thilothaman

കോട്ടയം: ലീഗൽ മെട്രോളജി വകുപ്പിലെ ജീവനക്കാരുടെ പ്രൊമോഷൻ അടക്കമുള്ള വിഷയങ്ങളിൽ സർക്കാർ അനുഭാവപൂർവം ഇടപെടുമെന്ന് മന്ത്രി പി. തിലോത്തമൻ. വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തെ ശക്തിപ്പെടുത്തുമെന്നും ഓഫീസ് പ്രവർത്തനം ഫലപ്രദമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ 19-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വഴിയോര വാണിഭക്കാർ മുതൽ നക്ഷത്ര ഹോട്ടൽ വരെയുള്ള സ്ഥാപനങ്ങളിലെ കൊള്ള തടയാൻ ലീഗൽ മെട്രോളജി വകുപ്പിന് അധികാരമുണ്ട്. ജനം ഏറെ ചൂഷണത്തിന് വിധേയരാവുന്ന പെട്രോൾ, ഡീസൽ വിതരണത്തിലും വില്പനയിലും കാര്യക്ഷമമായി ഇടപെടാൻ കഴിയണം. ഉപഭോക്താക്കളെ ചൂഷണത്തിൽ നിന്നു സംരക്ഷിക്കുക എന്ന ഉത്തരവാദിത്വമാണ് വകുപ്പിനുള്ളത്. സംഘടന പ്രസിഡന്റ് വി.എൻ. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ. വി. കെ. സന്തോഷ് കുമാർ, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ, ജില്ലാ സെക്രട്ടറി എ.ജെ. അച്ചൻകുഞ്ഞ് എന്നിവർ പങ്കെടുത്തു.