വാഹന ലോകത്തിന്റെ ഭാവി കൈയാളുക 'ഇലക്‌ട്രിക് താരങ്ങൾ" ആയിരിക്കുമെന്നതിൽ ആർക്കും സംശയം കാണില്ല. വിട്ടുനിൽക്കാൻ കഴിയില്ലെന്ന ബോദ്ധ്യത്തോടെ, ഏതാണ്ടെല്ലാ വാഹന നിർമ്മാതാക്കളും പതിയെപ്പതിയെ ഇലക്ട്രിക് രംഗത്തേക്കും ചുവടുവയ്‌ക്കുകയാണ്. ആഡംബര മോട്ടോർവാഹന നിർമ്മാണ രംഗത്തെ അമേരിക്കൻ ബ്രാൻഡായ ഹാർലി-ഡേവിഡ്‌സണും ഇലക്‌ട്രിക് പാത സ്വീകരിച്ച് കഴിഞ്ഞു.
അമേരിക്കയിലെ ലാസ് വേഗാസിൽ നടന്ന ഇത്തവണത്തെ കൺസ്യൂമർ ഇലക്‌ട്രിക് ഷോയിൽ ഹാർലി, തങ്ങളുടെ ആദ്യ ഇലക്‌ട്രിക് ക്രൂസറായ 'ലൈവ് വയറിനെ" പരിചയപ്പെടുത്തി. വിപണനാടിസ്ഥാനത്തിൽ ലൈവ് വയറിന്റെ ഉത്‌പാദനം ഉടൻ ആരംഭിക്കുമെന്ന് ഹാർലി വ്യക്തമാക്കിയിട്ടുണ്ട്. വിപണിയിൽ എത്തുമ്പോൾ അമേരിക്കയിൽ 20 ലക്ഷം രൂപയ്‌ക്കടുത്തും ഇന്ത്യയിൽ ഫീച്ചറുകളിൽ ചില മാറ്റങ്ങളോടെ, 25 ലക്ഷം രൂപയ്ക്കടുത്തും വില പ്രതീക്ഷിക്കാം.
ഇലക്‌ട്രിക് ഹൃദയമാണെങ്കിലും ലൈവ് വയറിന്റെ രൂപകല്‌പനയിൽ ഹാർലി വിട്ടുവീഴ്‌ചയ്‌ക്കൊന്നും തയ്യാറായിട്ടില്ല. ആഡംബരവും അത്യുന്നത ഫീച്ചറുകളും ലൈവ് വയറിനെ മനോഹരവും സമ്പന്നവുമാക്കിയിട്ടുണ്ട്. ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമായ വിധമാണ് റൈഡിംഗ് പൊസിഷന്റെ സജ്ജീകരണം. ക്രമീകരിക്കാവുന്ന ഷോവ ഫ്രണ്ട് ഫോർക്ക്, ഷോവ റിയർ മോണോഷോക്ക് സസ്‌പെൻഷനുകൾ മടുപ്പില്ലാത്ത യാത്ര പ്രദാനം ചെയ്യും. ട്രാക്‌ഷൻ കൺട്രോൾ, ആന്റിലോക്ക് ബ്രേക്കിംഗ് സംവിധാനം (എ.ബി.എസ്), ട്വിൻ ഡിസ്‌ക് ഹൈഡ്രോളിക് ബ്രേക്കുകൾ എന്നിവ റൈഡിംഗ് സുരക്ഷിതവുമാക്കും.
10.9 സെന്റീമീറ്റർ, ഫുൾ-കളർ ടച്ച് സ്‌ക്രീനാണ് (ടി.എഫ്.ടി ഇൻസ്‌ട്രുമെന്റ് കൺസോൾ) മറ്രൊരു ആകർഷണം. കസ്‌റ്റമൈസ് ചെയ്യാവുന്നതാണിത്. ഇലക്ട്രിക് മോട്ടോറിന്റെ ചാർജ്, സ്‌പീഡ്, റേഞ്ച് നാവിഗേഷൻ, സംഗീതം എന്നിവ ഇതിലുണ്ട്. ബ്ളൂടൂത്ത് കണക്‌ടിവിറ്രിയുമുണ്ട്. ബൈക്കിന്റെ ബാറ്ററി ചാർജ്, സർവീസ് തീയതി ഉൾപ്പെടെയുള്ള വിശദാംശങ്ങൾ തുടങ്ങിയവ ഉടമയുടെ ഫോണിൽ ആപ്പിലൂടെ ലഭ്യമാക്കുന്ന 'എച്ച്.ഡി കണക്‌ട്" ഫീച്ചറും ലൈവ്‌വയറിന്റെ പ്രത്യേകതയാണ്.
13.6 കിലോവാട്ട് അവർ ഇലക്‌ട്രിക് മോട്ടോറാണ് ലൈവ്‌വയറിന്റെ ഹൃദയം. 103.5 ബി.എച്ച്.പി കരുത്തും 116.6 എൻ.എം ടോർക്കും ഉത്‌പാദിപ്പിക്കുന്ന എൻജിനാണിത്. ഹാർലിയുടെ നിരയിലെ ഏറ്റവും കരുത്തേറിയ എൻജിനാണിത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്രർ വേഗം വെറും മൂന്നു സെക്കൻഡിൽ ലൈവ്‌വയർ കൈവരിക്കും. ഹോം സോക്കറ്റിലൂടെ, എട്ട് മണിക്കൂർ കൊണ്ടും ലെവൽ 3 ഡി.സി ഫാസ്‌റ്ര് ചാർജിംഗിലൂടെ ഒരു മണിക്കൂറിനകവും ബാറ്ററി ഫുൾ ചാർജ് ചെയ്യാം. ഒറ്റ ചാർജിംഗിൽ ശരാശരി 177 കിലോമീറ്റർ വരെ ദൂരം ലൈവ്‌വയർ താണ്ടും.