g-sudhakaran

തിരുവനതപുരം: യൂണിവേഴ്സിറ്റി കോളേജിൽ നടന്ന വധശ്രമക്കേസിൽ കുറ്റാരോപിതരായ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ മന്ത്രി ജി.സുധാകരൻ. പ്രതികൾ എങ്ങനെയാണ് എസ്.എഫ്.ഐ ഭാരവാഹികൾ ആയതെന്ന് അന്വേഷിക്കണമെന്നും ഈ ക്രിമിനലുകൾ ഒരു കാരണവശാലും സംസ്ഥാന പൊലീസ് സേനയുടെ ഭാഗമാകാൻ പാടില്ലെന്നും ജി. സുധാകരൻ പറഞ്ഞു.

കൈയിൽ കത്തിയും കഠാരയുമായി ഇവർ എങ്ങനെയാണ് സംഘടനാ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും ജി. സുധാകരൻ ചോദിച്ചു. സംഭവശേഷം പ്രതികൾ ഒളിവിൽ പോയത് അവർക്ക് യാതൊരു കുറ്റബോധവും ഇല്ലാത്തതിനാലാണെന്നും സുധാകരൻ പറഞ്ഞു.എസ്.എഫ്.ഐ പ്രവർത്തകൻ അഖിലിനെ കുത്തിയ കേസിൽ പ്രതികളായ എസ്.എസ്.ഐ നേതാക്കൾ നസീമും ശിവരഞ്ജിത്തും പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ പേരുള്ളവരാണ്.

അതേസമയം സംഭവത്തിൽ എട്ട് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നേരത്തെ കോളേജിലെ ഏഴ് പ്രവർത്തകരെയാണ് കേസിൽ പ്രതിയാക്കിയിരുന്നത്. ഇതിന് പുറമെ രഞ്ജിത്ത് എന്നയാളുടെ പേര് കൂടി നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനിടെ കേസുമായി ബന്ധപ്പെട്ട് പൊലീസ് നാല് പേരെ കൂടി കസ്റ്റഡിയിലെടുത്തു.