ashokan-charuvil

യൂണിവേഴ്സിറ്റി കോളേജിൽ വെള്ളിയാഴ്ചയുണ്ടായ അക്രമ സംഭവത്തിൽ പ്രതികളായ എസ്.എഫ്.ഐ പ്രവർത്തകരിൽ ഒന്നും രണ്ടും പ്രതികൾ പി.എസ്.സി നടത്തിയ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ പെട്ടത് വിവാദമാവുകയാണ്. പരീക്ഷ സെന്ററുകൾ ഇവർക്കായി മാറ്റി നൽകി എന്നാണ് ചില മാദ്ധ്യമങ്ങളിൽ വാർത്ത വന്നിരുന്നത്. എന്നാൽ പ്രതികളായ വിദ്യാർത്ഥികൾക്ക് ഒരിക്കലും ഇത്തരത്തിലുള്ള ഇളവുകൾ ലഭിക്കുവാൻ സാദ്ധ്യത ഇല്ലെന്ന് ഇടതുപക്ഷ ചിന്തകനായ അശോകൻ ചരുവിൽ ഫേസ്ബുക്കിൽ കുറിച്ചു. പ്രതിയായ ഒരാൾ റാങ്ക് ലിസ്റ്റിൽ ഒന്നാമനായതിനെ മുൻനിർത്തി പി.എസ്.സി യെ പ്രതിരോധത്തിൽ നിർത്താനുള്ള ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. സുതാര്യമായ സംവിധാനങ്ങളിലൂടെയാണ് പി.എസ്.സി പരീക്ഷകൾ നടത്തുന്നത്. അവിടെ ഭരണകർത്താക്കൾക്ക് പോയിട്ട് ദൈവത്തിന് പോലും ഇടപെടാനാവില്ലെന്നും നമ്പർ വൺ കോളേജിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി ടെസ്റ്റിൽ കൂടുതൽ മാർക്ക് നേടിയതിൽ അസ്വഭാവികതയില്ലെന്നും അശോകൻ ചെരുവിൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി സംഘട്ടനത്തിൽ പ്രതിയായ ഒരാൾ റാങ്ക് ലിസ്റ്റിൽ ഒന്നാമനായതിനെ മുൻനിർത്തി പി.എസ്.സി യെ പ്രതിരോധത്തിൽ നിർത്താനുള്ള ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണ്. OMR പരീക്ഷ നടത്തിയിട്ടാണ് റാങ്ക് ലീസ്റ്റ് തയ്യാറാക്കുന്നത്. തികച്ചും സുതാര്യമായ സംവിധാനങ്ങളാണ് അതുസംബന്ധിച്ച എല്ലാ ഘട്ടത്തിലും നടക്കുന്നത്. ഭരണാധികാരികൾക്ക് പോയിട്ട് ദൈവത്തിനുപോലും അവിടെ ഇടപെടാൻ കഴിയില്ല. സിവിൽ പോലീസ് ഓഫീസറുടെ തസ്തികയിൽ ഇന്റർവ്യൂ ഇല്ലാത്തതു കൊണ്ട് ഇന്റർവ്യൂ ബോർഡിന്റെ മനോധർമ്മത്തിനും അവിടെ വകുപ്പില്ല.

കേരളത്തിലെ നമ്പർ വൺ കോളേജിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി ടെസ്റ്റിൽ കൂടുതൽ മാർക്ക് നേടിയതിൽ അസ്വഭാവികതയില്ല. ക്രിമിനൽ ആയതുകൊണ്ട് വാല്യുവേഷൻ ചെയ്യുന്ന കംപ്യൂട്ടർ മാർക്ക് കുറക്കില്ല. ഇവിടത്തെ കക്ഷിക്കാകട്ടെ പരീക്ഷയിലെ മാർക്കിനു പുറമേ കായികതാരം എന്ന നിലയിൽ മറ്റുള്ളവർക്കില്ലാത്ത 13.58 വെയിറ്റേജ് മാർക്കുമുണ്ട്. കേവലം ഒരു മാർക്കിന്റെ വ്യാത്യസത്തിന് റാങ്കുകൾ മാറി മറിയുമ്പോൾ അധികമായി ലഭിക്കുന്ന 13.58 മാർക്ക് അതീവ നിർണ്ണായകമാണ്. ഇക്കാര്യമെല്ലാം കൃത്യമായി അറിയാമായിരുന്നിട്ടും മാതൃഭൂമി അടക്കമുള്ള പത്രങ്ങൾ പി.എസ്.സി.യെ സംശയത്തിന്റെ നിഴലിലേക്ക് വലിച്ചിഴക്കുന്നത് എന്തുകൊണ്ടാണ്? ഭരണഘടനയോടുള്ള യുദ്ധത്തെ മുൻനിർത്തി ഭരണഘടനാ, ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കുക എന്നൊരു പരിപാടി കുറച്ചു കാലമായി രാജ്യത്ത് നടക്കുന്നുണ്ട്. അതിന്റെ ഭാഗമാണോ?

യൂണിവേഴ്സിറ്റി കോളേജിൽ ഉണ്ടായ വിദ്യാർത്ഥി സംഘട്ടനത്തെ ഉപയോഗിച്ച് മനുവാദി വർഗ്ഗീയതയുടെ മുഴുവൻ അജണ്ടകളും ഒന്നിച്ചു നടപ്പാക്കാൻ ശ്രമിക്കുന്നതു മണ്ടത്തരമാണ്. ഒന്നൊന്നായി പരിശ്രമിക്കൂ. "മെല്ലെത്തിന്നാൽ മുള്ളും തിന്നാം" എന്നുണ്ടല്ലോ

അശോകൻ ചരുവിൽ
14 07 2019