തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ കൂടി പിടിയിൽ. എസ്.എഫ്. ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ആരോമൽ,അദ്വൈത്, ആദിൽ എന്നിവരാണ് കസ്റ്റഡിയിലായിരിക്കുന്നത്. ലുക്കൗട്ട് നോട്ടിസിലുണ്ടായിരുന്നവരാണ് മൂവരും. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
കുറച്ച് സമയത്തിനുള്ളിൽ ഇവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കന്റോൺമെന്റ് സി.ഐ അനിൽകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ശിവരഞ്ജിത്ത്, നസീം, അദ്വൈത്, അമർ, ആദിൽ, ആരോമൽ, ഇബ്രാഹിം, രഞ്ജിത്ത് എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്.
സംഭവത്തിൽ പ്രതിചേർക്കപ്പെട്ട കണ്ടാലറിയാവുന്ന മുപ്പത് പേരിൽ ഒരാളായ നേമം സ്വദേശി ഇജാബിനെ ഇന്ന് രാവിലെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് എസ്.എഫ്.ഐ ലോക്കൽ യൂണിറ്റ് കമ്മിറ്റി അംഗമായ ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
കോളേജിലെ എസ്. എഫ്. ഐ. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തും സെക്രട്ടറി നസീമും ചേർന്നാണ് തന്നെ കുത്തിയതെന്ന് അഖിൽ തന്നോട് പറഞ്ഞതായി പിതാവ് ചന്ദ്രൻ വ്യക്തമാക്കി. നസീം ഉൾപ്പെടെയുള്ളവർ പിടിച്ചുവച്ചു കൊടുത്തപ്പോൾ ശിവരഞ്ജിത്താണ് കുത്തിയത്. അക്രമി സംഘത്തിൽ പുറത്തുനിന്നുള്ളവരും ഉണ്ടായിരുന്നു. സംഭവത്തിലെ പ്രതികളെ ഉടൻ പിടികൂടണം. കേസിൽ സി.പി.എം നേതൃത്വം എല്ലാ വിധ പിന്തുണയും വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും ചന്ദ്രൻ വ്യക്തമാക്കി.