കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‌പനയിലൂടെ ഇനിയുള്ള അഞ്ചുവർഷക്കാലത്ത് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത് മൊത്തം 4,740 കോടി ഡോളർ (ഏകദേശം 3.25 ലക്ഷം കോടി രൂപ) വരുമാനം. ചില സ്ഥാപനങ്ങളിൽ ഓഹരി പങ്കാളിത്തം 40 ശതമാനത്തിലേക്ക് താഴ്‌ത്തി, സ്വകാര്യവത്‌കരണത്തിന് ഊന്നൽ നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്. 51 ശതമാനമോ അധിലധികമോ ഓഹരി പങ്കാളിത്തമുണ്ടെങ്കിലേ, ബന്ധപ്പെട്ട സ്ഥാപനത്തിന്റെ നിയന്ത്രണം നേടാനാകൂ. നിലവിൽ, സർക്കാരിന് നിയന്ത്രണമുള്ള ചില കമ്പനികളിലെ ഓഹരി പങ്കാളിത്തം 51 ശതമാനത്തിന് താഴെയായി കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബഡ്‌ജറ്ര് അവതരണ വേളയിൽ വ്യക്തമാക്കിയിരുന്നു.
ധനക്കമ്മി നടപ്പു സാമ്പത്തിക വർഷം (2019-20) മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്റെ (ജി.ഡി.പി) 3.3 ശതമാനമായി നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് വരുമാനം നേടാൻ ശ്രമിക്കുന്നത്. നേരത്തേ, ധനക്കമ്മി ലക്ഷ്യം 3.4 ശതമാനമായിരുന്നു. വിവിധ ക്ഷേമപദ്ധതികൾക്ക് പണം കണ്ടെത്തുകയും ഓഹരി വിറ്റൊഴിയലിലൂടെ ഉദ്ദേശിക്കുന്നു. എൻ.ഡി.എ സർക്കാരിന് മൂന്നാം ഊഴം കൂടി ലഭിച്ചാൽ, ചില സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തം 26 ശതമാനത്തിലേക്ക് വരെ താഴ്‌ത്തിയേക്കുമെന്ന് നിരീക്ഷക ലോകം വിലയിരുത്തുന്നു. ഇത്, കമ്പനികളെ സമ്പൂർണ സ്വകാര്യവത്‌കരണത്തിലേക്ക് നയിക്കും.
₹1.05 ലക്ഷം കോടി
നടപ്പു സാമ്പത്തിക വർഷം പൊതുമേഖലാ ഓഹരി വില്‌പനയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്ന വരുമാനം 1.05 ലക്ഷം കോടി രൂപ. 2018-19ൽ 85,000 കോടി രൂപ ഈയിനത്തിൽ സർക്കാർ സമാഹരിച്ചിരുന്നു.
$4,092 കോടി
ഓന്നാം നരേന്ദ്ര മോദി സർക്കാരിന്റെ അഞ്ചുവർഷക്കാലയളവിൽ പൊതുമേഖലാ ഓഹരി വില്‌പനയിലൂടെ സമാഹരിച്ചത് 4,092 കോടി ഡോളറാണ്. ഏകദേശം 2.80 ലക്ഷം കോടി രൂപ. 2009-14 കാലയളവിൽ യു.പി.എ സർക്കാർ സമാഹരിച്ചത് 1,452 കോടി ഡോളറായിരുന്നു (ഏകദേശം ഒരുലക്ഷം കോടി രൂപ).
വിറ്റൊഴിയൽ
പാതയിൽ ഇവർ
ഒ.എൻ.ജി.സി
ഇന്ത്യൻ ഓയിൽ
ഗെയിൽ ഇന്ത്യ
എൻ.എച്ച്.പി.സി
എൻ.ടി.പി.സി
കോൾ ഇന്ത്യ
ഭെൽ
എൻ.എം.ഡി.സി
എൽ.ഐ.സിയെ
കൈവിടില്ല
കേന്ദ്രസർക്കാരിന് ഒട്ടും സാമ്പത്തിക ബാദ്ധ്യതയല്ലാത്ത, എന്നാൽ ഉപകാരപ്രദവുമായ എൽ.ഐ.സി പോലുള്ള കമ്പനികളിലെ നിയന്ത്രണം കൈവിടില്ല. ഇവയിലെ ഓഹരി പങ്കാളിത്തം 51 ശതമാനത്തിൽ കുറയാതെ നിലനിറുത്തും.
എയർ ഇന്ത്യയെ
വില്‌ക്കും
കേന്ദ്രസർക്കാരിന് 100 ശതമാനം ഓഹരി പങ്കാളിത്തമുള്ള എയർ ഇന്ത്യ, സർക്കാരിന് വലിയ ബാദ്ധ്യതയാണ്. 58,000 കോടി രൂപയ്ക്കടുത്ത് കടബാദ്ധ്യതയുള്ള എയർ ഇന്ത്യ, സർക്കാരിൽ നിന്ന് ലഭിച്ച 30,000 കോടി രൂപയുടെ രക്ഷാപാക്കേജിന്റെ ബലത്തിലാണ് പിടിച്ചുനിൽക്കുന്നത്. ബാദ്ധ്യത കൂടുന്നത് ഒഴിവാക്കാനായി എയർ ഇന്ത്യയെ പൂർണമായി വിറ്റൊഴിയാനാണ് സർക്കാരിന്റെ നീക്കം.