വാഗ:കർതാർപൂർ സാഹിബ് ഗുരുദ്വാരയിലേക്ക് ഇന്ത്യൻ തീർത്ഥാടകർക്ക് വിസ ഇല്ലാതെ വർഷം മുഴുവൻ സന്ദർശനം അനുവദിക്കാൻ പാകിസ്ഥാൻ സമ്മതിച്ചു.
കർതാർപൂർ ഇടനാഴിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഇന്ത്യ– പാക് രണ്ടാംഘട്ട ചർച്ചയിലാണ് തീരുമാനം. ഇന്ത്യയുടെ മിക്ക ആവശ്യങ്ങളും പാകിസ്ഥാൻ അംഗീകരിച്ചു.
ഇന്ത്യൻ പാസ്‌പോർട്ടുള്ളവർക്കും ഒ.സി.ഐ കാർഡുള്ള ഇന്ത്യൻ വംശരായ വിദേശികൾക്കും വർഷം മുഴുവൻ വിസയില്ലാതെ ഗുരുദ്വാരയിലെത്താം. ദിവസം 5000 തീർത്ഥാടകരെ വീതം ഗുരുദ്വാരയിലേക്ക് കടത്തിവിടാനും ധാരണയായി. പ്രത്യേക ദിവസങ്ങളിൽ 10,000 പേരെ അധികമായി കടത്തിവിടും. ആഴ്ചയിൽ ഏഴ് ദിവസവും കൂട്ടമായും ഒറ്റയ്‌ക്കും തീർത്ഥാടകർക്ക് ഗുരുദ്വാര സന്ദർശിക്കാം. വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാൽ പാകിസ്ഥാൻ ഭാഗത്ത് പാലം നിർമ്മിക്കണമെന്ന ആവശ്യവും തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി എസ്.സി.എൽ ദാസാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്.
ഇന്ത്യൻ പഞ്ചാബിലെ ഗുരുദാസ്‌പുരിലെ ദേരാ ബാബ നാനാക്ക് ഗുരുദ്വാരയെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ നരോവാൾ ജില്ലയിലുള്ള കർതാർപുർ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്ന 4.7കിലോമീറ്റർ പാതയാണ് കർതാർപൂർ ഇടനാഴി
സിക്ക് മതസ്ഥാപകനായ ഗുരു നാനാക്ക് രവി നദീതിരത്ത് 1504ൽ സ്ഥാപിച്ചതാണ് കർതാർപൂർ ഗരുദ്വാര. അദ്ദേഹം 18 വർഷം ഈ ഗുരുദ്വാരയിൽ താമസിച്ചെന്നാണ് വിശ്വാസം.
കഴിഞ്ഞ നവംബറിലാണ് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും ചേർന്ന് കർതാർപൂർ ഇടനാഴിയുടെ ഇന്ത്യയിലെ ശിലാസ്ഥാപനം നിർവഹിച്ചത്.
2019 നവംബറിൽ ഗുരുനാനാക്കിന്റെ 550ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഇടനാഴി തുറക്കും.