balabask

കൊച്ചി: വയലിൻ മാന്ത്രികൻ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സാധിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് പിതാവ് കെ.സി ഉണ്ണി. ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കൾക്കൊപ്പം കൊച്ചിയിലെത്തി അദ്ദേഹം അഭിഭാഷകരെ കണ്ടു.

മരണവുമായി ബന്ധപ്പെട്ട് തോന്നിയ ചില സംശയങ്ങൾ ക്രൈംബാഞ്ചിനോട് പറഞ്ഞിരുന്നു. അന്വേഷണത്തിൽ അതിന് തൃപ്തികരമായ ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ലഭിക്കാതെ വന്നാൽ മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളുവെന്നും ഇപ്പോൾ നടന്നത് പ്രാരംഭ ചർച്ച മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ബാലഭാസ്‌കറിന്റേത് സ്വാഭാവിക മരണമല്ലെന്ന ആരോപണവുമായി രംഗത്തെത്തിയ കലാഭവൻ സോബിയും ഇവർക്കൊപ്പം അഭിഭാഷകരെ കാണാൻ എത്തിയിരുന്നു. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ചെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്‌.