ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.

അതേസമയം, പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന അഖിലിനെ കണ്ട് മൊഴി രേഖപ്പെടുത്താനായി അന്വേഷണ സംഘമെത്തിയെങ്കിലും കഴിഞ്ഞില്ല. ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അഖിലിന്റെ ആരോഗ്യനില തൃപ്‌തികരമല്ലെന്ന് ഡോക്‌ടർമാർ അറിയിച്ചതിനെ തുടർന്നാണ് അന്വേഷണ സംഘം മടങ്ങിയത്. ശിവരഞ്ജിത്ത്, നസീം, അമർ, അദ്വൈത്, ആദിൽ, ആരോമൽ, ഇബ്രാഹിം എന്നീ എസ്.എഫ്.ഐ നേതാക്കൾക്കും കണ്ടലറിയാവുന്ന 30 പേർക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതികളുടെ വീടുകളിൽ പരിശോധന നടത്തിയിട്ട് കണ്ടെത്താനായില്ലെന്നാണ് പൊലീസ് വിശദീകരണം. പ്രതികൾ എസ്.എഫ്.ഐ നിയന്ത്രണത്തിലുള്ള സ്റ്റുഡന്റ്സ് സെന്ററിലും സംഘടനാ ഒാഫീസിലുമുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നുണ്ടെങ്കിലും അവിടൊന്നും പൊലീസ് പരിശോധന നടത്തിയില്ല. അതേസമയം, പൊലീസ് കോൺസ്റ്റബിൾ സെലക്‌ഷൻ ലഭിച്ച നസീമിനെയും ശിവരഞ്ജിത്തിനെയും രക്ഷിക്കാൻ കേസ് ഒതുക്കി തീർക്കാനും ശ്രമം നടക്കുന്നതായി ആക്ഷേപമുണ്ട്. ഇക്കാര്യം സി.പി.എം ജില്ലാനേതാക്കൾ നിഷേധിച്ചു.

അതേസമയം, കോളേജിലെ എസ്. എഫ്. ഐ. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തും സെക്രട്ടറി നസീമും ചേർന്നാണ് തന്നെ കുത്തിയതെന്ന് അഖിൽ തന്നോട് പറഞ്ഞതായി പിതാവ് ചന്ദ്രൻ വ്യക്തമാക്കി. നസീം ഉൾപ്പെടെയുള്ളവർ പിടിച്ചുവച്ചു കൊടുത്തപ്പോൾ ശിവരഞ്ജിത്താണ് കുത്തിയത്. അക്രമി സംഘത്തിൽ പുറത്തുനിന്നുള്ളവരും ഉണ്ടായിരുന്നു. സംഭവത്തിലെ പ്രതികളെ ഉടൻ പിടികൂടണം. കേസിൽ സി.പി.എം നേതൃത്വം എല്ലാ വിധ പിന്തുണയും വാഗ്‌ദ്ധാനം ചെയ്‌തിട്ടുണ്ടെന്നും ചന്ദ്രൻ വ്യക്തമാക്കി.

കോളേജ് കാന്റീനിൽ പാട്ടുപാടിയതിന്റെ പേരിലുണ്ടായ പ്രശ്നങ്ങളാണ് എസ്.എഫ്.ഐ പ്രവർത്തകനും മൂന്നാം വർഷ ബിരുദവിദ്യാർത്ഥിയുമായ അഖിലിനെ ആക്രമിക്കുന്നതിൽ കലാശിച്ചത്. നെഞ്ചിൽ ഗുരുതരമായി കുത്തേറ്റ അഖിൽ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ശസ്ത്രക്രിയയ്‌ക്കു ശേഷം അപകടനില തരണം ചെയ്തെങ്കിലും പ്രതികരിക്കാനാവാത്ത സ്ഥിതിയിലാണ്. അതിനാൽ പൊലീസിന് മൊഴി രേഖപ്പെടുത്താനായില്ല. ഇന്ന് വീണ്ടും ആശുപത്രിയിലെത്തുന്ന അന്വേഷണ സംഘം അഖിലിന്റെ മൊഴി രേഖപ്പെടുത്തും.