muralidharan

കോഴിക്കോട്: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ചരിത്രമ്യൂസിയമാക്കണമെന്ന് കെ.മുരളീധരൻ എം.പി കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മഹാരഥൻമാരെ സംഭാവന ചെയ്ത കോളേജിൽ ഇന്ന് ക്രിമിനലുകളെ ഉത്പാദിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

യൂണിവേഴ്സിറ്റി കോളേജ് കാര്യവട്ടത്തേക്ക് മാറ്റി സ്ഥാപിക്കണം. ഇത് ചെയ്യാത്തിടത്തോളെ കാലം പ്രശ്നങ്ങൾ തുടരും. എസ്.എഫ്.ഐയിലെ സമാധാന പ്രേമികൾക്ക് പോലും തുടരാൻ കഴിയാത്ത അവസ്ഥയാണ് കോളേജിലുള്ളത്. അസഹിഷുണതയെന്ന വാക്കിന്റെ അർത്ഥം എസ്.എഫ്.ഐയാണന്ന യാഥാർത്ഥ്യം അംഗീകരിക്കണമെന്ന് മുരളീധരൻ പറഞ്ഞു.

80കളിൽ തന്നെ യൂണിവേഴ്സിറ്റി കോളേജിന്റെ പ്രവർത്തനങ്ങൾ താളം തെറ്റിയിരുന്നു. സി.പി.എം ഇതരസംഘടനകളുടെയും മറ്റും ജാഥകളും പ്രകടനങ്ങളും കടന്ന് പോകുമ്പോൾ കോളേജ് കാമ്പസിൽ നിന്ന് കല്ലേറ് ഉണ്ടാകുന്നത് പതിവായിരുന്നു. 93ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ കോളേജ് കാര്യവട്ടം കാമ്പസിലേക്ക് മാറ്റി. എന്നാൽ നായനാർ സർക്കാർ വന്നപ്പോൾ വീണ്ടും നഗരത്തിലേക്ക് മാറ്റി സ്ഥാപിച്ചു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ മോഡൽ ഇടിമുറികളാണ് ഇന്ന് കോളേജിലുള്ളത്. കുത്തിമലർത്താൻ ഇതരസംഘടനകൾ ഇല്ലാതായതോടെ കൂടാരത്തിലുള്ളവരെ തന്നെ കുത്തിമലർത്തുകയാണ് എസ്.എഫ്.ഐ. കെ. കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ ഹൈക്കോടതിയുടെ ബെഞ്ച് തിരുവനന്തപുരത്ത് ലഭിക്കുകയാണങ്കിൽ കോളേജ് കെട്ടിടം ഉപയോഗിക്കാൻ ആലോചനയുണ്ടായിരുന്നു. കോളേജ് കാര്യവട്ടത്തേക്ക് മാറ്റി വാടക കെട്ടിടത്തിലുള്ള സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ എങ്കിലും കോളേജ് ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.