ഗോഹട്ടി:വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും,​ ഉത്തർപ്രദേശ്,​ ഉത്തരാഖണ്ഡ്, ബീഹാർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും പേമാരിയെ തുടർന്നുള്ള പ്രളയതാണ്ഡവത്തിൽ ലക്ഷക്കണക്കിന് ആളുകൾ ദുരിതത്തിലായി. യു.പിയിൽ 15 പേരും അസമിൽ 10പേരും ബീഹാറിലെ കിഷൻഗഞ്ചിൽ രണ്ടു കുട്ടികളും മരിച്ചു. ഒരുകോടിയോളം പേർക്ക് വീടുകൾ നഷ്ടമായി. വരുംദിനങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

യു.പി.യിലെ 14 ജില്ലകളിൽ നാലുദിവസമായി പെയ്യുന്ന കനത്തമഴയിൽ 133 കെട്ടിടങ്ങൾ തകർന്നു. 23 കന്നുകാലികൾ ചത്തു. വരുംദിനങ്ങളിൽ മേഘാലയ, ഉത്തരാഖണ്ഡ്, ബംഗാൾ, സിക്കിം എന്നിവിടങ്ങളിലും അതിശക്തമായ മഴ പെയ്യും.

അസമിലെ 25 ജില്ലകളിൽ 15 ലക്ഷം പേരെ പ്രളയം ബാധിച്ചു. ബ്രഹ്മപുത്ര കരകവിഞ്ഞ് 1800 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.മറ്റ് അഞ്ച് നദികളിൽ ജലനിരപ്പ് അപകടകരമായി ഉയർന്നു. 27,000 ഹെക്ടർ വയൽ വെള്ളത്തിലായി. ഏഴായിരത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി.

കാസിരംഗ ദേശീയ വന്യജീവി പാർക്കിന്റെ 70 ശതമാനവും പ്രളയത്തിൽ മുങ്ങി. മൃഗങ്ങളെ രക്ഷിക്കാനായി ഉയർന്ന തിട്ടകൾ ഒരുക്കി.

ബീഹാറിലെ ആറുജില്ലകൾ കാലവർഷക്കെടുതിയിലാണ്. ജനങ്ങളെ മാറ്റി പാർപ്പിക്കുകയാണ് അധികൃതർ. അരുണാചൽപ്രദേശിൽ മഴക്കെടുതിയിൽ രണ്ടുപേർ മരിക്കുകയും രണ്ടുപേരെ കാണാതാകുകയും ചെയ്തു. അയൽരാജ്യമായ ഭൂട്ടാനിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഹിമാചൽപ്രദേശിൽ കനത്തമഴയിൽ കെട്ടിടം തകർന്ന് 25പേർ കുടുങ്ങി.

നേപ്പാളിൽ 50 മരണം

പ്രളയത്തിൽ നേപ്പാളിൽ 18 സത്രീകൾ ഉൾപ്പടെ 50 പേർ മരണമടഞ്ഞു. തലസ്ഥാനമായ കാഠ്മണ്ഡുവിൽ ഉൾപ്പെടെ 24 പേരെ കാണാതായി. മണ്ണിടിച്ചിലിൽ രാജ്യത്തിന്റെ ഭാഗങ്ങളിലും ഗതാഗതം സ്തംഭിച്ചു. പൊലീസ് 1,104 പേരെ രക്ഷിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതലയോഗം വിളിച്ച് രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ നിർദ്ദേശിച്ചു. പ്രളയമേഖലകളിലേക്ക് കൂടുതൽ കേന്ദ്ര സേനയെ അയയ്‌ക്കും.