കൊച്ചി: മോഡുലാർ കിച്ചൻ രംഗത്തെ പ്രമുഖ ബ്രാൻഡായ സ്ളീക്ക് കേരളത്തിൽ സാന്നിദ്ധ്യം ശക്തമാക്കുന്നു. പൂർണമായും ഏഷ്യൻ പെയിന്റ്‌സിന്റെ സ്വന്തമായ സ്ളീക്കിന്റെ ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ വിപണിയാണ് കേരളം. ബ്രാൻഡ് പിറവിയെടുത്ത 1993 മുതൽ തന്നെ കേരളത്തിൽ സാന്നിദ്ധ്യമുണ്ടെന്ന് സ്ളീക്ക് കിച്ചൻസ് നാഷണൽ സെയിൽസ് ഹെഡ് ഡിന്തു സോമൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഉപഭോക്തൃ താത്പര്യപ്രകാരമുള്ള കിച്ചനുകളാണ് സ്ളീക്ക് രൂപകല്‌പന ചെയ്യുന്നത്. ഉപയോഗശേഷം മടക്കിവയ്‌ക്കാവുന്നതും കോണിയുപയോഗിച്ച് അടുക്കളയിൽ ഉയരത്തിലുള്ള സാധനങ്ങൾ എടുക്കാവുന്നതുമായ മൊഡ്യൂളുകളും നിർമ്മിക്കുന്നു. 75,000 രൂപ മുതൽ 50 ലക്ഷം രൂപയ്‌ക്കുമേൽ വരെയുള്ള കിച്ചനുകൾ സ്ളീക്ക് നിർമ്മിച്ചു നൽകുന്നുണ്ട്. കിച്ചനുകൾക്ക് പത്തുവർഷ വാറന്റിയും ലഭ്യമാണ്.
കേരളത്തിൽ ഇടത്തരം റേഞ്ചിലുള്ള കിച്ചനുകൾക്ക് മികച്ച സ്വീകാര്യതയുണ്ട്. പ്രതിമാസം 50-60 കിച്ചനുകളാണ് സ്ളീക്ക് കേരളത്തിൽ ചെയ്യുന്നത്. 16 ഷോറൂമുകളുമായി കേരളത്തിലെ എല്ലാ ജില്ലകളിലും സ്ളീക്കിന് സാന്നിദ്ധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2017ലാണ് കമ്പനിയുടെ 100 ശതമാനം ഓഹരികളും ഏഷ്യൻ പെയിന്റ്‌സ് ഏറ്റെടുത്തത്. ചലച്ചിത്രതാരം അനു സിത്താരയും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.